From the print
സംസ്ഥാന വഖഫ് ബോര്‍ഡ് ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2024-25 അധ്യയന വര്‍ഷത്തേക്കുളള അലോട്ട്മെന്റ്പ്രകാരം ഒന്നാം വര്‍ഷം കോഴ്സിന് ചേര്‍ന്നവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനാകുക.
കൊച്ചി | മെഡിസിന്‍, എന്‍ജിനീയറിംഗ് തുടങ്ങിയ പ്രൊഫഷനല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ ബോര്‍ഡ് നിശ്ചയിച്ച മറ്റു കോഴ്സുകള്‍ പഠിക്കുന്ന അര്‍ഹരായ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് നല്‍കുന്ന പലിശ രഹിത ലോണ്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു.
2024-25 അധ്യയന വര്‍ഷത്തേക്കുളള അലോട്ട്മെന്റ്പ്രകാരം ഒന്നാം വര്‍ഷം കോഴ്സിന് ചേര്‍ന്നവര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കാനാകുക. എം ബി ബി എസ്, ബി ടെക്, ബി ആര്‍ക്, ബി ടെക് ലാറ്ററല്‍, ബി ഡി എസ്, ബി വി എസ് സി, ബി എച്ച് എം എസ്, ബി എ എം എസ്, ബി ഫാം, ഫാം ഡി, ബി എസ് സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ്, ബി എസ് സി അഗ്രികള്‍ചര്‍, ബി യു എം എസ് (യുനാനി മെഡിസിന്‍), എല്‍ എല്‍ ബി, ബി പി ടി, ബി എസ് സി റേഡിയോളജി, ബി എസ് സി റെസ്പിറേറ്ററി തെറാപ്പി, ബി എസ് സി ഓപ്‌റ്റൊമെട്ടൊറി, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി, ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി എസ് സി ഡയാലിസിസ് ടെക്‌നീഷ്യന്‍, ബി എസ് ഡബ്ല്യൂ, ബി എഫ് എസ് സി എന്നീ ഗ്രാജുവേഷന്‍ കോഴ്‌സുകളിലും എം എസ് സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ്, എം എസ് ഡബ്ല്യൂ, ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ഹോമിയോ, വെറ്ററിനറി, എം എഫ് എസ് എന്നീ പോസ്റ്റ് ഗ്രാജുവേഷന്‍ കോഴ്സുകളിലും നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച കോഴ്സുകളിലുമാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക.
അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,50,000 രൂപയില്‍ താഴെയായിരിക്കണം. www.keralastatewakfboard.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷൈാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 200 പേര്‍ക്കാണ് ലോണ്‍ അനുവദിക്കുന്നത്.