Connect with us

Kerala

വഖ്ഫ് ഭേദഗതി ബില്‍ ഏകപക്ഷീയമെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ്

'സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഭരണഘടന തത്ത്വങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും എതിര്'

Published

|

Last Updated

കൊച്ചി | കേന്ദ്ര വഖ്ഫ് ഭേദഗതി ബില്‍ ഏകപക്ഷീയമെന്ന് സംസ്ഥാന വഖ്ഫ് ബോര്‍ഡ്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും ഒരു പോലെ നിയമ നിര്‍മ്മാണാധികാരമുള്ള ഒരു വിഷയത്തില്‍ കൂടിയാലോചന നടത്താതെയാണ് നടപടിയെന്ന് ബോര്‍ഡ് വിമര്‍ശിച്ചു.

സംസ്ഥാന വഖ്ഫ് ബോര്‍ഡുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നത് ഭരണഘടന തത്ത്വങ്ങള്‍ക്കും വ്യവസ്ഥിതികള്‍ക്കും എതിരാണ്. ഭേദഗതി ബില്‍ നടപ്പാക്കുന്നതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിനെ തടയണമെന്നും വിവരം ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടും ബോര്‍ഡ് ഐക്യകണ്ഠന പ്രമേയം പാസ്സാക്കി.

1995ലെ വഖ്ഫ് നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനായി ഒരു സമഗ്ര ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ ഉടന്‍ അവതരിപ്പിക്കുന്നതായും ഇത് സംബന്ധിച്ച തീരുമാനം കേന്ദ്ര ക്യാബിനറ്റ് കൈക്കൊണ്ടിട്ടുള്ളതായും ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്ത വിവരം സംസ്ഥാന വഖ്ഫ് ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.

2013ല്‍ ഭേദഗതി കൊണ്ടുവന്ന വേളയില്‍ റഹ്‌മാന്‍ ഖാന്‍ ചെയര്‍മാനായ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍, വഖ്ഫ് ബോര്‍ഡുകളുമായി കൂടിയാലോചന നടത്തിയാണ് നിയമ നിര്‍മ്മാണ നടപടികള്‍ കൈക്കൊണ്ടതെന്നും യോഗം നിരീക്ഷിച്ചു.

Latest