Connect with us

Kerala

സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ സംസ്ഥാനത്ത് സാമ്പത്തിക ദുരന്തമുണ്ടാകും: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തില്‍ പ്രതികാരബുദ്ധിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കോട്ടയം |  സംസ്ഥാനത്തിന്റെ അതിജീവനം അസാധ്യമാക്കുന്ന തരത്തില്‍ പ്രതികാരബുദ്ധിയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ കേരളത്തില്‍ സാമ്പത്തിക ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം കുറവിലങ്ങാട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ജിഎസ്ടി സംവിധാനം അനുസരിച്ച് ജിഎസ്ടി വകുപ്പിനെ അടിമുടി പുനഃസംഘടിപ്പിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇതിന്റെ ഫലമായി 2020 – 21 മുതലുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായി. എന്നാല്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രം വരുത്തിയ വീഴ്ച, റവന്യൂ കമ്മി ഗ്രാന്റില്‍ കേന്ദ്രം വരുത്തിയ കുറവ് തുടങ്ങിയ ഘടകങ്ങള്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുക തന്നെ ചെയ്തു. നികുതി, നികുതിയേതര വരുമാനം വര്‍ധിപ്പിച്ചും ചെലവില്‍ മുന്‍ഗണനാക്രമം നിശ്ചയിച്ചുമൊക്കെ ഇതിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ്.

വികസന,ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി എടുക്കുന്ന വായ്പയെ നിയന്ത്രിക്കാനെന്ന പേരില്‍ കേന്ദ്രം കൈക്കൊള്ളുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികള്‍ സംസ്ഥാനത്തെ ഗുരുതരമായ സ്ഥിതിയിലേക്കെത്തിച്ചിരിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

സംസ്ഥാനത്തിന്റെ ധനകാര്യ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രം നടത്തുന്ന ഭരണഘടനാവിരുദ്ധമായ ഇടപെടല്‍ തടയുക, സംസ്ഥാന നിയമപ്രകാരം നിശ്ചയിക്കപ്പെട്ട അര്‍ഹമായ കടമെടുപ്പ് പരിധി ഭരണഘടനാവിരുദ്ധമായി വെട്ടിച്ചുരുക്കുന്നത് റദ്ദാക്കുക, സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിലെ ബാധ്യതകളെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദു ചെയ്യുക, സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ വഴിയുള്ള കടമെടുപ്പുകളെ സംസ്ഥാന കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തിയ ഉത്തരവ് റദ്ദു ചെയ്യുക, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പിനെ നിയന്ത്രിക്കുന്ന നിയമവിരുദ്ധ നടപടികള്‍ റദ്ദു ചെയ്യുക, ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരില്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ച് സംസ്ഥാനത്തിന് ഭരണഘടനാപരമായുള്ള അധികാരാവകാശങ്ങളില്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നടപടികള്‍ വിലക്കുക, നിയമപ്രകാരമുള്ള കടമെടുപ്പ് പരിധി പ്രയോജനപ്പെടുത്തി വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കുക.. ഇങ്ങനെ സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനാണ് പരമോന്നത കോടതിയെ സമീപിച്ചത്.
സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള ഭരണഘടനാപരമായ അധികാരം കേന്ദ്ര സര്‍ക്കാരിന് ഇല്ല. ഭരണഘടനയുടെ അനുഛേദം 293(3), 293(4) എന്നിവയുടെ പേരില്‍ ഇല്ലാത്ത അധികാരങ്ങള്‍ പ്രയോഗിച്ചാണ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിനാശകരമാവും. പ്രത്യാഘാതങ്ങള്‍ സമീപഭാവിയിലൊന്നും പരിഹരിക്കാന്‍ കഴിയുന്നതുമല്ല.

കിഫ്ബിയും കെഎസ്എസ്പിഎല്ലും അടക്കം സംസ്ഥാന ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടയുന്നതില്‍ വിവേചനപരമായ നീക്കമാണ് കേന്ദ്രം നടത്തിയിട്ടുള്ളത്. ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണിത്.

കേന്ദ്രം വായ്പാ പരിധി കുറച്ചതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി കൊടുത്തുതീര്‍ക്കാനുള്ള കുടിശ്ശിക തുക കൂടി കൂടി വരികയുമാണ്. കിഫ്ബി വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 82,000 കോടി രൂപയുടെ ആയിരത്തിലേറെ പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലാണ്. ഈ വികസന പദ്ധതികളെയെല്ലാം പെരുവഴിയിലാക്കാനാണ് കേന്ദ്ര ഇടപെടലുകള്‍ ഇടയാക്കുക.

കേന്ദ്ര നടപടികള്‍ മൂലമുണ്ടായ ഈ ഗുരുതര പ്രതിസന്ധിക്ക് അയവ് വരുത്താനായി 26,226 കോടി രൂപ അടിയന്തരമായി സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

 

വസ്തുതകള്‍ ഇതായിരിക്കെയാണ് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് ശിപാര്‍ശ ചെയ്യണമെന്ന ആവശ്യത്തിന്മേല്‍ ഗവര്‍ണര്‍ സംസ്ഥാനത്തോട് വിശദീകരണം തേടിയിരിക്കുന്നത്. അതുകൊണ്ടൊന്നും മറച്ചുവെക്കാവുന്നതല്ല കേരളത്തിനു കേന്ദ്രം വരുത്തിവെച്ച സാമ്പത്തിക ദുരവസ്ഥ.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണത്തില്‍ കടന്നുകയറി, കടമെടുപ്പ് പരിധികളെല്ലാം വെട്ടിക്കുറച്ച് വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാനുള്ള ശ്രമങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്ന കേന്ദ്രത്തോടാണ് യഥാര്‍ഥത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടേണ്ടത്.നിയമപോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ പ്രതിപക്ഷം തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു

Latest