Connect with us

National

കർഷകർക്ക് എതിരായ പ്രസ്താവന; നിയുക്ത ബിജെപി എംപി കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ ചെകിട്ടത്തടിച്ചു

സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ ആണ് കങ്കണയുടെ ചെകിടത്തടിച്ചത്. കുൽവീന്ദറിനെ പിന്നീട് കസ്റ്റഡിയിൽ എടുത്തു.

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിലേക്കുള്ള യാത്രമധ്യേ വിമാനത്താവളത്തിൽ വെച്ച് നടിയും നിയുക്ത ബിജെപി എം പിയുമായ കങ്കണാ റണാവത്തിനെ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിൾ മർദിച്ചതായി ആരോപണം. ചണ്ഡീഗഡ് വിമാനത്താവളത്തിലാണ് സംഭവം. കങ്കണ കർഷകർക്ക് എതിരെ സംസാരിച്ചതിൽ പ്രകോപിതയായാണ് മർദനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ ആണ് കങ്കണയുടെ ചെകിടത്തടിച്ചത്. കുൽവീന്ദറിനെ പിന്നീട് കസ്റ്റഡിയിൽ എടുത്തു.

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയായ കങ്കണാ റണാവത്ത് ഡൽഹിയിലേക്ക് പോകാനാണ് വിമാനത്താവളത്തിൽ എത്തിയത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോർഡിംഗ് പോയിൻ്റിലേക്ക് പോകുന്നതിനിടെ കുൽവീന്ദർ കൗർ കങ്കണയുമായി തർക്കിക്കുകയും തല്ലുകയുമായിരുന്നു. കർഷക പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ സ്ത്രീകളെ കുറിച്ച് കങ്കണ നടത്തിയ പ്രസ്താവനയാണ് തല്ലിന് പിന്നിലെ പ്രകോപനമെന്ന് കരുതുന്നതായി വൃത്തങ്ങൾ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തെ തുടർന്ന് കോൺസ്റ്റബിളായ കുൽവീന്ദർ കൗറിനെ സസ്‌പെൻഡ് ചെയ്തതായി സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി അവരെ സിഐഎസ്എഫ് കമാൻഡൻ്റ് ഓഫീസിലേക്ക് കൊണ്ടുപോയി.

കർഷകരുടെ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതായി കോൺസ്റ്റബിൾ തന്നോട് പറഞ്ഞതായി റണാവത്ത് പിന്നീട് എക്സ് പോസ്റ്റിൽ കുറിച്ചു. പഞ്ചാബിൽ വർധിച്ചുവരുന്ന തീവ്രവാദത്തെ എങ്ങനെ നിയന്ത്രിക്കുമെന്നും നിയുക്ത എംപി ചോദിച്ചു.

ഡൽഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവം വിശദീകരിച്ചു. കങ്കണയുടെ അവകാശവാദം അന്വേഷിക്കാൻ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് 74,755 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കങ്കണ വിജയിച്ചത്. ഹിമാചൽ പ്രദേശിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ വനിതയും പഴയ രാജകുടുംബത്തിൽ നിന്നല്ലാത്ത ആദ്യത്തെ വനിതയുമാണ് അവർ.