Connect with us

From the print

ഗുസ്തി താരങ്ങൾക്കെതിരായ പ്രസ്താവന: ബ്രിജ് ഭൂഷൺ മിണ്ടരുത്; ബി ജെ പിയുടെ താക്കീത്

ഫോഗട്ടിനും പുനിയക്കുമെതിരെയുള്ള പ്രസ്താവന തിരിച്ചടിയാകുമെന്ന് ഭയം

Published

|

Last Updated

ചണ്ഡീഗഢ് | ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് ഒരക്ഷരം മിണ്ടരുതെന്ന് ഗുസ്തി ഫെഡറേഷൻ മുൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ബി ജെ പിയുടെ മുന്നറിയിപ്പ്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് ഉൾപ്പെടെ രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ ബി ജെ പി മുൻ എം പി കൂടിയായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങൾ കോൺഗ്രസ്സ് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചിരുന്നു.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസ്സിൽ ചേർന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. വിനേേഷ് ഫോഗട്ട് പാരീസ് ഒളിന്പിക്സിൽ പങ്കെടുക്കാൻ തട്ടിപ്പ് നടത്തിയെന്നും അതിന് ലഭിച്ച ശിക്ഷയാണ് മെഡൽ നഷ്ടമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞിരുന്നു.

എന്നാൽ, ഈ പ്രസ്താവന അദ്ദേഹത്തിന്റെ രാജ്യത്തോടുള്ള മനോഭാവമാണ് വ്യക്തമാക്കുന്നതെന്ന് പുനിയ തിരിച്ചടിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, ഈ വിഷയത്തിൽ ഇനി പ്രതികരിക്കരുതെന്ന് ബി ജെ പി നേതൃത്വം ബ്രിജ് ഭൂഷണിന് നിർദേശം നൽകിയത്. സംസ്ഥാനത്ത് വലിയ ജനപിന്തുണയുള്ള ഗുസ്തി താരങ്ങളുടെ കാര്യത്തിൽ ചർച്ച തുടർന്നു പോകുന്നത് ഒഴിവാക്കാൻ ബി ജെ പി ആഗ്രഹിക്കുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
പുനിയയെയും ഫോഗട്ടിനെയും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയും കോൺഗ്രസ്സും പണയ വസ്തുപോലെ ഉപയോഗിച്ചെന്നും ഗുസ്തി ഫെഡറേഷൻ പിടിച്ചെടുക്കാനും ബി ജെ പിയെ ആക്രമിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണ് അതെന്നുമായിരുന്നു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ബ്രിജ് ഭൂഷൺ പറഞ്ഞത്. ഹൂഡയുമായുള്ള കടുത്ത മത്സരത്തിനൊടുവിൽ 2012ലാണ് ബ്രിജ് ഭൂഷൺ ആദ്യമായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തെത്തുന്നത്.
പുനിയക്ക് വധഭീഷണി
അതിനിടെ, ബജ്‌റംഗ് പുനിയക്ക് വധഭീഷണി സന്ദേശം ലഭിച്ചു. അന്താരാഷ്ട്ര നമ്പറിൽ നിന്ന് തന്റെ വാട്‌സ് ആപ്പില്‍ ഭീഷണിസന്ദേശം വന്നതായി പുണിയ പോലീസില്‍ നൽകിയ പരാതിയിൽ വ്യക്തമാക്കി. കോണ്‍ഗ്രസ്സ് വിട്ടില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിരിക്കാനാണ് ഭീഷണി.

Latest