Kerala
ആര്‍ എസ് എസ് അനുകൂല പ്രസ്താവന; സുധാകരന്‍ ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
വിഷയത്തില്‍ യു ഡി എഫ് ഘടക കക്ഷികളുമായി സംസാരിക്കും. നാക്കുപിഴ ആര്‍ക്കും സംഭവിക്കാം.

തിരുവനന്തപുരം | ആര്‍ എസ് എസ് അനുകൂല പ്രസ്താവനയില്‍ കെ സുധാകരന്‍ ഖേദം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വിഷയത്തില്‍ യു ഡി എഫ് ഘടക കക്ഷികളുമായി സംസാരിക്കും. നാക്കുപിഴ ആര്‍ക്കും സംഭവിക്കാം. കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
സുധാകരന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗും കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും പരസ്യമായി രംഗത്തു വന്നിരുന്നു. ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്ന് സുധാകരന്‍ ഒരു പൊതു പരിപാടിയില്‍ പ്രസ്താവിച്ചതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ആര്‍ എസ് എസിനും സി പി എമ്മിനും അവസരം നല്‍കിയ ജനാധിപത്യവാദിയാണെന്ന് കണ്ണൂരില്‍ നടന്ന നവോഥാന സദസ്സില്‍ സുധാകരന്‍ പറഞ്ഞതും വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
‘വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ പോലും നെഹ്റു തയ്യാറായി. ശ്യാമപ്രസാദ് മുഖര്‍ജിയെയും ബി ആര്‍ അംബേദ്കറെയും ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ശ്യാമപ്രസാദ് മുഖര്‍ജി ആര്‍ എസ് എസുകാരനായിരുന്നു. അംബേദ്കര്‍ കോണ്‍ഗ്രസുകാരനായിരുന്നില്ല. അംഗബലം ഇല്ലാതിരുന്നിട്ടും എ കെ ജിക്ക് പ്രതിപക്ഷ നേതാവ് പദവി നല്‍കാനും നെഹ്റും തയ്യാറായി.’ ഇങ്ങനെ പോയി സുധാകരന്റെ പ്രസംഗം.