അതിഥി വായന
ജീവിതാേന്വഷണത്തിന്റെ വരമൊഴികൾ
തൊണ്ണൂറുകൾക്ക് ശേഷമുണ്ടായ നവ സാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും ത്വരിതഗതിയിലുള്ള വളർച്ച നമ്മുടെ സാഹിത്യത്തെ ചെറുതല്ലാത്ത രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് കാണാം. പ്രത്യേകിച്ച് മലയാള കവിതയിൽ. ഇത് രണ്ട് അർഥത്തിൽ എടുക്കാവുന്നതാണ്. കവിതയിലുണ്ടായ എണ്ണപ്പെരുപ്പം വായനയെ പ്രത്യുത്പാദനപരമാക്കിയിട്ടുണ്ടെങ്കിലും ‘വാളെടുത്തവരെല്ലാം വെളിച്ചപ്പാട്’ എന്ന ശൈലിയെ ഓർമിപ്പിക്കുന്ന തരത്തിൽ പദ്യസാഹിത്യത്തെ പ്രതികൂലമായും സ്വാധീനിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് സെന്റ് അഗസ്റ്റിൻ കവിതക്ക് കൊടുത്ത ഒരു നിർവചനം ഈ അവസരത്തിൽ ഓർത്തുപോകുകയാണ്. അദ്ദേഹം പറഞ്ഞത്: ‘കവിതയെക്കുറിച്ച് ചോദിച്ചില്ലെങ്കിൽ അറിയാം, ചോദിച്ചാൽ അറിഞ്ഞുകൂടാ’ എന്നാണ്. ആനന്ദത്തെ സത്യവുമായി യോജിപ്പിക്കുന്ന കലയാണ് കവിത എന്നൊരു നിരീക്ഷണവും സാഹിത്യ ലോകം നടത്തിയിട്ടുണ്ട്. മലയാള കവിതയിൽ ഇങ്ങേത്തലക്കൽ നിലയുറപ്പിച്ചിട്ടുള്ള കവിയാണ് കെ എം റഷീദ്. ‘നിഴലിനെ ഓടിക്കുന്ന വിദ്യ’ അദ്ദേഹത്തിന്റെ ആദ്യ കവിതാ സമ്പുടമാണ്.
മലയാള കവിത മുന്നോട്ടുവെക്കുന്ന ഭാവുകത്വ പരീക്ഷണങ്ങളും സൗന്ദര്യ സങ്കൽപ്പങ്ങളും കവിക്ക് അന്യമല്ലെന്ന് സമാഹാരത്തിലെ മിക്ക കവിതകളും സാക്ഷ്യം നിൽക്കുന്നുണ്ട്. അതോടൊപ്പം വൈയക്തികമായ അനുഭവങ്ങളുടെ ചൂരും ചൂടും ഈ കവിതകൾ പ്രകാശിപ്പിക്കുന്നുണ്ട്. വ്യാഖ്യാതാവിന്റെ മനസ്സിൽ എപ്രകാരം രൂപപ്പെടുന്നുവോ ആ നിലക്കുള്ള ഒരു ജീവിതാഖ്യാനമാണ് പുസ്തകം നൽകുന്ന ശുഭസൂചന. കാവ്യാത്മകം എന്ന് നാം ഒരു കാവ്യഗ്രന്ഥത്തെക്കുറിച്ച് വ്യാഖ്യാനിക്കുന്ന അടിസ്ഥാനപരമായ അംശങ്ങളെല്ലാം ഇവിടെ അർഥ വ്യാപ്തിയോടെ മുന്തിച്ചുനിൽക്കുന്നു. വൈകാരികമായും ഭാവനാപരമായും സന്ധിചേർന്നുപോകുന്ന ഒരു മാന്ത്രികത ഈ സമ്പുടത്തിലെ കവിതകളെ മലയാള കവിതയുടെ ചരിത്രത്തിന്റെ ഭാഗമാക്കുന്നുണ്ട്. അത് മറ്റൊരു ഭാഷ്യത്തിൽ, അവതാരികയിൽ പി രാമൻ സൂചിപ്പിക്കുന്നുണ്ട്. അവനവനിൽ വന്നുചേരുന്ന കരിനിഴലുകളെ ഓടിക്കുന്ന വിദ്യയാണ് ഈ കവിക്ക് കവിതയെന്നാണ് ആ നിരീക്ഷണം. തന്നെക്കുറിച്ച് മാത്രമല്ല, അന്യത്തെക്കുറിച്ചും റഷീദിന് എഴുതാൻ കഴിയുന്നത് അതുകൊണ്ടാണ്.
‘പുഴയിൽ നമ്മൾ കാണാത്ത ചില രേഖകൾ
അതുനോക്കി അലകളുടെ പാട്ടുപഠിത്തം
കടലിൽ നമ്മൾ കാണാത്ത ചില
അടിയൊഴുക്കുകൾ
അതിൽ മീനുകൾ നൃത്തം വെക്കുന്നു’
(അടച്ചു സൂക്ഷിച്ച മണം)
കാവ്യ കലക്ക് അതിസൂക്ഷ്മമായ ചില ആവിഷ്കാര മാനങ്ങളുണ്ട്. അത് കവിതക്ക് മാത്രം പോരുന്ന ഒന്നാണ്. ഈ അതിസൂക്ഷ്മത കവിതയിൽനിന്ന് ചോർന്ന് പോകുേമ്പാഴാണ് മിക്ക കവിതകളും ജഡമായിത്തീരുന്നത്. ഒരു കവി അയാൾ ജീവിച്ച പരിസരത്തെ കവിതയിൽ കൊണ്ടുവരിക സ്വാഭാവികമാണ്. അതോടൊപ്പം സമകാലീന ജീവിത കാഴ്ചപ്പാടുകളെയും നിരീക്ഷണങ്ങളേയും ഏറ്റുപിടിക്കേണ്ടതുണ്ട്. സമാഹാരത്തിലെ അറുപതിലേറെ കവിതകൾ ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ ഈയൊരു സമീപനത്തെ പിൻപറ്റുന്നവയാണെന്ന് കാണാം. മുസ്്ലിംജീവിതവും ആഖ്യാനവും ഭാഷാപരമായ സ്വാധീനവും ഇങ്ങനെയൊക്കെ റഷീദിെൻറ കവിതകളിൽ വന്നുപോകുന്നു.
‘മഞ്ഞുതുള്ളിയുടെ സുജൂദ്’ ഒരു ഉദാഹരണം മാത്രം.
ഏതൊരു മനുഷ്യനെ സംബന്ധിച്ചും പെറ്റുമ്മ സ്വാധീനിച്ചതിലേറെ ജീവിതത്തിൽ സ്വാധീനിച്ചതായി മറ്റെന്തുണ്ട്? ഉമ്മയെക്കുറിച്ചുള്ള ഈ സമാഹാരത്തിലെ പല കവിതകളും നഷ്ടബോധത്തിന്റെയും തിരിഞ്ഞുനോക്കലിന്റെയും ആധിയായി പെയ്തിറങ്ങുന്നുണ്ട്.
‘ഉമ്മ വെച്ച മുറിവുകളി’ൽ കവി എഴുതുന്നത് കാണുക:
‘‘പെരുന്നാളിന് വീട്ടിൽ
വന്നപ്പോൾ പതിയെ തലോടുന്നുമ്മ
ആ വീശലിൽ അന്നോളമുള്ള സങ്കടങ്ങൾ മാഞ്ഞു’’
എന്നും ‘ഇടനേരങ്ങളിൽ ഉമ്മ’ എന്ന കവിതയിൽ
‘ഇടനേരങ്ങളിൽ ചാരിയിരിക്കാറുണ്ടുമ്മ
വിഷമങ്ങൾ തേച്ചരച്ച അമ്മിത്തറമേൽ’
എന്നും സ്വയം നഷ്ടപ്പെട്ടവനായിത്തീരുന്നു. കെ എം. റഷീദിെൻറ മിക്ക കവിതകളിലും ‘ഞാൻ’ എന്നത് മികവുറ്റ ഒരു സ്വത്വ രൂപമായിത്തീരുന്നത് സ്വാഭാവികം. കവിതയിൽ ഭാവനയും വികാരവും അധീശത്വം നേടുന്ന, ജീവിതത്തിന്റെ കാവ്യാത്മക പരിഗണന പൊതുഗണമായിത്തീരുന്ന അസുലഭമായ ചില മുഹൂർത്തങ്ങളാണിവ.
മണ്ണിനടിയിൽതന്നെ ഉറങ്ങാനുള്ള വിത്തുകളുടെ സ്വപ്നം പോലെ ( ഞെട്ടറ്റ് വീണത്) റഷീദിന് ജീവിതത്തെ നിർവചിച്ച് കാണിക്കാനുള്ള ഉപകരണമാണ് കവിത. അങ്ങനെ ജീവിതത്തെ നിർവചിക്കുേമ്പാൾ ആത്മീയ അന്വേഷണത്തിന്റെയും രാഷ്ട്രീയ സദാചാരത്തിന്റെയും വഴിയടയാളങ്ങളെ സ്പർശിച്ചുകൊണ്ടേ കടന്നുപോകാനാകൂ. എന്നാൽ, ജീവിത നിരർഥകതയെ കവി ഒരിക്കലും പിൻപറ്റുന്നുമില്ല.
അറുപത്തിമൂന്ന് കവിതളാണ് ‘നിഴലിനെ ഓടിക്കുന്ന വിദ്യ’ എന്ന സമാഹാരത്തെ സമ്പന്നമാക്കുന്നത്. താൻ കവിതയിലേക്ക് എത്തിപ്പെട്ടതിെൻറ ചില ആത്മാംശപരമായ ഏറ്റുപറച്ചിൽ “വായിച്ചു തീരാത്ത പുസ്തകം പോലെ’ വായനക്കാർക്ക് നൽകുന്നു. പി രാമൻ, മോഹനകൃഷ്ണൻ കാലടി, പി പി ശ്രീധരനുണ്ണി എന്നിവരുടെ കവിതാ വായനകളും പുസ്തകത്തെ വായിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. ഭാവനയിലൂടെയും വികാരങ്ങളിലൂടെയുമുള്ള ഈ ജീവിതവ്യഖ്യാനം കവിയുടെ കവിതാസങ്കൽപ്പത്തിന്റെ കൂടി ജീവശാസ്ത്രമാണ്. മലയാള കവിതയിൽ നട്ടെല്ലുയർത്തിനിൽക്കാൻ കെൽപ്പുള്ള കവിതകൾ കൊണ്ട് അനുഗൃഹീതമാണ് ഇൗ പുസ്തകം.പ്രസാധനം നാഷനൽ ബുക്സ്റ്റാൾ, കോട്ടയം. പേജ് 163. വില 170.