Connect with us

Editorial

പദവിക്ക് നിരക്കാത്ത പ്രസ്താവനകൾ

ഫെഡറൽ തത്ത്വങ്ങൾ അംഗീകരിക്കുന്ന കേന്ദ്ര- സംസ്ഥാന ബന്ധമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ കണ്ണോടെ മാത്രം കാര്യങ്ങൾ കാണുകയല്ല വേണ്ടത്. കേന്ദ്ര ഫണ്ട് നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നതിൽ ആർക്കും തർക്കമുണ്ടാകുകയുമില്ല.

Published

|

Last Updated

രണ്ട് കേന്ദ്ര മന്ത്രിമാരുടെ പരാമര്‍ശങ്ങള്‍ ഈയടുത്ത ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നിരുത്തരവാദപരവും അപകടകരവുമായ നിലപാടുകള്‍കൊണ്ട് സമാനമാണെങ്കിലും രണ്ട് വ്യത്യസ്ത വിശകലനം ആവശ്യപ്പെടുന്നവയായിരുന്നു ആ പരാമര്‍ശങ്ങള്‍. കേന്ദ്ര മന്ത്രിയും കേരളത്തില്‍ നിന്നുള്ള ഏക ബി ജെ പി ലോക്സഭാംഗവുമായ സുരേഷ് ഗോപിയില്‍ നിന്നായിരുന്നു പരിഷ്‌കൃത സമൂഹത്തിന്റെ ബോധ്യങ്ങളെ വെല്ലുവിളിക്കുന്ന ഒരു പ്രസ്താവനയുണ്ടായത്. അതിങ്ങനെ വായിക്കാം: ‘ട്രൈബല്‍ വകുപ്പിന്റെ മന്ത്രിയാകണം എന്നത് എന്റെ ആഗ്രഹമായിരുന്നു. അക്കാര്യം മോദിയോട് പറഞ്ഞിരുന്നു. ഗോത്രവിഭാഗക്കാരുടെ കാര്യം ഉന്നതകുലജാതനായ ഒരാള്‍ നോക്കട്ടെ. അപ്പോള്‍ വലിയ മാറ്റങ്ങളുണ്ടാകും. പക്ഷേ, നമ്മുടെ നാട്ടില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. ഗോത്രവര്‍ഗത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രമേ ആ വകുപ്പ് കിട്ടുകയുള്ളൂ’- ഡല്‍ഹിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിലാണ് പ്രമുഖ നടന്‍ കൂടിയായ സുരേഷ് ഗോപിയുടെ ഈ വാക്കുകള്‍.

രാജ്യസഭാംഗവും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ സഹമന്ത്രിയുമായ ജോര്‍ജ് കുര്യന്റെ വകയായിരുന്നു രണ്ടാമത്തെ വിഡ്ഢിത്തം. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കേരളത്തിന് നേരിട്ട ക്രൂരമായ അവഗണനയെ കുറിച്ച് ചോദിച്ചപ്പോള്‍ ജോര്‍ജ് കുര്യന്‍ നല്‍കിയ മറുപടിയാണ് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയത്. ‘കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. അപ്പോള്‍ സഹായം കിട്ടും. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം കൊടുക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച്, വിദ്യാഭ്യാസ, സാമൂഹിക, അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നാക്കമാണ് കേരളമെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കും’ ഇതായിരുന്നു ജോര്‍ജ് കുര്യന്റെ ‘സുചിന്തിത’മായ മറുപടി. ഈ രണ്ട് മന്ത്രിമാരും തങ്ങളുടെ പ്രസ്താവന പിന്‍വലിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എന്നുവെച്ച് ആ പരാമര്‍ശങ്ങള്‍ മാഞ്ഞുപോകുന്നില്ല. അവയുണ്ടാക്കിയ സാംസ്‌കാരിക, രാഷ്ട്രീയ ആഘാതം ലഘുവാകുന്നുമില്ല.

തീര്‍ത്തും മനുഷ്യത്വവിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. ഗോത്ര വര്‍ഗക്കാരുടെയും പട്ടിക ജാതി, വര്‍ഗങ്ങളുടെയും ക്ഷേമ കാര്യങ്ങള്‍ നോക്കുന്ന വകുപ്പ് കൈകാര്യം ചെയ്യാന്‍ ഉന്നത കുലജാതനായ മന്ത്രി വേണമെന്ന് പറയുമ്പോള്‍ മനുഷ്യരെ ഉന്നതരെന്നും അധമരെന്നും തരംതിരിക്കുകയാണ് അദ്ദേഹം. തനിക്ക് ആ വകുപ്പ് കൈകാര്യം ചെയ്യണമെന്ന് സുരേഷ് ഗോപി പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ ഉന്നതകുലജാതന്‍ തന്നെ ആദിവാസിക്ഷേമ മന്ത്രിയാകണമെന്ന് പറയുന്നത് ഭരണഘടനാവിരുദ്ധമാണ്. ആരാണ് ഈ ഉന്നതകുലജാതന്‍? ജാതിവ്യവസ്ഥ കൊടികുത്തിവാണ മനുസ്മൃതിക്കാലത്തിന്റെ സൃഷ്ടിയാണ് ഈ ഉന്നത കുലജാതന്‍ പരികല്‍പ്പന. മനുഷ്യരെ തട്ടായി തിരിക്കുന്ന വര്‍ണാശ്രമ വ്യവസ്ഥയാണ് സുരേഷ് ഗോപിയെപ്പോലെയുള്ളവരുടെ മനസ്സില്‍. ഈ ആശയഗതിയെ ജനാധിപത്യ പോരാട്ടത്തിലൂടെ മറികടന്നാണ് ഇന്ത്യയെന്ന ദേശരാഷ്ട്രം ഉണ്ടായിട്ടുള്ളത്. സ്വാതന്ത്ര്യ സമരം കേവല രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല നടന്നത്. ആ സമരത്തിന് സമാന്തരമായി രാജ്യത്തുടനീളം സാമൂഹിക പരിഷ്‌കരണത്തിനായുള്ള ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തില്‍ ആ പോരാട്ടം നിരവധിയായ പ്രസ്ഥാനങ്ങളിലൂടെ പടര്‍ന്നു. ഇന്ന് കേരളത്തില്‍ കാണുന്ന സാമൂഹിക മാറ്റത്തിന്റെ അടിത്തറ പാകിയത് ആ പോരാട്ടങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ പരിപാലിച്ചുവന്ന ജാതി കേന്ദ്രീകൃത സാമൂഹിക വ്യവസ്ഥയെ അടിച്ചു തകര്‍ക്കുക കൂടിയാണ് സ്വാതന്ത്ര്യ സമരം ചെയ്തത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ എന്ന പദം കൊണ്ട് തുടങ്ങുന്നത്. സുരേഷ് ഗോപിയുടെ പ്രസ്താവന ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 21 അടക്കമുള്ള ഭരണഘടനാ അനുച്ഛേദങ്ങളുടെ ലംഘനമാണ്. തന്റെ വാക്കുകള്‍ വളച്ചൊടിച്ചു, മുറിച്ചു കൊടുത്തു തുടങ്ങിയ വിശദീകരണങ്ങള്‍ കൊണ്ട് അത് മറിച്ചുവെക്കാനാകില്ല.

തദ്ദേശീയ ആദിമ സമൂഹങ്ങളെ നിര്‍ണായക പദവികളില്‍ കൊണ്ടുവരികയും ഉള്‍ക്കൊള്ളുകയും ചെയ്തപ്പോഴാണ് യഥാര്‍ഥ വികസനം സാധ്യമായതെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സാമൂഹിക വിഭാഗത്തിന്റെ വേദന ഏറ്റവും നന്നായി മനസ്സിലാകുക അവര്‍ക്ക് തന്നെയാണെന്ന വസ്തുതയുമുണ്ട്. ആദിവാസി ക്ഷേമ പദ്ധതികള്‍ പലതും പാളുന്നത് അവരെ മനസ്സിലാക്കാത്തവര്‍ തയ്യാറാക്കുമ്പോഴാണല്ലോ. ആദിവാസികളും പിന്നാക്കക്കാരും കാര്യപ്രാപ്തിയില്ലാത്തവരാണെന്ന ധ്വനിയുണ്ട് ആ പ്രസ്താവനയില്‍. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ താന്‍ ഈ ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗമാണെന്നും അത് തന്ന പദവിയാണ് വഹിക്കുന്നതെന്നും സുരേഷ് ഗോപിയടക്കമുള്ളവര്‍ ചിന്തിച്ചെങ്കില്‍ എത്ര നന്നായിരുന്നു.

കേരളത്തോടുള്ള രാഷ്ട്രീയ വെല്ലുവിളിയാണ് ജോര്‍ജ് കുര്യന്‍ നടത്തിയതെന്ന് പറയാതിരിക്കാനാകില്ല. കേരളം ആര്‍ജിച്ച പുരോഗതിയെയും മുന്നേറ്റങ്ങളെയും അപഹസിക്കുകയാണ് അദ്ദേഹം ചെയ്തത്. രാഷ്ട്രീയ രേഖയായി ബജറ്റുകള്‍ അധഃപതിച്ചുവെന്നതിന്റെ തെളിവായിരുന്നു കേരളമടക്കമുള്ള സംസ്ഥാനങ്ങളോടുള്ള കടുത്ത വിവേചനം. അത് അംഗീകരിക്കുകയും പരിഹരിക്കാനുളള ഇടപെടല്‍ നടത്തുകയുമയിരുന്നു മലയാളിയായ മന്ത്രി ചെയ്യേണ്ടിയിരുന്നത്. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് 2,000 കോടി രൂപയാണ് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നത്. കിട്ടിയില്ല. ഇതിന്റെ അടിയന്തരസ്വഭാവം ധനമന്ത്രിക്ക് മനസ്സിലാക്കിക്കൊടുക്കേണ്ട ഉത്തരവാദിത്വമേറ്റെടുക്കേണ്ട മന്ത്രി, കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ, അപ്പോള്‍ നോക്കാം എന്നൊക്കെ പറയുന്നത് എന്തുതരം രാഷ്ട്രീയമാണ്? പ്രസ്താവനയില്‍ വിശദീകരണവുമായി ജോര്‍ജ് കുര്യന്‍ പിന്നീട് രംഗത്തുവന്നു. നല്ലത്. കൂടുതല്‍ പണത്തിനായി ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താന്‍ പറഞ്ഞത്, അതിനായി ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഫെഡറല്‍ തത്ത്വങ്ങള്‍ അംഗീകരിക്കുന്ന കേന്ദ്ര- സംസ്ഥാന ബന്ധമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. രാഷ്ട്രീയ കണ്ണോടെ മാത്രം കാര്യങ്ങള്‍ കാണുകയല്ല വേണ്ടത്. കേന്ദ്ര ഫണ്ട് നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുകയുമില്ല.

 

Latest