Connect with us

National

വ്യാവസായിക മദ്യം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിയമ നിർമാണം നടത്താം: 8:1 ഭൂരിപക്ഷ വിധിയിൽ സുപ്രിം കോടതി

സുപ്രീം കോടതിയുടെ തന്നെ 34 വർഷം പഴക്കമുള്ള വിധി അസാധുവാക്കിയാണ് ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന ഉത്തരവ്.

Published

|

Last Updated

ന്യൂഡൽഹി | വ്യാവസായിക മദ്യം (ഡിനേച്ചർഡ് സ്പിരിറ്റ്) സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിയമനിർമ്മാണം നടത്താൻ അവകാശമുണ്ടെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി. ഒൻപതംഗ ഭരണഘടനാ ബഞ്ചിൽ എട്ട് പേരും വ്യവസായിക മദ്യം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിയമനിർമാണം നടത്താമെന്ന് വിധിച്ചു.  സുപ്രീം കോടതിയുടെ തന്നെ 34 വർഷം പഴക്കമുള്ള വിധി അസാധുവാക്കിയാണ് ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന ഉത്തരവ്. ആറ് ദിവസത്തെ മാരത്തൺ ഹിയറിംഗിന് ശേഷം കഴിഞ്ഞ ഏപ്രിലിൽ കേസ് വിധി പറയാൻ മാറ്റിയിരുന്നു.

വ്യാവസായിക മദ്യം സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനങ്ങളിൽ നിന്ന് എടുത്തുകളയാനാവില്ലെന്ന് സുപ്രീം കോടതി വിധിച്ചു.  1997-ൽ സിന്തറ്റിക്‌സ് ആൻഡ് കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് വേഴ്സസ് സ്റ്റേറ്റ് ഓഫ് ഉത്തർപ്രദേശ് കേസിൽ ഏഴംഗ ബെഞ്ച് വ്യാവസായിക മദ്യം ഉൽപ്പാദിപ്പിക്കുന്നതിനുള്ള നിയന്ത്രണാധികാരം കേന്ദ്രത്തിനാണെന്ന് വിധിച്ചു. 2010ൽ ഈ കേസ് ഒമ്പത് ജഡ്ജിമാരുടെ ബെഞ്ചിന് കൈമാറി. പിന്നാലെയാണ് ഇപ്പോൾ ബെഞ്ച് വിധി പ്രസ്താവിച്ചത്. കേരളം, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങി ഒൻപത് സംസ്ഥാനങ്ങളാണ് സുപ്രീം കോടതിയിൽ അപ്പീൽ ഹർജി നൽകിയത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹൃഷികേശ് റോയ്, എ എസ് ഓക്ക, ജെ ബി പർദിവാല, ഉജ്ജ്വല് ഭൂയാൻ, മനോജ് മിശ്ര, എസ് സി ശർമ്മ, എ ജി മസിഹ് എന്നിവരാണ് സംസ്ഥാനങ്ങൾക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്. അതേസമയം ജസ്റ്റിസ് ബി വി നാഗരത്‌ന വ്യാവസായിക മദ്യം നിയന്ത്രിക്കാൻ കേന്ദ്രത്തിന് മാത്രമേ നിയമനിർമ്മാണ അധികാരമുള്ളൂവെന്ന് നിലപാടെടുത്തു.

എന്താണ് വ്യാവസായിക മദ്യം?

വ്യാവസായിക ആവശ്യങ്ങൾക്കായി ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന എത്തനോൾ (എഥൈൽ ആൽക്കഹോൾ) ആണ് വ്യാവസായിക മദ്യം എന്നറിയപ്പെടുന്നത്. ഇത് മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ല. രാസവസ്തുക്കളോ അഡിറ്റീവുകളോ അതിൽ കലർത്തിയാണ് ഇത് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാതാക്കുന്നത്. ലായക ഗുണങ്ങളും മറ്റ് രാസ സ്വഭാവങ്ങളും കാരണം വിവിധ വ്യവസായങ്ങളിൽ ഇത് നിർണായക പങ്ക് വഹിക്കുന്നു. ഫാർമ വ്യവസായത്തിലും രാസ വ്യവസായത്തിലും ക്ലീനർ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇന്ധനങ്ങൾ, ചായങ്ങൾ, മഷികൾ മുതലായവയിലും ഇത് ഉപയോഗിക്കുന്നു.

Latest