Connect with us

From the print

ഖനികള്‍ക്കും ധാതുക്കള്‍ക്കും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം

ഭൂരിപക്ഷ വിധിയുമായി സുപ്രീം കോടതി. വിയോജിച്ച് ജസ്റ്റിസ് ബി വി നാഗരത്‌ന. റോയല്‍റ്റിയോ വാടകയോ നികുതിയായി കണക്കാക്കാനാകില്ല. 1989ലെ സുപ്രീം കോടതി വിധി അസാധു.

Published

|

Last Updated

ന്യൂഡല്‍ഹി | ഖനികള്‍ക്കും ധാതുക്കള്‍ക്കും നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധി. ഖനന പാട്ടത്തിന്റെ റോയല്‍റ്റിയെ നികുതിയായി കണക്കാക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബഞ്ച് വിധിച്ചു. 8:1 എന്ന രീതിയിലാണ് ഭൂരിപക്ഷ വിധി. ജസ്റ്റിസ് ബി വി നാഗരത്‌നയാണ് ന്യൂനപക്ഷ വിധി പ്രസ്താവിച്ചത്.
സംസ്ഥാനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരത്തെ കേന്ദ്ര നിയമമായ 1957ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം തടയുന്നില്ലെന്ന് ഭൂരിപക്ഷ വിധി ചൂണ്ടിക്കാട്ടി. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ 1989ലെ ഇന്ത്യ സിമന്റ് ലിമിറ്റഡ്, തമിഴ്‌നാട് കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി അസാധുവാണെന്നും ബഞ്ച് വ്യക്തമാക്കി.

ഖനന പാട്ടത്തിന്റെ റോയല്‍റ്റി നികുതിയായി കണക്കാക്കണോ കേന്ദ്ര നിയമം നിലവില്‍ വന്നതിന് ശേഷം ഖനികള്‍ക്കും ധാതുക്കള്‍ക്കും റോയല്‍റ്റിയും നികുതിയും ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോ എന്നീ വിഷയങ്ങളാണ് ഭരണഘടനാ ബഞ്ച് പരിഗണിച്ചത്. ധാതുക്കളുടെയും ഖനികളുടേയും മേല്‍ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നും കേന്ദ്ര നിയമം അത്തരം അധികാരം പരിമിതപ്പെടുത്തുന്നില്ലെന്നും വിധിയില്‍ പറയുന്നു. പാട്ടക്കാര്‍ ഖനികള്‍ ലേലത്തിലെടുക്കുമ്പോള്‍ നല്‍കുന്ന റോയല്‍റ്റിയെയോ വാടകയെയോ നികുതിയായി പരിഗണിക്കാന്‍ കഴിയില്ല. നികുതിയുടെ സ്വഭാവത്തിലുള്ളതല്ല ഇത്്. ഖനന പാട്ടത്തിന് പാട്ടക്കാരന്‍ നല്‍കുന്ന കരാര്‍ പരിഗണനയാണിത്. കേന്ദ്രത്തിന് ഭരണഘടനാപരമായ അധികാരം നല്‍കുന്ന ലിസ്റ്റിലെ 54 പ്രകാരം, ഖനികളുടെയും ധാതുക്കളുടെയും വികസനവും ഖനനമടക്കമുള്ള കാര്യങ്ങളിലുള്ള നിയന്ത്രണവുമാണ് നല്‍കുന്നത്. ഇതുപ്രകാരം കേന്ദ്രത്തിന് നികുതി പിരിക്കാനുള്ള അധികാരം നല്‍കുന്നില്ല.

സംസ്ഥാനങ്ങളുടെ അധികാരം സംബന്ധിച്ച ഭരണഘടനാ ലിസ്റ്റിലെ 50 പ്രകാരം ധാതുക്കള്‍ക്ക് മേല്‍നികുതി ചുമത്താനുള്ള നിയമനിര്‍മാണ അധികാരം നിയമസഭകളില്‍ നിക്ഷിപ്തമാണ്. ഇത്തരമൊരു അധികാരം പാര്‍ലിമെന്റിനില്ല. ധാതുവികസനവുമായി ബന്ധപ്പെട്ട നിയമത്തിലൂടെ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ മേഖലയില്‍ പാര്‍ലിമെന്റിന് എന്തെങ്കിലും പരിമിതികള്‍ ഏര്‍പ്പെടുത്താനും കഴിയില്ല. റോയല്‍റ്റിയില്‍ ഏര്‍പ്പെടുത്തിയ പരിമിതികള്‍ സംസ്ഥാനത്തിന്റെ അധികാരത്തെ ബാധിക്കുകയില്ല. സംസ്ഥാന ലിസ്റ്റിലെ 49 പ്രകാരമുള്ള അധികാരം ധാതുക്കളടക്കമുള്ള എല്ലാത്തിനെയും കുറിച്ചുള്ളതാണെന്നും ബഞ്ച് വ്യക്തമാക്കി.
ഭൂരിപക്ഷ ജഡ്ജിമാരുടെ എല്ലാ നിഗമനങ്ങളോടും ജസ്റ്റിസ് ബി വി നാഗരത്ന വിയോജിച്ചു. നികുതിയുടെ സ്വഭാവത്തിലാണ് റോയല്‍റ്റി താന്‍ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ധാതുക്കളുടെ അവകാശങ്ങളില്‍ നികുതിയോ ഫീസോ ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണ ശേഷിയില്ല. സംസ്ഥാന ലിസ്റ്റിലെ 49 ധാതുക്കള്‍ വഹിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ടതല്ല. ധാതുക്കള്‍ക്ക് നികുതി ചുമത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കുന്നത് ദേശീയ വിഭവത്തിന്റെ ഏകീകരണത്തെ ഇല്ലാതാക്കുമെന്നും ഇത് സംസ്ഥാനങ്ങള്‍ക്കിടയില്‍ അനാരോഗ്യ മത്സരത്തിന് ഇടയാക്കുകയും ഫെഡറല്‍ സംവിധാനത്തിന്റെ തകര്‍ച്ചക്ക് കാരണമായേക്കാമെന്നും വിധിയില്‍ പറയുന്നു.

 

---- facebook comment plugin here -----

Latest