National
ഡിജിപിയെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണം; പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി
ഹര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ഇത്തരം അപേക്ഷകള്‍ ഫയല്‍ ചെയ്യരുത്. സമാന ആവശ്യവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിരന്തരം കോടതിയെ സമീപിക്കുന്നു.
ന്യൂഡല്‍ഹി| ഡിജിപിയെ നിയമിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഇത്തരം നടപടികള്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ജസ്റ്റിസ് എല്‍.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഹര്‍ജിക്കെതിരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ഇത്തരം അപേക്ഷകള്‍ ഫയല്‍ ചെയ്യരുത്. സമാന ആവശ്യവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നിരന്തരം കോടതിയെ സമീപിക്കുന്നു. നടപടിക്രമങ്ങളിലെ ദുരുപയോഗമാണിതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം ഡിജിപി നിയമനത്തില്‍ യുപിഎസ്സിക്ക് ഒരു പങ്കുമില്ലെന്നാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ വാദം.
പൊലീസ് മേധാവിമാരായി പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുള്ള അധികാരമോ വൈദഗ്ധ്യമോ യുപിഎസ്‌സിക്ക് ഇല്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു. യു.പി.എസ്.സി തയ്യാറാക്കുന്ന മൂന്നംഗ പട്ടികയില്‍ നിന്നാകണം സംസ്ഥാന സര്‍ക്കാരുകള്‍ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കേണ്ടതെന്ന് പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
നിലവിലെ പൊലീസ് മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പാനലിലേക്ക് പരിഗണിക്കേണ്ടവരുടെ പട്ടിക യുപിഎസ്‌സിക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണെന്നാണ് ബംഗാള്‍ സര്‍ക്കാരിന്റെ വാദം.