From the print
വി സി നിയമനത്തില്‍ മുഖ്യ പങ്കാളിത്തം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം; യു ജി സി കരട് ദേശീയ കണ്‍വെന്‍ഷന്‍ പ്രമേയം
'യു ജി സി അധികാരം കവരുന്നു'. സംസ്ഥാന പ്രതിനിധികള്‍ പങ്കെടുത്തു.

തിരുവനന്തപുരം | സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യപങ്കാളിത്തം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കണമെന്ന പ്രമേയം ഏകകണ്ഠമായി പാസ്സാക്കി യു ജി സി കരട് ചട്ടം സംബന്ധിച്ച ദേശീയ കണ്‍വെന്‍ഷന്‍. സംസ്ഥാന സര്‍ക്കാറുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ ഭരണാധികാരം അതത് സംസ്ഥാനങ്ങള്‍ക്കാണ്.
വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള സേര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുന്നതിലടക്കം സംസ്ഥാനങ്ങളുടെ പങ്ക് ഇത്രയേറെ യു ജി സി ഏറ്റെടുക്കുന്നത് ഇന്നുവരെ കാണാത്തതാണ്. ഉന്നത വിദ്യാഭ്യാസ റെഗുലേറ്റര്‍ അത്തരം സ്വേച്ഛാധിപത്യ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും കേരളം ആതിഥ്യമരുളിയ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ചട്ട ഭേദഗതി കരട് അടിയന്തിരമായി പിന്‍വലിക്കണമെന്നും ഭരണഘടനയുടെ ഫെഡറല്‍ തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്താതെ സംസ്ഥാന സര്‍ക്കാറുകളുമായും സര്‍വകലാശാലകളുമായും കൂടിയാലോചനകള്‍ക്ക് സന്നദ്ധമാകണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കാനാണ് കണ്‍വെന്‍ഷന്‍ തീരുമാനം. ഇതര സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും ചര്‍ച്ച നടത്തും. എന്‍ ഡി എ മുന്നണിയിലുള്ള മന്ത്രിമാരടക്കം എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ഇത് പരസ്യമായി പറയാനാകാത്തതിനാലാണ് അവര്‍ തങ്ങള്‍ക്കൊപ്പം ചേരാത്തതെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്ക മല്ലു, കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം സി സുധാകര്‍, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ഗോവി ചെഴിയാന്‍, പ്രൊഫ. പ്രഭാത് പട്നായിക്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ എന്‍ ബാലഗോപാല്‍, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ സംബന്ധിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍
സംസ്ഥാന പൊതു സര്‍വകലാശാലകളുടെ പ്രധാന പങ്കാളിയെന്ന നിലയിലും പണം ചെലവഴിക്കുന്നതിന്റെ അടിസ്ഥാനത്തിലും ഭരണ കാര്യങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള മുഖ്യപങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
അക്കാദമിക് മേഖലയില്‍ നിന്നല്ലാത്തവരെ വൈസ് ചാന്‍സലറാക്കാനുള്ള നിര്‍ദേശം ഒഴിവാക്കണം.
വ്യവസായിക, വാണിജ്യ പശ്ചാത്തലമുള്ളവരെ വി സി ആയി നിയമിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കും.
അധ്യാപകരുടെയും അക്കാദമിക് ജീവനക്കാരുടെയും തിരഞ്ഞെടുപ്പില്‍ അതത് മേഖലയിലുള്ള ‘ശ്രദ്ധേയ സംഭാവനകള്‍’ സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുമെന്ന നിര്‍ദേശം ഗുണനിലവാരം കുറക്കുന്നതിലേക്കും സ്വജന പക്ഷപാതത്തിലേക്കും അഴിമതിയിലേക്കും നയിക്കും.
നിയമനങ്ങള്‍ക്കായി പി എസ് സി പോലുള്ള സംസ്ഥാന ഭരണഘടനാ സ്ഥാപനങ്ങളെ കണക്കിലെടുക്കുന്നില്ല. സേവന- വേതന വ്യവസ്ഥകള്‍ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളോടുള്ള അവഗണനയാണിത്. യു ജി സി ചട്ടങ്ങളില്‍ കൂടുതല്‍ ഇളവ് വേണം
സര്‍വകലാശാലകളുടെ അക്കാദമിക് സ്വയം ഭരണം വെട്ടിക്കുറക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് യു ജി സി പിന്മാറണം.കരാര്‍ നിയമനം, ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം, വിസിറ്റിംഗ് ഫാക്കല്‍റ്റി എന്നിവയില്‍ വ്യക്തത വേണം. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കണം.
നിയമ നിര്‍മാണത്തിനുള്ള സംസ്ഥാനങ്ങളുടെ അവകാശം യു ജി സി മാനിക്കണം.
ബിരുദ കോഴ്സുകള്‍ക്ക് പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കുന്നത് ഗ്രോത്ത് എന്റോള്‍മെന്റ്അനുപാതം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിനു തിരിച്ചടിയാണ്.