Connect with us

From the print

സംസ്ഥാനങ്ങള്‍ ഇന്ന് കൂട്ടത്തോടെ 50,206 കോടി കടമെടുക്കും

കടപ്പത്രങ്ങള്‍ വഴി റെക്കോര്‍ഡ് കടമെടുപ്പ്. 8,000 കോടി കടമെടുത്ത് ഉത്തര്‍പ്രദേശ് മുന്നില്‍. കര്‍ണാടകയും മഹാരാഷ്ട്രയും തമിഴ്നാടും തൊട്ടുപിന്നില്‍.

Published

|

Last Updated

തിരുവനന്തപുരം | കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ 17 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ചേര്‍ന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്ന് കടമെടുക്കുന്നത് 50,206 കോടി രൂപ. ഒറ്റ ദിവസം ഇത്രയും അധികം തുക കടപ്പത്രങ്ങള്‍ വഴി കേന്ദ്ര സര്‍ക്കാറോ സംസ്ഥാന സര്‍ക്കാറോ സമാഹരിക്കുന്നത് ഇത് ആദ്യമാണ്.

നിലവില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ 39,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തുക. ഇന്ന് നടക്കുന്ന കടപ്പത്ര ലേലത്തിലൂടെ വിവിധ സംസ്ഥാനങ്ങള്‍ മൊത്തം സമാഹരിക്കുന്നത് 50,206 കോടി രൂപയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുക ഉത്തര്‍പ്രദേശാണ്. 8,000 കോടിയാണ് കടമെടുക്കുന്നത്. തൊട്ടുപിന്നില്‍ 6,000 കോടി വീതം കടമെടുക്കുന്ന കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമുണ്ട്. കേരളം 3,742 കോടി രൂപയാണ് കടമെടുക്കുന്നത്. നൂറ് കോടി രൂപ കടമെടുക്കുന്ന ഗോവയാണ് ഏറ്റവും പിന്നില്‍.

കഴിഞ്ഞ ഫെബ്രുവരി 15നു ശേഷം കേന്ദ്ര സര്‍ക്കാര്‍ വായ്പയെടുക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇത്രയും കൂടുതല്‍ തുക വായ്പയെടുക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്. അതേസമയം, കടപ്പത്രങ്ങള്‍ വഴി 3,742 കോടി രൂപ കടമെടുക്കുക വഴി നിലവിലെ സാഹചര്യത്തില്‍ കേരളത്തിന് താത്കാലിക ആശ്വാസമാകും.

കേന്ദ്രസര്‍ക്കാറിനെതിരായ കേസില്‍ സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം 13,608 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതില്‍ 8,742 കോടി രൂപയുടെ കടമെടുപ്പിനാണ് അന്തിമ അനുമതി ലഭിച്ചത്. ഇതില്‍ 5,000 കോടി നേരത്തേ തന്നെ കടമെടുത്തിരുന്നു. ശേഷിക്കുന്ന 3,742 കോടി രൂപയാണ് ഇപ്പോള്‍ കടമെടുക്കുന്നത്.

ആകെ 26,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചതെങ്കിലും കേന്ദ്രവുമായി സമവായത്തിലെത്താനായിരുന്നു കോടതി നിര്‍ദേശിച്ചത്. ഇതുപ്രകാരം കേന്ദ്രവുമായി രണ്ട് തവണ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍, കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം തള്ളുകയായിരുന്നു. ഇതില്‍ സുപ്രീം കോടതി ഈ മാസം 21ന് വീണ്ടും വാദം കേള്‍ക്കും.

സംസ്ഥാന സര്‍ക്കാറിനെ സംബന്ധിച്ച് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷവും കടമെടുക്കാന്‍ കടുത്ത നിബന്ധനകള്‍ പാലിക്കേണ്ടി വരും.

33,597 കോടി രൂപയാണ് അടുത്ത വര്‍ഷം കേരളത്തിന് കടമെടുക്കാവുന്ന തുക. എന്നാല്‍ 2021-22ല്‍ കേരളം ബജറ്റിന് പുറത്തെടുത്ത 4,711 കോടി രൂപയുടെ കടം ഇതില്‍ നിന്ന് വെട്ടിക്കുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതോടെ ഫലത്തില്‍ അടുത്ത വര്‍ഷം എടുക്കാവുന്ന കടം 28,886 കോടി രൂപയായി കുറയുന്ന സാഹചര്യമുണ്ടാകും.

 

 

 

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം