Connect with us

National

വഖ്ഫ് സ്വത്തുക്കളില്‍ തത്‍സ്ഥിതി തുടരണം; ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി

വഖ്ഫ് ബോർഡുകളിലേക്കും കൗണ്‍സിലിലേക്കും നിലവിൽ പുതിയ നിയമനം പാടില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  വഖ്ഫ് സ്വത്തുക്കളിൽ  തത്‍സ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. കലക്ടർമാർ ഇടപെട്ട് തത്‍സ്ഥിതി മാറ്റാൻ പാടില്ല.  ഉപയോഗത്തിലിരിക്കുന്ന വഖ്ഫ് സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടു. ഹരജി വീണ്ടും പരിഗണിക്കുന്ന മേയ് അഞ്ച് വരെയാണ് ഇടക്കാല ഉത്തരവ്. പാര്‍ലിമെൻ്റ് പസ്സാക്കിയ വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹരജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്രത്തിന്‍റെ മറുപടിക്ക് സമയം അനുവദിച്ചു. ഏഴ് ദിവസത്തിനുള്ളിൽ കേന്ദ്രം മറുപടി നല്‍കണം.

വഖ്ഫ് ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേക്കും നിലവില്‍ പുതിയ നിയമനം പാടില്ലെന്ന് മുസ്ലിംകളല്ലാത്തവരുടെ നിയമനങ്ങള്‍ വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

വഖ്ഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്തുള്ള വിവിധ സംഘടനകളുടെ ഹരജികളില്‍ ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടുതുടങ്ങിയത്. നിലവിലെ വഖ്ഫ് ഭൂമി അതല്ലാതാക്കരുതെന്ന് അടക്കമുള്ള നിര്‍ദേശങ്ങള്‍ ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ഥന പ്രകാരം വാദം കേള്‍ക്കല്‍ ഇന്നത്തേക്ക് കൂടി മാറ്റുകയായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മുതലാണ് തുടർ വാദം ആരംഭിച്ചത്.

മൂന്ന് നിർദേശങ്ങളാണ് കോടതി ഇന്നലെ മുന്നോട്ടുവെച്ചത്. കോടതികൾ വഖ്ഫ് സ്വത്തായി പ്രഖ്യാപിച്ചവ, അത് ഉപയോഗം വഴി വഖ്ഫ്  (waqf-by-user) ആയതാണെങ്കിലും രേഖാമൂലമുള്ള വഖ്ഫ് സ്വത്ത് ആണെങ്കിലും, വഖ്ഫ് നിയമ ഭേദഗതിക്കെതിരായ  ഹരജികളിൽ കോടതി വാദം കേൾക്കുന്ന കാലയളവിൽ വഖ്ഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്നതായിരുന്നു പ്രധാന നിർദേശം. കലക്ടർ ഒരു സ്വത്ത് സർക്കാർ ഭൂമിയാണോ എന്ന് അന്വേഷിക്കുന്ന കാലയളവിൽ ആ സ്വത്തിനെ വഖ്ഫ് സ്വത്തായി കണക്കാക്കില്ല എന്ന ഭേദഗതിയിലെ വ്യവസ്ഥയും ഇപ്പോൾ നടപ്പാക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. വഖ്ഫ് ബോർഡുകളിലെയും സെൻട്രൽ വഖ്ഫ് കൗൺസിലിലെയും എക്സ്-ഓഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാ അംഗങ്ങളും  ഇസ്‍ലാം മതവിശ്വാസികൾ ആയിരിക്കണമെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചിരുന്നു. ഹിന്ദു ബോർഡുകളിൽ മുസ്ലിംകളെ ഉൾപ്പെടുത്തുമോയെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആരാഞ്ഞു. തുടർന്നാണ് വാദം കേൾക്കൽ ഇന്ന് കൂടി തുടരണമെന്ന കേന്ദ്രത്തിൻ്റെ നിർദേശം അംഗീകരിച്ച് കോടതി ഇടക്കാല ഉത്തരവിൽ നിന്ന് പിന്മാറി ഇന്ന് ഉച്ച മുതൽ തുടർ വാദം കേട്ടത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നക്ക് പുറമെ ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരാണ് ഹരജികൾ പരിഗണിക്കുന്ന മൂന്നംഗ ബഞ്ചിലുള്ളത്.

ഈ മാസം ആദ്യവാരം പാര്‍ലിമെന്റ് പാസ്സാക്കിയ വഖ്ഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് 130ലേറെ ഹരജികൾ സുപ്രീം കോടതിയിലുണ്ട്.  മുസ്ലിം സംഘടനകള്‍, കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, സി പി എം, സി പി ഐ, ആം ആദ്മി തുടങ്ങി നിരവധി കക്ഷികള്‍ ഹരജി നല്‍കിയിരുന്നു. ഇതിൽ അഞ്ച് ഹരജികളിലാണ് വാദം നടക്കുന്നത്.

---- facebook comment plugin here -----

Latest