National
അപകീര്‍ത്തിക്കേസില്‍ മേധ പട്കര്‍ക്കെതിരായ ശിക്ഷക്ക് സ്റ്റേ; പരാതിക്കാരന് നോട്ടീസ് അയച്ച് കോടതി
നോട്ടീസിന് സക്‌സേന സെപ്റ്റംബര്‍ നാലിന് മറുപടി നല്‍കണം
ന്യൂഡല്‍ഹി \ അപകീര്‍ത്തിക്കേസില്‍ സാമൂഹിക പ്രവര്‍ത്തക മേധാ പട്കര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച നടപടി ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തു. കേസില്‍ അഞ്ച് മാസത്തെ തടവും പിഴയുമാണ് മേധാ പട്കര്‍ക്ക് വിധിച്ചിരുന്നത്. മേയ് 24നായിരുന്നു ഡല്‍ഹി കോടതി മേധക്ക് ശിക്ഷ വിധിച്ചത്.സംഭവത്തില്‍ പരാതിക്കാരനായ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ വി കെ സക്സേനക്ക് കോടതി നോട്ടീസയക്കുകയും മേധ പട്കറിന് 25000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു. നോട്ടീസിന് സക്‌സേന സെപ്റ്റംബര്‍ നാലിന് മറുപടി നല്‍കണം
തനിക്കും നര്‍മദാ ബച്ചാവോ ആന്ദോളനും എതിരെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് സക്സേനയ്ക്കെതിരെ മേധാ പട്കര്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെ 2001ലാണ് മേധക്കെതിരെ സക്‌സേന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ഒരു ടെലിവിഷന്‍ ചാനലില്‍ തനിക്കെതിരെ മേധാ പട്കര്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും അപമാനകരമായ പത്രക്കുറിപ്പ് ഇറക്കിയെന്നും ആരോപിച്ച് രണ്ട് കേസുകളാണ് സക്‌സേന ഫയല്‍ ചെയ്തത്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ നാഷനല്‍ കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ തലവനായിരുന്നു സക്സേന. സക്സേനയെ ഭീരു എന്ന് വിളിക്കുകയും ഹവാല ഇടപാടുകളില്‍ പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തു എന്നായിരുന്നു പരാതി.