National
പാസ്‌പോര്‍ട്ട് ഓഫീസുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി
യഥാസമയം പാസ്‌പോര്‍ട്ട് നല്‍കാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി | പൗരന്മാര്‍ക്ക് യഥാസമയം പാസ്‌പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നും അതിനായി പാസ്‌പോര്‍ട്ട് ഓഫീസുകളിലെ ഒഴിവുകള്‍ നികത്താന്‍ ചട്ടപ്രകാരം നടപടി സ്വീകരിച്ചുവരുന്നതായും വിദേശകാര്യ മന്ത്രി ആര്‍ ജയ്ശങ്കര്‍, ഡോ. എം പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ 447 ഒഴിവുകളാണ് ഇതിനകം റിപോര്‍ട്ട് ചെയ്തത്. അത് നികത്താനുള്ള നടപടികളും മത്സരപരീക്ഷകളും മുറപ്രകാരം നടന്നുവരുന്നുണ്ട്.
പാസ്‌പോര്‍ട്ട് ഓഫീസുകളിലെ നികത്തപ്പെടാത്ത ഒഴിവുകള്‍ കാരണം അപേക്ഷകര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിലുണ്ടാകുന്ന ദീര്‍ഘമായ കാലതാമസത്തെയും അത് പരിഹരിക്കാനുള്ള നടപടികളെയും സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.