Connect with us

pinaryi niyamasabha

തീരദേശ പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികള്‍ വേഗത്തില്‍ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

കഴിഞ്ഞ വിജ്ഞാപനം തയ്യാറാക്കുന്നതിന് എട്ട് വര്‍ഷമെടുത്തെന്നത് ഇപ്പോള്‍ വിജ്ഞാപനം വൈകിയെന്ന് പറയുന്നവര്‍ ഓര്‍ക്കണം

Published

|

Last Updated

തിരുവനന്തപുരം | തീരദേശ പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ ബാബുവിന്റെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നത് പരിസ്ഥിതി വകുപ്പാണ്. നിലവിലുള്ള നിയമപ്രകാരം തീരദേശപരിപാലന കരട് വിജ്ഞാപനം തയ്യാറാക്കേണ്ടതുണ്ട്. അതിനുശേഷം പൊതുജനങ്ങള്‍ക്കു മുമ്പാകെ ഇത് അവതരിപ്പിച്ച് അവരുടെ അഭിപ്രായം സ്വീകരിക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ചുരുങ്ങിയത് നോട്ടീസ് നല്‍കി ഒരു മാസത്തെ സമയമെങ്കിലും ഇക്കാര്യത്തില്‍ അനുവദിക്കേണ്ടതുണ്ട്. അതിനുശേഷം ഓരോ ജില്ലയിലും പൊതുജനങ്ങളെ കേള്‍ക്കേണ്ടതുണ്ട്. ഇതിന് സാധാരണ നിലയില്‍ രണ്ട് മാസത്തോളം സമയമെടുക്കും.

ഈ അഭിപ്രായങ്ങള്‍ സ്വീകരിച്ച് കരട് പ്ലാനില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാറിന്റെ ടെക്നിക്കല്‍ സ്‌ക്രൂട്ടണിംഗ് കമ്മിറ്റിയുടെ പരിശോധനക്ക് സമര്‍പ്പിക്കണം. ആ കമ്മിറ്റി നിര്‍ദേശിക്കുന്ന ശിപാര്‍ശകള്‍ കൂടി പരിഗണിച്ച് കരട് പ്ലാന്‍ ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കണം. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സംസ്ഥാനത്തിന്റെ അന്തിമ പ്ലാന്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരമൊരു നീണ്ട പ്രക്രിയയാണ് ഇതിനു പിന്നിലുള്ളതെന്നതിനാല്‍ ഏറെ സമയം വേണ്ട ഒരു പ്രക്രിയയാണിത്. ഇപ്പോള്‍ വിജ്ഞാപനം ഇറക്കുന്നതിന് വൈകിയെന്ന വിമര്‍ശനമുന്നയിക്കുമ്പോള്‍ നാം ഉള്‍ക്കൊള്ളേണ്ടത് കഴിഞ്ഞ വിജ്ഞാപനം തയ്യാറാക്കുന്നതിന് എട്ട് വര്‍ഷമെടുത്തുവെന്നതും നാം വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest