Connect with us

Pathanamthitta

പത്തനംതിട്ട ജില്ലയിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

കര്‍ഷകര്‍ക്ക് വേണ്ടി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയിലെ രൂക്ഷമായ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യമൃഗങ്ങള്‍ക്ക് വനത്തിനുള്ളില്‍ തന്നെ വെള്ളം ലഭ്യമാകുന്നതിന് അവിടെയുള്ള ജലസ്രോതസ് ശക്തമാക്കും.ഭക്ഷ്യയോഗ്യമായ സസ്യങ്ങള്‍ വനത്തില്‍ വളര്‍ത്തും. വന്യമൃഗങ്ങള്‍ നാട്ടിലെത്താതിരിക്കാന്‍ വനം വകുപ്പ് വഴി തടസം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടന്ന സംവാദത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പി എസ് സതീഷ് കുമാര്‍, അഡ്വ. മണ്ണടി മോഹന്‍ എന്നിവര്‍ ഉന്നയിച്ച വിഷയത്തില്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. വന്യമൃഗ ശല്യം മൂലം കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാകുന്നു.മലയോര മേഖലയ്ക്ക് പുറമെ ജില്ലയിലെ അടൂര്‍, പന്തളം ഭാഗങ്ങളിലും വന്യമൃഗ ആക്രമണം നേരിടുന്നുണ്ട്.

കര്‍ഷകര്‍ക്ക് വേണ്ടി സമഗ്രമായ ഒരു പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു.വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന വില്ലേജുകളില്‍ തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടുന്നതിന് അനുവാദം ലഭിച്ചിട്ടില്ല. പട്ടയ ഭൂമിയിലെ മരങ്ങള്‍ വെട്ടാനോ, വെട്ടിയിട്ട മരങ്ങള്‍ നീക്കം ചെയ്യാനോ ഉള്ള അനുമതി കിട്ടുന്നില്ല. കച്ചവടക്കര്‍ മരങ്ങള്‍ വാങ്ങിയാലും കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതിനു സര്‍ക്കാരില്‍ നിന്നും ഇടപെടല്‍ ഉണ്ടാകണമെന്ന് ജോര്‍ജ് എബ്രഹാമിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വനമേഖലയോട് ചേര്‍ന്നുള്ള ഇടങ്ങളില്‍ മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ചുള്ള തടസം എന്തെന്ന് പരിശോധിച്ച നടപടി സ്വീകരിക്കും. പട്ടയത്തില്‍ ആശങ്ക വേണ്ടന്നും പട്ടയ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്ന് പാസ്റ്റര്‍ ഷിബു നെടുവേലി പുല്ലാട്, ഫാ. വി വൈ ജസില്‍ എന്നിവരുടെ ആവശ്യത്തോട് കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് പഠനം അവസാന ഘട്ടത്തിലാണ്. 152 ശുപാര്‍ശകള്‍ നടപ്പിലാക്കി. 12 എണ്ണം മന്ത്രിസഭയുടെ പരിഗണനയിലാണ്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പദ്ധതി പഠിക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

മന്ത്രിസഭാ പരിഗണനയ്ക്ക് വിടേണ്ടവ, കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടവ എന്നിവയ്ക്ക് പുറമെ നടപ്പാക്കാന്‍ പറ്റാത്ത ശുപാര്‍ശകളും ഉണ്ട്. ഇവ തരംതിരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് ക്രോഡീകരിച്ച പട്ടിക തയ്യാറാക്കും.മറ്റ് വിഷയങ്ങളില്‍ കേന്ദ്രവുമായി ബന്ധപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം ക്ഷീരമേഖലയില്‍ സ്വയം പര്യാപ്തയിലേക്ക് അടുത്തു വരികയാണ്. ക്ഷീരകര്‍ഷകര്‍ സംസ്ഥാനത്ത് കൂടി വരികയാണെന്ന് മലയാലപ്പുഴ ശശിധരന്‍ നായരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

സംരഭം ആരംഭിക്കുന്നതിന്  ലൈസെന്‍സ് എടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കണ്ടെത്തണമെന്ന് അഷ്റഫ് ഹാജി അലങ്കാര്‍ (സൂപ്പര്‍ മാര്‍ക്കറ്റ് വെല്‍ഫയര്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്) ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ മുഖേന രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം, ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ ഒ സി ലഭ്യമാക്കുന്നതിനുള്ള കാല താമസം ഉള്‍പ്പെടയുള്ള പ്രയാസങ്ങള്‍ ദുരീകരിക്കണമെന്ന് അഷ്റഫ് അലങ്കാര്‍ അഭ്യര്‍ഥിച്ചു.

വ്യവസായ സൗഹൃദ സംസ്ഥാനമാണ് കേരളം.മേഖലയിലെ എന്‍ ഒ സിക്ക് ഉണ്ടാകുന്ന കാലതാമസത്തിന് പരിഹാരത്തിന് സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തും . സംരംഭകരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഇന്ന് മാറ്റം വന്നിട്ടുണ്ട്.വ്യവസായം നാടിന് നല്‍കുന്ന സേവനം ഇന്ന് ജനം തിരിച്ച് അറിയുന്നുണ്ടെന്നും ഓരോ സംരംഭകര്‍ക്കും പ്രോത്സാഹനം നല്‍കുകയാണ് വേണ്ടത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാതല യോഗത്തില്‍ 23 പേരാണ് മുഖ്യമന്ത്രിയുമായി സംവദിച്ചത്. മറ്റുള്ളവര്‍ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും എഴുതി നല്‍കി.

---- facebook comment plugin here -----

Latest