Connect with us

From the print

സഞ്ചരിക്കാന്‍ ഇനിയും ദൂരങ്ങള്‍

സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ എസ് വൈ എസിന് നിര്‍വഹിക്കാനുള്ള അനേകം ദൗത്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം യുവോര്‍ജത്തെ രാഷ്്ട്ര നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സമുദായത്തിന്റെ ഉന്നമനത്തിലും ഉറപ്പിച്ചു നിര്‍ത്തുകയാണ്. യൗവനം അരാഷ്്ട്രീയമാകാതിരിക്കുന്നത് പോലെ പ്രധാനമാണ് അവര്‍ അലസമാകാതിരിക്കുന്നതും. കര്‍മോത്സുകമായ യുവതയെയാണ് എസ് വൈ എസ് സമൂഹത്തിന് സമ്മാനിച്ചത്. അതിന്റെ തന്നെ തുടര്‍ച്ചയായി പുതുകാലത്തോട് സര്‍ഗാത്മകമായി സംവദിക്കാന്‍ കഴിയുന്ന വിധത്തില്‍ അവര്‍ ധിഷണാപരമായി കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് എസ് വൈ എസ് കരുതുന്നു

Published

|

Last Updated

മനുഷ്യായുസ്സിലെ ഏറ്റവും സക്രിയവും നിര്‍മാണാത്മകവുമായ കാലഘട്ടമാണ് യുവത്വം. സാമൂഹിക നിര്‍മിതിയില്‍ ഏറ്റവും നന്നായി ഉപയോഗിക്കപ്പെടേണ്ടതും ഉപകരിക്കുന്നതുമായ യുവതയെ പ്രതിനിധാനം ചെയ്യുന്ന അനേകം സംഘടനകള്‍ സംസ്ഥാനത്തും രാജ്യത്തും ലോകത്തുമായി നിലവിലുണ്ട്. എന്താണ് ഈ സംഘടനകളുടെയെല്ലാം ഉത്തരവാദിത്വം? ആ ഉത്തരവാദിത്വ പൂര്‍ത്തീകരണങ്ങളില്‍ എവിടെയാണ് ഈ സംഘടനകളുടെയെല്ലാം സ്ഥാനം?
അധിക പേര്‍ക്കും നഷ്്ടപ്പെട്ടുപോകാന്‍ സാധ്യതയുള്ള ഒരു ഊര്‍ജം കൂടെയാണത്. വഴിതെറ്റാനും ലക്ഷ്യങ്ങളില്‍ നിന്ന് വഴുതിപ്പോകാനും യുവാക്കള്‍ക്ക് സാധ്യത കൂടുതലാണ്. അവര്‍ക്ക് നിരന്തരം ദിശ നിര്‍ണയിച്ചും കാണിച്ചും കൊണ്ടേയിരിക്കണം. ഉപദേശവും ഉണര്‍ത്തലും അനിവാര്യമാണ്. ശരികളിലേക്ക് അവരെ വഴി നടത്തലും യഥാര്‍ഥ ലക്ഷ്യങ്ങളെ കുറിച്ചുള്ള അവബോധങ്ങളില്‍ നിലനിര്‍ത്തലുമാണ് യുവജന സംഘടനകളുടെ പ്രഥമവും പ്രധാനവുമായ ചുമതല.
ഈ ഉത്തരവാദിത്വമെന്ന ഉരക്കല്ലിലുരച്ച് സംഘടനകളെ സ്ഥാനാടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുമ്പോള്‍ എസ് വൈ എസ് ആ പട്ടികയുടെ നെറുകയില്‍ തന്നെ ഉണ്ടാകുമെന്ന് നിസ്സംശയം പറയാം. കര്‍മത്തിന്റെ 70 വര്‍ഷങ്ങള്‍ പിന്നിടുന്ന എസ് വൈ എസിന്റെ വളര്‍ച്ചയും വലിപ്പവും ആഘോഷിക്കുകയാണ് തൃശൂരില്‍ നടന്നുകൊണ്ടിരിക്കുന്ന കേരള യുവജന സമ്മേളനം.
ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്്ട്രീയം എന്ന പ്രമേയത്തില്‍ നടക്കുന്ന എസ് വൈ എസ് കേരള യുവജന സമ്മേളനം യുവജനങ്ങളുടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഉന്നമനം ലാക്കാക്കിയുള്ള നിരവധി പദ്ധതികളാണ് സമ്മേളനവുമായി ബന്ധപ്പെട്ട് നഗരിയിലും അല്ലാതെയും എസ് വൈ എസ് സജ്ജീകരിച്ചിട്ടുള്ളത്. ഫ്യൂച്ചര്‍ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെന്‍ കോണ്‍ക്ലേവ്, എജ്യൂസൈന്‍ കരിയര്‍ എക്‌സ്‌പോ, പുസ്്തകലോകം തുടങ്ങിയ വേദികളും പ്രഗത്ഭരുടെ ഗൗരവതരമായ ചര്‍ച്ചകളും സംവാദങ്ങളും സംസാരങ്ങളുമാണ് സമ്മേളനത്തിന്റെ ആകത്തുക. അതേ പ്രകാരം, പൗരാവകാശ സമ്മേളനം, ഹെറിറ്റേജ് കോണ്‍ഫറന്‍സ്, ഐഡിയല്‍ കോണ്‍ഫറന്‍സ്, ചരിത്ര സമ്മേളനം, അഖിലേന്ത്യാ സംരംഭക സമ്മേളനം, പ്രതിനിധി സമ്മേളനം, കള്‍ച്ചറല്‍ ഡയലോഗ് തുടങ്ങി വിവിധങ്ങളായ വിഭാഗങ്ങളിലായാണ് നഗരിയില്‍ സംഗമങ്ങള്‍ നടക്കുന്നത്.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ആധികാരിക സംഘടന സമസ്്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ യുവജന സംഘടനയാണ് എസ് വൈ എസ്. സമസ്്തയുടെ ആശയാദര്‍ശങ്ങളെയും നിലപാടുകളെയും യുവ സമൂഹത്തില്‍ കൃത്യമായി എത്തിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തില്‍ തന്നെയാണ് എസ് വൈ എസ് പ്രവൃത്തിപഥത്തിലുള്ളത്. അത് പൂര്‍ണമായും ഒരു തരി പോലും പുറത്തു കടക്കാത്ത വിധം തനതായ ഇസ്്ലാമിക കാഴ്ചപ്പാടുകള്‍ക്ക് അധീനപ്പെട്ടതുമായിരിക്കും. ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭരണഘടനയെയും ബഹുസ്വരതയെയും കാത്തുസൂക്ഷിക്കാന്‍ പോന്ന പ്രവര്‍ത്തനങ്ങളാണ് നമുക്ക് മുന്നോട്ട് വെക്കാനുള്ളത്.
യഥാര്‍ഥ ഇന്ത്യ ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്ന രാഷ്്ട്രപിതാവിന്റെ നിരീക്ഷണത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതാണ് സമ്മേളനത്തിന്റെ സ്പന്ദനം. സമൂഹത്തിലെ അടിത്തട്ട് ജനതകളെ കൂടുതലായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നതാണ് ഓരോ ചലനവും. മാനവ സഞ്ചാരം അതിന്റെ ഏറ്റവും ഒടുവിലത്തെ ഉത്തമ ഉദാഹരണമാണ്. മാനവ സഞ്ചാരത്തിന് കേരളമൊട്ടാകെ ലഭിച്ച സ്വീകാര്യതയെ അംഗീകാരം എന്നതിലുപരി വലിയൊരു ഉത്തരവാദിത്വമായാണ് സംഘടന കണക്കാക്കുന്നത്. കേരളം മുഴുവനും അത്തരമൊരു സഞ്ചാരത്തിനായി കാത്തിരിക്കുകയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍.
കേരള യുവജന സമ്മേളനം എസ് വൈ എസിന്റെ മാത്രമല്ല, മനുഷ്യരുടെ പ്രശ്‌നങ്ങള്‍ വിഷയമാകുന്ന മുഴുവനാളുകളുടെയും ചരിത്രത്തില്‍ അടയാളപ്പെടുമെന്ന് തീര്‍ച്ചയാണ്. വിജയങ്ങളുടെ ആഘോഷം എന്നതിനേക്കാള്‍ പ്രാധാന്യത്തോടെ ഈ പ്രസ്ഥാനം ഈ സമ്മേളനത്തെ ഉള്‍ക്കൊള്ളുന്നത്, സഞ്ചരിക്കാന്‍ ഇനിയുമേറെ വഴികളുണ്ടെന്നും ചെയ്തു തീര്‍ക്കാന്‍ എത്രയോ കാര്യങ്ങള്‍ ബാക്കിയാണെന്നുമുള്ള ഉത്തരവാദിത്വങ്ങളെ കുറിച്ച ബോധ്യങ്ങളുടെ പ്രഖ്യാപനം എന്ന നിലയിലാണ്.
ഒരു സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ എസ് വൈ എസിന് നിര്‍വഹിക്കാനുള്ള അനേകം ദൗത്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം യുവോര്‍ജത്തെ രാഷ്്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളിലും സമുദായത്തിന്റെ ഉന്നമനത്തിലും ഉറപ്പിച്ചു നിര്‍ത്തുകയാണ്. യൗവനം അരാഷ്്ട്രീയമാകാതിരിക്കുന്നത് പോലെ പ്രധാനമാണ് അവര്‍ അലസമാകാതിരിക്കുന്നതും. കര്‍മോത്സുകമായ യുവതയെയാണ് എസ് വൈ എസ് സമൂഹത്തിന് സമ്മാനിച്ചത്. അതിന്റെ തന്നെ തുടര്‍ച്ചയായി പുതുകാലത്തോട് സര്‍ഗാത്മകമായി സംവദിക്കാന്‍ കഴിയുന്ന വിധത്തില്‍ അവര്‍ ധിഷണാപരമായി കരുത്താര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് എസ് വൈ എസ് കരുതുന്നു. പ്ലാറ്റിനം ഇയര്‍ ആഘോഷം ഇന്ന് സമാപിക്കുന്നതോടെ പുതിയ കര്‍മപദ്ധതികളിലേക്ക് സംഘടന ചുവടുവെക്കും. ആദര്‍ശ മൂല്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാതെ തന്നെ സാമൂഹിക നവീകരണവും പുരോഗതിയും സാധ്യമാക്കുന്നതില്‍ എസ് വൈ എസ് തുടര്‍ന്നും മതിയായ ഇടപെടലുകള്‍ നടത്തും. നടപ്പുകാലത്തെയും ചുറ്റുവട്ടത്തെയും പ്രതീക്ഷയോടെ കാണാന്‍ യുവതയെ പാകപ്പെടുത്തുകയാണ് സംഘടന ചെയ്യുന്നത്. നിരാശയില്‍ വീണുപോകാതെ അവരെ വഴി നടത്തുന്നത് ഇക്കാലത്തെ മികച്ച മൂല്യരാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു.

Latest