Articles
ഇപ്പോഴും പ്രാകൃത റാഗിംഗ്?
തമ്മിലടിക്കുന്ന വിദ്യാര്‍ഥി സംഘടനകളും അധികാരികളും വിവേകത്തോടെ ഒന്നിച്ചിരുന്നാലോചിച്ച് പരിഹാരം കാണേണ്ട അടിയന്തര വിഷയമാണിത്.
നമ്മുടെ കലാശാലകളില്‍ ഇപ്പോഴും മുതിര്‍ന്ന സഹപാഠികള്‍ ഇളയവരെ റാംഗിഗ് ചെയ്ത് “ശരിപ്പെടുത്താ’റുണ്ടത്രെ. നിയമം മൂലം നിരോധിച്ച ഈ മൃഗീയ വൈകൃതത്തിന് ആധുനിക കാലത്ത് പ്രസക്തിയെന്ത്? ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന നാട്ടുമ്പുറത്തുകാര്‍ക്ക് അന്തര്‍മുഖത്വം മാറാന്‍ പണ്ടാരോ നടപ്പില്‍ വരുത്തിയ ഈ ക്രൂരത, കീഴ്‌വഴക്കമായി ആഘോഷിക്കുന്ന ചില വിദ്യാര്‍ഥികള്‍ കാട്ടിക്കൂട്ടുന്ന കാടത്തം വീണ്ടും രക്തസാക്ഷിയെ സൃഷ്ടിച്ചിരിക്കുന്നു. തല്ലിക്കൊന്നോ സ്വയം മരണം വരിച്ചോ എന്നൊന്നും സാക്ഷ്യം പറയാന്‍ കലാശാലയില്‍ ആരുമില്ല! മക്കളെ പൊന്നുപോലെ ഓമനിച്ചു വളര്‍ത്തുന്ന മാതാപിതാക്കള്‍ക്ക് എങ്ങനെ സഹിക്കും?. രാത്രിയുടെ മറവില്‍ മദ്യത്തിനോ മയക്കുമരുന്നിനോ അടിപ്പെട്ട അധമസ്വഭാവക്കാര്‍ അഴിഞ്ഞാടുമ്പോള്‍ എത്തിനോക്കാന്‍ പോലും അധികാരികളില്ല. ഉന്നത വിദ്യാഭ്യാസം ആഭാസ വിക്രിയയുടെ വിളനിലമാകുമ്പോള്‍ അരുതെന്ന് പറയാന്‍ വിദ്യാര്‍ഥി സംഘടനകള്‍ വരുന്നില്ല. സഹപാഠിയെ കിരാത മര്‍ദനത്തിന് വിധേയമാക്കിയാല്‍ സംതൃപ്തി ലഭിക്കുന്ന സാഡിസ്റ്റുകളെ എങ്ങനെ ക്ലാസ്സ് റൂമിലിരുത്തി പഠിപ്പിക്കും? ഏകാഗ്രതയോടെയും ഗവേഷണ ബുദ്ധിയോടെയും പഠിക്കേണ്ട ശാസ്ത്ര വിഷയങ്ങള്‍ എത്രയെങ്കിലുമുണ്ടായിട്ടും അപരന്റെ ചോര മണത്ത് നടക്കുന്ന ഈ ഭ്രാന്ത മനസ്‌കരില്‍ നിന്ന് സമൂഹത്തിന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ? ആലോചിക്കേണ്ടതാണ്.
ഒരുപക്ഷേ, ഉന്നത വിദ്യാഭ്യാസ സ്ഥാപനം വരെയെത്തിയ വഴിയിലൊരിടത്തും കാരുണ്യത്തിന്റെയോ മനുഷ്യത്വത്തിന്റെയോ സംസ്‌കാരം മനസ്സില്‍ വീണുമുളച്ചില്ലെന്നാണോ പൊതുസമൂഹം വിലയിരുത്തേണ്ടത്? പൊതുജനമോ വാര്‍ത്താമാധ്യമങ്ങളോ അറിയാതെ പോകുന്ന ക്രൂരതയുടെ കഥകള്‍ എത്രയുണ്ടാകുമെന്നൂഹിക്കുക. മരണം സംഭവിച്ചത് കൊണ്ട് മാത്രം പുറത്തുവരുന്ന ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമുണ്ടോ? മൂടിവെച്ച് മുഖം മിനുക്കുന്ന സംസ്‌കാരത്തിനപ്പുറം, അഴുകിപ്പുഴുത്ത മനസ്സുമായി നടക്കുന്നവരെ ഭയക്കാതെ ജീവിക്കാനാകാത്ത അവസ്ഥ നിലനില്‍ക്കുകയാണ്. തമ്മിലടിക്കുന്ന വിദ്യാര്‍ഥി സംഘടനകളും അധികാരികളും വിവേകത്തോടെ ഒന്നിച്ചിരുന്നാലോചിച്ച് പരിഹാരം കാണേണ്ട അടിയന്തര വിഷയമാണിത്.