Connect with us

Articles

അപ്പോഴും സെക്യുലര്‍ ഫാബ്രിക്കിന് വലിയ മുറിവേറ്റിട്ടില്ല

കഴിഞ്ഞ മാര്‍ച്ച് 11ന് ഇന്‍സാഫ് കെ സിപാഹി എന്ന പേരില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്നതിന് വേണ്ടി പുതിയ ഒരു മൂവ്‌മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ് കപില്‍ സിബല്‍. ഇന്‍സാഫ് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ശ്രദ്ധേയവും രാജ്യത്തെ നവീകരിക്കാന്‍ ശേഷിയുള്ളതുമാണ്.

Published

|

Last Updated

ഇന്ത്യയുടെ രാഷ്ട്രീയ നിയമ രംഗങ്ങളില്‍ അര നൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുണ്ട് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്ര മന്ത്രിയുമായ കപില്‍ സിബലിന്. അമ്പത് വര്‍ഷത്തെ തന്റെ രാഷ്ട്രീയ നിയമ ജീവിതത്തില്‍ മുമ്പ് കാണാത്ത പലതും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം ഈയിടെ പലവുരു പറഞ്ഞത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപോര്‍ട്ട് ചെയ്തിരുന്നു. അങ്ങനെയിരിക്കെ കഴിഞ്ഞ മാര്‍ച്ച് 11ന് ഇന്‍സാഫ് കെ സിപാഹി എന്ന പേരില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി പൗരന്മാര്‍ക്ക് ഉറപ്പുവരുത്തുന്നതിന് വേണ്ടി പുതിയ ഒരു മൂവ്‌മെന്റിന് തുടക്കം കുറിച്ചിരിക്കുകയാണ് അദ്ദേഹം. സുപ്രീം കോടതി മുന്‍ ന്യായാധിപരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത തുടങ്ങിയ നീതിന്യായ രംഗത്തും പുറത്തുമുള്ള പ്രമുഖരുടെ പിന്തുണ ഇതിനകം കപില്‍ സിബലിന്റെ ഇന്‍സാഫിന് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്ന വഴിയിലെ സുപ്രധാന മുന്നേറ്റമായി ഇന്‍സാഫ് മാറുമെന്ന് ഈ ഘട്ടത്തില്‍ കരുതുന്നതില്‍ അര്‍ഥമില്ല. പക്ഷേ ഇന്‍സാഫ് മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ശ്രദ്ധേയവും രാജ്യത്തെ നവീകരിക്കാന്‍ ശേഷിയുള്ളതുമാണ്. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്കായുള്ള, വിവിധ തുറകളിലെ പ്രമുഖരുടെ സാന്നിധ്യവും വലിയ അളവില്‍ ജനകീയ പിന്തുണയുമുണ്ടായാല്‍ രാജ്യത്തെ കെട്ടകാലത്തെ തിരുത്താന്‍ പാകത്തിലുള്ള ഒരോളമാകാന്‍ ഇന്‍സാഫിന് കഴിയും.

നിയമ രംഗത്ത് കാലുറപ്പിച്ച വ്യക്തിത്വം എന്ന നിലയില്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് കാലവിളംബം കൂടാതെ നീതി ലഭ്യമാക്കാന്‍ കപില്‍ സിബല്‍ മുന്നോട്ടുവെച്ച ഫെഡറല്‍ ജുഡീഷ്യല്‍ സിസ്റ്റം ഗുണോന്മുഖമാണ്. നേരത്തേ ലോ കമ്മീഷന്‍ മുന്നോട്ടുവെച്ച ആശയത്തിന്റെ കൂടുതല്‍ തെളിച്ചമുള്ള രൂപമാണത്. രാജ്യത്തെ നാല് മേഖലകളായി വിഭജിച്ച് ഓരോന്നിനും ഒരു അന്തിമ അപ്പീല്‍ കോടതി. സംസ്ഥാന ഹൈക്കോടതികളില്‍ നിന്നെത്തുന്ന കേസുകളില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നത് പ്രസ്തുത കോടതികളായിരിക്കും. അതേസമയം ഡല്‍ഹിയില്‍ സുപ്രീം കോടതി ഭരണഘടനയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങള്‍ മാത്രം കേള്‍ക്കുകയും ചെയ്യും. അപ്പോള്‍ സുപ്രീം കോടതിയില്‍ നിലവിലുള്ള എണ്ണം ന്യായാധിപര്‍ ആവശ്യമുണ്ടാകില്ല. തത്തുല്യ യോഗ്യതയുള്ള ന്യായാധിപര്‍ നാല് മേഖലകളിലെ അപ്പീല്‍ കോടതികളില്‍ ന്യായാധിപരാകും. പരമോന്നത കോടതി എന്ന നിലയില്‍ രാജ്യത്തെ വിദൂര ദിക്കുകളിലെ ജനങ്ങള്‍ നീതി തേടി ഡല്‍ഹിയിലെത്തേണ്ട ദുരിതം അവസാനിക്കുമെന്ന് മാത്രമല്ല നമ്മുടെ നീതിന്യായ സംവിധാനത്തിന് ശാപമായി രാജ്യത്തെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് കേസുകളില്‍ എളുപ്പം തീര്‍പ്പ് കല്‍പ്പിക്കാനുമാകും. ഭരണഘടനാപരമായി പ്രധാനമായ വ്യവഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അത്തരം കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി വേഗത്തില്‍ വിധി പുറപ്പെടുവിക്കാനും സുപ്രീം കോടതിക്കാകും. സംഘ്പരിവാര്‍ പശ്ചാത്തലമുള്ള വൈസ് ചാന്‍സലര്‍മാരെ ഉപയോഗിച്ച് രാജ്യത്തെ യൂനിവേഴ്‌സിറ്റികളെയും അതുവഴി ഉന്നത വിദ്യാഭ്യാസ മേഖലയെയും തകര്‍ക്കുന്നതും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വേട്ടയാടാനുള്ള ഉപകരണങ്ങളായി അന്വേഷണ ഏജന്‍സികളെ മാറ്റുന്നതും ഉന്നയിക്കുന്ന ഇന്‍സാഫ് വിദ്വേഷ പ്രസംഗങ്ങളാല്‍ മലീമസമായ സാമൂഹികാന്തരീക്ഷത്തെ തിരുത്തണമെന്നുമാണ് ആവശ്യപ്പെടുന്നത്. കൂടാതെ പാര്‍ശ്വവത്കൃത വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വേണ്ടി വിദ്യാലയങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ക്ക് നികുതി ആനുകൂല്യങ്ങള്‍ നല്‍കുക, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി പെട്ടെന്ന് നിയമനം നല്‍കാന്‍ വൊക്കേഷനല്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുക തുടങ്ങിയ ഒട്ടേറെ നിര്‍ദേശങ്ങള്‍ കപില്‍ സിബല്‍ മുന്നോട്ടുവെക്കുന്നുണ്ട്.

രാജ്യത്തെ സേഫാക്കാന്‍ ഇന്‍സാഫ് ഒരുങ്ങുമ്പോള്‍ തന്നെ കപില്‍ സിബലിനെ ലക്ഷ്യംവെച്ച് രാഷ്ട്രീയ സ്വഭാവമുള്ള നീക്കങ്ങള്‍ സുപ്രീം കോടതി ബാര്‍ അസ്സോസിയേഷനില്‍ നടക്കുന്നു എന്നത് കാണാതിരിക്കാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് അനുവദിച്ച ഭൂമിയില്‍ ലോയേഴ്‌സ് ചേംബറിന് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെടുന്ന സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്റെ ഹരജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് കഴിഞ്ഞ മാര്‍ച്ച് രണ്ടിന്. നേരത്തേ ഹരജി ബഞ്ചിന്റെ പരിഗണനക്ക് വന്നിരുന്നെങ്കിലും വിചാരണക്കെടുത്തിരുന്നില്ല. അടിയന്തരമായി ഹരജി ലിസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് കൂടിയായ അഭിഭാഷകന്‍ വികാസ് സിംഗ് മുഖ്യ ന്യായാധിപനോട് കൊമ്പുകോര്‍ക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഒടുവില്‍ കോടതി മുറിയില്‍ നിന്ന് പുറത്തുപോകാന്‍ വികാസ് സിംഗിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. ആ സമയം ശിവസേനാ തര്‍ക്ക കേസിന് വേണ്ടി കോടതി മുറിയില്‍ കാത്തിരിപ്പുണ്ടായിരുന്നു മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും നീരജ് കിഷന്‍ കൗളും. സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്റെ പ്രസിഡന്റ് കൂടിയായ വികാസ് സിംഗിന്റെ അസ്വാഭാവിക പ്രതികരണത്തില്‍ അവിടെ ഉണ്ടായിരുന്ന മുതിര്‍ന്ന രണ്ട് അഭിഭാഷകരും ബാറിന് വേണ്ടി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിനോട് ക്ഷമാപണം നടത്തി.

ബാറും ബഞ്ചും തമ്മില്‍ അസ്വാരസ്യങ്ങളില്ലാതെ മുന്നോട്ടുപോകാന്‍ അതൊരു അനിവാര്യതയായിരുന്നു. അതിനപ്പുറം ബാര്‍ അസ്സോസിയേഷന്റെ അന്തസ്സിനെ ബാധിക്കുന്ന വിധം മറ്റു മാനങ്ങള്‍ അതിനുണ്ടെന്ന് കരുതാനാകില്ല. എന്നാല്‍ മാര്‍ച്ച് 16ന് സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ ജനറല്‍ ബോഡി മീറ്റിംഗ് ചേര്‍ന്ന് കപില്‍ സിബലിനും നീരജ് കിഷന്‍ കൗളിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് വികാസ് സിംഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം അഭിഭാഷകര്‍ മുന്നോട്ടുവരികയായിരുന്നു. പക്ഷേ വികാസ് സിംഗിന്റെ ഇടപെടലുകള്‍ക്കും മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനുമെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാര്‍ച്ച് 16ന് നിശ്ചയിച്ച ജനറല്‍ ബോഡി മീറ്റിംഗ് തന്നെ ഉപേക്ഷിക്കേണ്ടിവന്ന നിലയില്‍ കാര്യങ്ങളെത്തുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ പ്രമേയം പാസ്സാക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മുന്‍ അറ്റോര്‍ണി ജനറലും പ്രമുഖ അഭിഭാഷകനുമായ കെ കെ വേണുഗോപാല്‍ സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റിന് കത്തെഴുതുകയുണ്ടായി. കോടതി മുറിയിലെ മൊഴികളെ ബാര്‍ അസ്സോസിയേഷന്‍ ചോദ്യം ചെയ്യുന്നത് അപകടകരമായ കീഴ് വഴക്കമാകുമെന്ന വിമര്‍ശം ഉന്നയിച്ച് നിരവധി അഭിഭാഷകര്‍ രംഗത്ത് വരികയും ചെയ്തു. സുപ്രീം കോടതി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്റായി വികാസ് സിംഗ് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഏകപക്ഷീയ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന വിമര്‍ശം ബാറില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഭരണകൂട പ്രത്യയശാസ്ത്രത്തോട് അദ്ദേഹത്തിനുള്ള മമതയും അത്ര രഹസ്യമല്ല. സുപ്രീം കോടതി ന്യായാധിപ പദവിയില്‍ നിന്ന് വിരമിച്ചതില്‍ പിന്നെ വൈകാതെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിതനാകുക വഴി വിവാദപുരുഷനായ എസ് അബ്ദുന്നസീറിന് ഒരുക്കിയ വിടവാങ്ങല്‍ ചടങ്ങില്‍ വികാസ് സിംഗ് നടത്തിയ പ്രസംഗം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. അയോധ്യ കേസില്‍ ഐക്യകണ്ഠ വിധി അംഗീകരിച്ച ജസ്റ്റിസ് എസ് അബ്ദുന്നസീറിന്റെത് രാജ്യ താത്പര്യത്തിനൊപ്പം നില്‍ക്കുന്ന മനോഭാവമാണെന്നായിരുന്നു വികാസ് സിംഗിന്റെ പരാമര്‍ശം. സംഘ്പരിവാര്‍ ഇംഗിതമാണ് രാജ്യത്തിന്റെ താത്പര്യമെന്ന് ഒരു സുപ്രധാന ചടങ്ങില്‍ പറയാതെ പറഞ്ഞ വികാസ് സിംഗ് നിയമ മേഖലക്കും രാഷ്ട്രീയ ജീവിതത്തിനുമിടയില്‍ പാലം പണിത് ഇന്‍സാഫിനായി വഴിതുറക്കുന്ന കപില്‍ സിബലിനെതിരെ ലഭിച്ച അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബാറിനും ബഞ്ചിനുമിടയില്‍ രഞ്ജിപ്പ് പോലും വേണ്ടെന്ന് വെച്ച് കപില്‍ സിബലിനെ അവമതിക്കാന്‍ കൊണ്ടുവന്ന പ്രമേയത്തിന് രാഷ്ട്രീയ നിറമുണ്ടായിരുന്നു. അപ്പോഴും സെക്യുലര്‍ ഫാബ്രിക്കിന് വലിയ മുറിവേറ്റിട്ടില്ലാത്ത നമ്മുടെ അഭിഭാഷക സമൂഹത്തിന് മുമ്പില്‍ അത് ഏശിയില്ല എന്നതില്‍ നമുക്ക് ആശ്വസിക്കാം.

Latest