Connect with us

Business

ട്രംപിന്‍റെ പകരച്ചുങ്കത്തിൽ സ്റ്റോക്ക് മാർക്കറ്റിന്‌ നഷ്‌ടം 10 ട്രില്യൺ ഡോളർ

ട്രംപ് കഴിഞ്ഞയാഴ്ച വൻ താരിഫ് പ്രഖ്യാപിച്ചതിനുപിന്നാലെ ആഗോളവിപണി വൻ പ്രതിസന്ധിയാണ്‌ നേരിട്ടത്‌.

Published

|

Last Updated

വാഷിങ്‌ടൺ | യുഎസ് പ്രസിഡന്‍റ്‌  ഡൊണാൾഡ് ട്രംപിന്‍റെ പകരച്ചുങ്കം നയം ലോക ഓഹരി വിപണിക്കുണ്ടാക്കിയ നഷ്‌ടം 10 ട്രില്യൺ ഡോളറിലധികമെന്ന്‌ (ഏകദേശം 86 ലക്ഷം കോടി രൂപ) റിപ്പോർട്ട്‌.സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്‌ടമായാണ്‌ ബ്ലൂംബെർഗ്‌ റിപ്പോർട്ട്  ഇതിനെ വിശേഷിപ്പിക്കുന്നത്‌.ഈ നഷ്‌ടം യൂറോപ്യൻ യൂണിയന്‍റെ ജിഡിപിയുടെ പകുതിയിലധികം വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ട്രംപ് കഴിഞ്ഞയാഴ്ച വൻ താരിഫ് പ്രഖ്യാപിച്ചതിനു പിന്നാലെ ആഗോളവിപണി വൻ പ്രതിസന്ധിയാണ്‌ നേരിട്ടത്‌.മാന്ദ്യവും ആഗോള വ്യാപാര യുദ്ധവും ഭയന്ന് സ്റ്റോക്കുകൾ, ബോണ്ടുകൾ, ചരക്കുകൾ എന്നിവ ദിവസങ്ങളോളം അനിശ്ചിതത്വം നേരിട്ടു. അമേരിക്കൻ വിപണികളാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ടത്.

ട്രംപിന്‍റെ താരിഫ് പ്രഖ്യാപനത്തിനുപിന്നാലെ, വാൾസ്ട്രീറ്റ്‌ ശക്തമായി തകർച്ച നേരിട്ടു. ഏകദേശം ഒരു നൂറ്റാണ്ടിനിടെ ആദ്യമായി എസ് & പി തുടർച്ചയായി മൂന്ന് ശതമാനം ഇടിവ് നേരിട്ടു. എൽ പൈസിന്‍റെ റിപ്പോർട്ട് പ്രകാരം, 2020 ലെ കോവിഡ് മഹാമാരിയേക്കാൾ വലിയ ദുരന്തമാണ്‌ വിപണി നേരിട്ടത്‌.

ആഗോളതലത്തിലും വിപണികളെ ബാധിച്ചെങ്കിലും, യുഎസ് ഓഹരി വിപണിയാണ് ഏറ്റവും വലിയ ആഘാതം നേരിട്ടത്, “മാഗ്നിഫിസന്‍റ്‌ സെവൻ” എന്നറിയപ്പെടുന്ന ടെക് ഭീമന്മാരായ – ആപ്പിൾ, ഗൂഗിൾ, എൻവിഡിയ, മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ്, ടെസ്‌ല – എന്നിവരെയും പകരച്ചുങ്കം ബാധിച്ചു.

1.6 ട്രില്യൺ ഡോളറാണ്‌ ഈ ഏഴ്‌ കമ്പനികളുടെ ഓഹരിയിലെ നഷ്‌ടം. ആപ്പിളിനെയാണ്‌ ഏറ്റവും കൂടുതൽ ബാധിച്ചത്‌. അര ട്രില്യൺ ഡോളറിലധികം നഷ്‌ടമുണ്ടായി. ഏഷ്യയിൽ ഉപകരണങ്ങൾ പൂർണ്ണമായും നിർമ്മിക്കുന്നതിനാലാണ്‌ ആപ്പിളിനെ താരിഫ്‌ നയം കൂടുതൽ ബാധിച്ചത്‌. എൻവിഡിയയ്ക്ക് 385 ബില്യൺ ഡോളർ നഷ്ടവും സംഭവിച്ചു.തൊട്ടുപിന്നിൽ ആമസോണിന് 262 ബില്യൺ ഡോളറും നഷ്ടമുണ്ടായി. ഇതിനുപുറമെ, പരമ്പരാഗത യുഎസ് സമ്പദ്‌വ്യവസ്ഥയിലെ ഭീമന്മാരായ ജെപി മോർഗൻ, എലി ലില്ലി, ബെർക്ക്‌ഷെയർ ഹാത്ത്‌വേ, വിസ, എക്‌സോൺ മൊബിൽ, വാൾമാർട്ട്, ബാങ്ക് ഓഫ് അമേരിക്ക എന്നിവയും മൂന്ന് ദിവസത്തിനുള്ളിൽ 54 ബില്യൺ ഡോളറിലധികം നഷ്ടം നേരിട്ടതായി എൽ പൈസ് റിപ്പോർട്ട് പറയുന്നു.

ഇംപാക്റ്റ് ബിയോണ്ട് യുഎസ്

യുഎസ് ഓഹരികൾ ഏറ്റവും കൂടുതൽ തകർന്നെങ്കിലും മറ്റ് രാജ്യങ്ങളും സാമ്പത്തിക നഷ്ടം നേരിട്ടു.സൗദി അറേബ്യയുടെ സ്റ്റേറ്റ് ഓയിൽ ഭീമനായ അരാംകോയ്ക്ക് മൂന്ന് ദിവസത്തിനുള്ളിൽ 138 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചു.അമേരിക്കൻ കമ്പനികളേക്കാൾ വലിപ്പത്തിൽ ചെറുതാണെങ്കിലും യൂറോപ്യൻ കമ്പനികൾക്കും രക്ഷയുണ്ടായില്ല. എച്ച്എസ്ബിസി, ഷെൽ (യുകെ), സീമെൻസ് (ജർമ്മനി), എൽവിഎംഎച്ച് (ഫ്രാൻസ്), ടോട്ടൽ (ഫ്രാൻസ്), എസ്എപി (ജർമ്മനി), ആക്സെഞ്ചർ (അയർലൻഡ്), നോവോ നോർഡിസ്ക് (ഡെൻമാർക്ക്) തുടങ്ങിയ കമ്പനികൾ ഏറ്റവും വലിയ നഷ്ടം നേരിട്ടവരുടെ പട്ടികയിലുണ്ടെന്ന് റിപ്പോർട്ടുണ്ട്.ചൈനയിലെ ആലിബാബ, ജപ്പാനിലെ ടൊയോട്ട, മിത്സുബിഷി എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ കമ്പനികളും നഷ്‌ടം രുചിച്ചു.

Latest