Business
ഓഹരി വിപണിയിലെ കൃത്രിമം വെളിച്ചത്തായി; തകർന്നടിഞ്ഞ് അദാനി
ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് പുറത്തവന്ന ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തിനുള്ളിൽ അദാനിയുടെ ആസ്തി 10 ശതമാനത്തിലധികം കുറഞ്ഞതായാണ് കണക്കുകൾ
ന്യൂഡൽഹി | ഓഹരിയിൽ കൃത്രിമം കാണിച്ചുവെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് പിന്നാലെ കനത്ത നഷ്ടം നേരിട്ട് അദാനി ഗ്രൂപ്പ. അദാനി ടോട്ടൽ ഗ്യാസിന്റെയും അദാനി ട്രാൻസ്മിഷന്റെയും ഓഹരികൾ 20 ശതമാനം വീതം ഇടിഞ്ഞു. ഇത് അദാനി ഗ്രൂപ്പിനെ സാരമായി ബാധിച്ചിരിക്കുകയാണ്.
റിപ്പോർട്ട് പുറത്തവന്ന ബുധനാഴ്ച മുതൽ മൂന്ന് ദിവസത്തിനുള്ളിൽ അദാനിയുടെ ആസ്തി 10 ശതമാനത്തിലധികം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം ഒരു ലക്ഷത്തി 44,000 കോടിയിലധികം രൂപയുടെ നഷ്ടമാണ് അദാനി നേരിട്ടത്. അദാനിയുടെ കമ്പനികളുടെ വിപണി മൂലധനവും കുറഞ്ഞു. ഇതുമൂലം നിക്ഷേപകർക്ക് 2.75 ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടം നേരിട്ടു.
ഫൊറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗ് ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. അദാനി ഗ്രൂപ്പിന്റെ 7 പ്രമുഖ ലിസ്റ്റഡ് കമ്പനികൾക്കും വൻ കടബാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലാ ഗ്രൂപ്പ് കമ്പനികളുടെയും ഓഹരികൾ 85 ശതമാനത്തിലധികം അധികമൂല്യമുള്ളവയാണ്. അദാനി ഗ്രൂപ്പാണ് ഓഹരികളിൽ കൃത്രിമം കാണിച്ചത്. അക്കൗണ്ടിങ്ങിൽ തട്ടിപ്പ് നടന്നു. അദാനി ഗ്രൂപ്പ് നിരവധി പതിറ്റാണ്ടുകളായി വിപണി കൃത്രിമം, അക്കൗണ്ടിംഗ് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് അടിവരയിടുന്നു.
റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ മൊത്തം ആസ്തി 97.5 ബില്യൺ ഡോളറായി കുറഞ്ഞു. അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ 20,000 കോടി രൂപയുടെ ഫോളോ-ഓൺ പബ്ലിക് ഓഫർ വെള്ളിയാഴ്ച തുറന്നിരുന്നു. ഓഹരിയൊന്നിന് 3,112 രൂപ മുതൽ 3,276 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഇന്ന് കനത്ത ഇടിവ് മൂലം അദാനി എന്റർപ്രൈസസിന്റെ വിഹിതം 2,918 രൂപയായി കുറഞ്ഞു. 14% ഇടിവാണ് രേഖപ്പെടുത്തിയത്.
ഹിൻഡൻബർഗ് റിപ്പോർട്ട് ഫോബ്സ് പട്ടികയിലും അദാനിയെ പിന്നിലാക്കി. അദാനി ഗ്രൂപ്പിന്റെ ഉടമ ഗൗതം അദാനി ഫോബ്‌സ് സമ്പന്നരുടെ പട്ടികയിൽ നാലാം സ്ഥാനത്തുനിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജനുവരി 25ന് 9.20 ലക്ഷം കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ ആസ്തി വെള്ളിയാഴ്ച 7.76 ലക്ഷം കോടിയായി കുറഞ്ഞതോടെയാണ് തിരിച്ചടിയുണ്ടായത്.
അതേസമയം, ഗ്രൂപ്പിന് എതിരായ ആരോപണങ്ങൾ അസംബന്ധമാണെന്ന് അദാനി ഗ്രൂപ്പിന്റെ C.F.O ജഗ്ഷിന്ദർ സിംഗ് പറഞ്ഞു. റിപ്പോർട്ട് വസ്തുതാ വിരുദ്ധമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും വ്യക്തമാക്കി. ഹിൻഡൻബർഗ് സ്ഥാപനത്തിനെതിരെ നിയമനടപടിയിലേക്ക് കടക്കുമെന്നും അദാനി ഗ്രൂപ്പ് സൂചനനൽകി. എന്നാൽ അദാനി ഗ്രൂപ്പിന്റെ ഏത് നിയമ നടപടിയെയും സ്വാഗതം ചെയ്യുമെന്ന് ഹിൻഡൻബർഗ് പറഞ്ഞു.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ – സെബി അദാനി ഗ്രൂപ്പിന്റെ ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനി ഗ്രൂപ്പ് നടത്തിയ എല്ലാ ഇടപാടുകളെക്കുറിച്ചും സെബി അന്വേഷിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.