National
ട്രാക്കിൽ കല്ലും ഇരുമ്പ് കഷ്ണങ്ങളും; വന്ദേഭാരത് എക്സ്പ്രസ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ അപകടം ഒഴിവാക്കി
ജയ്പൂർ | വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം വിഫലമായി. ഉദയ്പൂർ ജയ്പ്പൂർ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുന്ന ട്രാക്കിൽ ഇഷ്ടികയുടെ അത്രയും വലിപ്പമുള്ള കല്ലുകളും ഇരുമ്പ് കഷ്ണങ്ങളും പെറുക്കിവെച്ചാണ് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ചത്. ഇത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെട്ടതിനാൽ വൻദുരന്തം ഒഴിവായി.
സെപ്തംബർ 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ട്രെയിനാണ് ഉദയ്പൂർ – ജയ്പൂർ വന്ദേഭാരത് എക്സ്പ്രസ്. ട്രെയിൻ ഉദയ്പൂരിൽ നിന്ന് ജയ്പൂരിലേക്ക് പോകുന്നതിനിടെ ചിറ്റോർഗഡിന് സമീപം രാവിലെ 9.55 ഓടെയായിരുന്നു സംഭവം.
റെയിൽവേ ജീവനക്കാർ ട്രാക്കിൽ നിന്ന് കല്ലുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഗംഗ്രാർ, സോണിയാന സ്‌റ്റേഷനുകൾക്കിടയിലുള്ള ട്രാക്കുകൾ വിശദമായി പരിശോധിച്ചപ്പോൾ അയഞ്ഞ ഫാസ്റ്റനറും ജീവനക്കാർ കണ്ടെത്തി.