Connect with us

Stone on the railway tracks

കാസര്‍ക്കോട് റെയില്‍പാളത്തില്‍ കല്ല്; കുട്ടികളാണെങ്കിലും കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ്

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ റെയില്‍ പാളത്തില്‍ കല്ലുവച്ച നാലു സംഭവങ്ങളാണു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Published

|

Last Updated

കാസര്‍കോട് | റെയില്‍പാളത്തില്‍ കല്ലുവെക്കുന്ന സംഭവങ്ങള്‍ കാസര്‍ക്കോട് ജില്ലയില്‍ പെരുകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു പോലീസ്. ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നതു കുട്ടികളാണെങ്കിലും വെറുതെ വിടില്ല. പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണിത്.

റെയില്‍പാളത്തിനു സമീപം വീടുകളുള്ള മാതാപിതാക്കള്‍ കുട്ടികളെ കളിക്കാന്‍ വിടുമ്പോള്‍ അവരെ നിരീക്ഷിക്കണമെന്നും പോലീസ് നിര്‍ദേശിച്ചു. റെയില്‍പാളത്തിന് സമീപത്തുള്ള വീടുകളില്‍ ബോധവത്ക്കരണം നടത്തിയിട്ടും നിരന്തരം ഇത്തരം നിയമ ലംഘനങ്ങള്‍ ഉണ്ടാകുന്നത് ന്യായീകരിക്കാനാവില്ലെന്നാണു പോലീസ് പറയുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ റെയില്‍ പാളത്തില്‍ കല്ലുവച്ച നാലു സംഭവങ്ങളാണു ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കുട്ടികളായതിനാല്‍ കേസെടുക്കാതെ വെറുതെ വിടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പടന്നക്കാട് റെയില്‍ പാളത്തില്‍ കല്ല് വച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. ഇതിനു പിന്നില്‍ ഏഴുവയസുള്ള രണ്ടു കുട്ടികളാണെന്നു കണ്ടെത്തി. കല്ലിനു മുകളില്‍ ട്രെയിന്‍ കയറുമ്പോഴുള്ള ശബ്ദവും പുകയും കാണാനാണ് കല്ലുവച്ചതെന്നാണു കുട്ടികള്‍ പറഞ്ഞത്.

ഒരാഴ്ച മുമ്പ് ഇഖ്ബാല്‍ ഗേറ്റില്‍ റെയില്‍പാളത്തില്‍ കല്ലുകള്‍ വച്ചതും പന്ത്രണ്ട് വയസുള്ള കുട്ടികളായിരുന്നു. നെല്ലിക്കുന്ന് പള്ളത്തും കളനാടും സമാന സംഭവങ്ങളുണ്ടായിരുന്നു. ഈ സംഭവങ്ങളിലെല്ലാം ചെറിയ കുട്ടികളായതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല. ഇനി ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിച്ചാല്‍ കുട്ടികളാണെന്ന പരിഗണന നല്‍കില്ലെന്നാണു പോലീസ് നല്‍കുന്ന മുന്നറിയിപ്പ്.

 

Latest