Connect with us

National

വോട്ടെടുപ്പിനിടെ ബംഗാളിലെ ബൂത്തിന് സമീപം കല്ലേറ്

കൂച്ച് ബിഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസ് കത്തിച്ച നിലയില്‍ കണ്ടെത്തി.

Published

|

Last Updated

കൊല്‍ക്കത്ത|ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് പുരോഗമിക്കവെ പശ്ചിമ ബംഗാളിലെ ചന്ദാമാരിയിലെ ബൂത്തിന് സമീപം കല്ലേറ്. സംഭവത്തിന് പിന്നാലെ ബി.ജെ.പിക്കെതിരെ ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. അക്രമത്തിന് നേതൃത്വം നല്‍കിയത് ബി.ജെ.പി എം.പി നിഷീത് പ്രമാണിക്കാണെന്ന് തൃണമൂല്‍ ആരോപിച്ചു.

അതേസമയം തൃണമൂല്‍ പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് ബി.ജെ.പി പ്രതികരിച്ചു. അതിനിടെ, ബംഗാളിലെ കൂച്ച് ബിഹാറിലെ ബറോകോദാലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍ കണ്ടെത്തി. ഓഫീസ് ആക്രമിച്ചതിന് പിന്നിലും ബി.ജെ.പിയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലേതുമായി 16 കോടിയില്‍പരം വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലെത്തും. 102 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. തമിഴ്നാട്, രാജസ്ഥാന്‍, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

ഇതിന് പുറമെ ലക്ഷദ്വീപ്, പുതുച്ചേരി മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 1.87 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 16.63 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. 1600 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കാശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദര്‍ യാദവ്, അര്‍ജുന്‍ റാം മേഘ്വാള്‍, സര്‍ബാനന്ദ സോനോവാള്‍, കിരണ്‍ റിജിജു, ചിരാഗ് പാസ്വാന്‍, നകുല്‍ നാഥ്, കെ അണ്ണാമലൈ, തമിഴിസൈ സൗന്ദരരാജന്‍, കനിമൊഴി കരുണാനിധി, ജിതിന്‍ പ്രസാദ, ഭൂപേന്ദ്ര യാദവ്, കാര്‍ത്തി ചിദംബരം, ബിപ്ലബ് ദേബ് തുടങ്ങിയവരാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.

 

 

 

Latest