National
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്
തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രമാണിക്
കൊല്‍ക്കത്ത | കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറ്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലേക്ക് പോയ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെയാണ് കല്ലേറുണ്ടായത്.
തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രമാണിക് ആരോപിച്ചു. കേന്ദ്രമന്ത്രിയുടെ എസ് യു വിയുടെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കേണ്ടി വന്നു. കൂച്ച് ബിഹാറില്‍ നിന്നുള്ള എംപിയാണ് പ്രമാണിക്.
ഒരു മന്ത്രി സുരക്ഷിതനല്ലെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ബംഗാളിലെ ജനാധിപത്യത്തിന്റെ അവസ്ഥയാണ് സംഭവം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണം നടക്കുമ്പോള്‍ കേന്ദ്രമന്ത്രി ബിജെപിയുടെ പ്രാദേശിക ഓഫീസിലേക്ക് പോകുകയായിരുന്നു.
പ്രമാണിക്കിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. മേഖലയില്‍ എവിടെ പോയാലും കരിങ്കൊടി മാത്രമേ കാണൂ എന്ന് തൃണമൂല്‍ നേതാവ് ഉദയന്‍ ഗുഹ പറഞ്ഞിരുന്നു.