search for arjun
പോലീസ് തടയുന്നു; ഗംഗാവലി പുഴയിലെ ദൗത്യത്തില്‍ നിന്ന് ഈശ്വര്‍ മാല്‍പെ പിന്‍വാങ്ങി
അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുകയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു
ബെംഗ്‌ളൂരു | പോലീസ് തടയുന്നതിനാല്‍ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തെരച്ചിലില്‍ നിന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പിന്‍വാങ്ങി.
പോലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും അധികം ഹീറോ ആകേണ്ടെന്നും പോലീസ് തന്നോട് പറഞ്ഞതായും അതിനാല്‍ ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി ജില്ലാ ഭരണകൂടം രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമേ വരൂ. തെരച്ചില്‍ വിവരങ്ങള്‍ ആരോടും പറയരുതെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഉടുപ്പി സ്വദേശിയായ പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അര്‍ജുന്‍ ദൗത്യത്തില്‍ സ്വമേധയാ പങ്കാളിയായതാണ്. ഇന്നലെയും ഇന്നും നദിയിലേക്ക് ഇറങ്ങിയ മാല്‍പെയാണ് അര്‍ജുന്റെ ലോറിയിലെ മരങ്ങളടക്കം കണ്ടെത്തിയത്. മറ്റൊരു ലോറിയുടെ ഭാഗവും സ്‌കൂട്ടറും നദിക്കടിയില്‍ നിന്ന് കണ്ടെടുത്തിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടവും പോലീസും സഹകരിക്കുന്നില്ലെന്നാണ് ഈശ്വര്‍ മാല്‍പെ തുറന്നടിക്കുന്നത്.
വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് മാല്‍പെ ആരോപിച്ചു. അര്‍ജുന്റെ കുടുംബത്തിന് താന്‍ വാക്ക് നല്‍കിയിരുന്നു. അധികൃതരോട് വഴക്ക് കൂടി നില്‍ക്കാന്‍ വയ്യാത്തതിനാല്‍ മടങ്ങുകയാണ്. അര്‍ജുന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുകയാണെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.