pinarayi
ബസ്സിനു മുന്നിലേക്കു ചാടുന്നവരെ തടയുന്നത് ജീവന്‍ രക്ഷാ പ്രവര്‍ത്തനം തന്നെ: മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്.
തിരുവനന്തപുരം: കരിങ്കൊടി കാട്ടി നവകേരള ബസ്സിനു മുന്നിലേക്കു ചാടാന്‍ ശ്രമിച്ചവരെ തടഞ്ഞത് ജീവന്‍രക്ഷാ പ്രവര്‍ത്തനം തന്നെയാണെന്ന് വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ബസിനുമുന്നിലേക്കു ചാടാന്‍ ശ്രമിക്കുന്നവരെ രക്ഷിക്കുക തന്നെയാണ് ചെയ്തത്. കെ എസ് യു മാര്‍ച്ച് നടത്തുന്നതിന് എന്തിനാണെന്നും ഏത് വിദ്യാര്‍ഥി പ്രശ്നമാണ് അവര്‍ക്ക് ഉന്നയിക്കാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബസിനുമുന്നില്‍ ചാടിയാല്‍ അപകടം പറ്റും. അപകടം സംഭവിച്ചാല്‍ പിന്നീട് പ്രശ്നങ്ങളുണ്ടാക്കാം. ഇങ്ങനെ ഹീനബുദ്ധി പാടുണ്ടോ. എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുത. നിങ്ങള്‍ ആരാണ് ഇവരെ രക്ഷിക്കാന്‍ എന്നാണു കെ പി സി സി പ്രസിഡന്റ് ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ്. ഉത്തരവാദപ്പെട്ട ഏതെങ്കിലും പ്രസ്ഥാനത്തിന് ഇത്തരത്തിലുള്ള നിലപാട് സ്വീകരിക്കാന്‍ പറ്റുമോ. എന്തെല്ലാം ചെയ്തിട്ടും ലക്ഷ്യം കാണുന്നില്ലായെന്ന് വരുമ്പോള്‍ അവര്‍ സ്വയം പ്രകോപിതരാവുകയാണ്.
പ്രകോപനം സൃഷിടിച്ച് സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ഗവര്‍ണറും ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നാടിന്റെ സമാധാനം തകര്‍ത്ത് സംഘര്‍ഷം ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും സമൂഹം സംയമനം പാലിച്ചു. എസ് എഫ് ഐ പ്രതിഷേധങ്ങള്‍ നടത്തിയതും സംയമനം പാലിച്ചുകൊണ്ടാണ്.ഗവര്‍ണര്‍ ആഗ്രഹിച്ചപോലെ സംഘര്‍ഷ അന്തരീക്ഷം ഉണ്ടായില്ല.
ചാന്‍സിലറുടെ നിലവാര തകര്‍ച്ചയിലേക്ക് വിദ്യാര്‍ഥികള്‍ പോയില്ല. വിദ്യാര്‍ഥികളെ പറയാന്‍ ഇനി മോശം വാക്കുകളൊന്നുമില്ല. ഗവര്‍ണറുടെ കെണിയില്‍ വിദ്യാര്‍ഥികള്‍ വീണില്ലെന്നും ഉയര്‍ന്ന ബോധത്തോടെ വിദ്യാര്‍ഥികള്‍ നിന്നെന്നും അദ്ദേഹം പറഞ്ഞു.