National
ചാലക്കുടി മണ്ഡലത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കി ബെന്നി ബഹനാന്‍
നിര്‍മ്മാണം പുരോഗമിക്കുന്ന അങ്ങാടിക്കടവ് അടിപ്പാതയുടെ പണികള്‍ വേഗത്തിലാക്കണം
ന്യൂഡല്‍ഹി| ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളായ അങ്കമാലി, ചാലക്കുടി, ആലുവ റെയില്‍വേ സ്റ്റേഷനുകളില്‍ കൂടുതല്‍ തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി. ഇതേ വിഷയം പാര്‍ലമെന്റില്‍ ചട്ടം 377 പ്രകാരവും അദ്ദേഹം സഭയുടെ ശ്രദ്ധയിലും കൊണ്ടുവന്നു.
കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഏറ്റവും അടുത്തുള്ള അങ്കമാലി, ചാലക്കുടി, ആലുവ റെയില്‍വേ സ്റ്റേഷനുകളുടെ സേവനം പ്രതിവര്‍ഷം 1 കോടിയിലധികം യാത്രക്കാര്‍ക്കാണ് ഗുണം ചെയ്യുന്നത്. അതില്‍ 36.95 ലക്ഷം അന്താരാഷ്ട്ര യാത്രക്കാരും ഉള്‍പ്പെടുന്നതായും എം പി ചൂണ്ടിക്കാട്ടി.
അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ പാലരുവി എക്‌സ്പ്രസ്സ്, ധന്‍ബാദ് എക്‌സ്പ്രസ്സ്, ഏറനാട് എക്‌സ്പ്രസ്സ്, രാജ്യറാണി എക്‌സ്പ്രസ്സ്, അമൃത എക്‌സ്പ്രസ്സ്, നേത്രാവതി എക്‌സ്പ്രസ്സ് എന്നീ ട്രെയിനുകള്‍ക്കാണ് അടിയന്തിരമായി സ്റ്റോപ്പ് അനുവദിക്കേണ്ടത്.ഒപ്പം ചാലക്കുടി, ആലുവ റയില്‍വേ സ്റ്റേഷനുകളില്‍ ഇവയ്ക്ക് പുറമെ ചെന്നൈ മെയിലിന്റെ സ്റ്റോപ്പിന്റെ ആവശ്യകതയെക്കുറിച്ചും എംപി മന്ത്രിയെ ധരിപ്പിച്ചു.
കൂടാതെ നിര്‍മ്മാണം പുരോഗമിക്കുന്ന അങ്ങാടിക്കടവ് അടിപ്പാതയുടെ പണികള്‍ വേഗത്തിലാക്കണമെന്നും, ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എംപി മന്ത്രിക്ക് നല്‍കിയ നിവേദത്തില്‍ ആവശ്യപ്പെട്ടു.
അങ്കമാലി നഗര സഭയെയും സമീപ പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അങ്കമാലി – കൊടുശ്ശേരി – വട്ടപ്പറമ്പ് റോഡിലെ അങ്ങാടിക്കടവ് ലെവല്‍ ക്രോസില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അടിപ്പാത നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യത്തേതുടര്‍ന്നാണ് റെയില്‍വേ ഇവിടെ അടിപ്പാതയ്ക്ക് അനുമതി നല്‍കിയത്. എന്നാല്‍ അടിപ്പാതയില്‍ കൂടെയുള്ള ഗതാഗതം സുഗമമാകുന്നതിന് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിര്‍മിക്കേണ്ടത് അനിവാര്യമാണെും എംപി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.