Uae
വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കളൂടെ സംഭരണ കേന്ദ്രം കണ്ടെത്തി; മൂന്ന് പേര്‍ അറസ്റ്റില്‍
സാമ്പത്തിക വികസന വകുപ്പിന്റെ രഹസ്യവിവരം അനുസരിച്ചായിരുന്നു അന്വേഷണമെന്ന് പോലീസ് പറഞ്ഞു.
റാസ് അല്‍ ഖൈമ | വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സംഭരിച്ച് വിതരണം നടത്തിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ട് സംഭരണ കേന്ദ്രങ്ങളില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. ഏതാണ്ട് 2.3 കോടി ദിര്‍ഹം വിലമതിക്കുന്ന 650,000-ലധികം ‘ബ്രാന്‍ഡഡ്’ ലിപ്സ്റ്റിക്കുകള്‍, ഷാംപൂ, മറ്റ് വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. എല്ലാം വ്യാജമാണെന്ന് കണ്ടെത്തി.
സാമ്പത്തിക വികസന വകുപ്പിന്റെ രഹസ്യവിവരം അനുസരിച്ചായിരുന്നു അന്വേഷണമെന്ന് പോലീസ് പറഞ്ഞു. അറബ് വംശജരാണ് പ്രതികളായ മൂന്ന് പേരും. ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. വിവരം ലഭിച്ചയുടന്‍ തന്നെ അതോറിറ്റി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. ദിവസങ്ങളോളം വെയര്‍ഹൗസുകള്‍ നിരീക്ഷിച്ചതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റീവ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ അല്‍ ഔദ് അല്‍ തുനൈജി പറഞ്ഞു. ഈ കാലയളവില്‍, ഗോഡൗണുകളിലെ ലോഡിംഗ്, സ്റ്റോറേജ് പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് അവര്‍ കണ്ടെത്തി.നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരീകരിച്ചതോടെ, റെയ്ഡിന് അനുമതി ലഭിച്ചു.
എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയും നിരീക്ഷണം തുടരുമെന്ന് പോലീസ് ഓപറേഷന്‍സ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേ. അഹ്്മദ് സെയ്ദ് മന്‍സൂര്‍ പറഞ്ഞു.