Connect with us

book review

പ്രവാസത്തിലെ കഥാസരണികൾ

തീർത്തും അപരിചിതവും ദുസ്സഹവുമായ ചുറ്റുപാടിൽ ഒറ്റപ്പെടലിന്റെ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന അമീന് അതിജീവനത്തിന്റെ കരുത്തു പകരുന്നതും സഹായിയാവുന്നതും തന്റെ അറബിമുതലാളിയായ ആലിയും കുടുംബവുമാണ് എന്നതിൽതന്നെ നാം പരിചയപ്പെട്ടുപോന്ന ആടുജീവിതങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിനെ ഈ കഥ മുന്നോട്ടു വെക്കുന്നു.

Published

|

Last Updated

പ്രവാസം എന്നു കേൾക്കുമ്പോഴേക്കും അറേബ്യൻ മരുഭൂമിയിലെ ദുരിതജീവിതം എന്നുള്ള പരമ്പരാഗത സങ്കൽപ്പത്തിന് വലിയൊരു തിരുത്താണ് കുഞ്ഞമ്മദ് കുരാച്ചുണ്ടിന്റെ “അത്തിക്കയുടെ പ്രവാസം’ എന്ന അഞ്ച് കഥകളടങ്ങിയ 158 പേജുള്ള പുസ്തകം. ഇതിൽ ആദ്യത്തെ കഥയായ “അത്തിക്കയുടെ പ്രവാസം” 36 പേജിലും രണ്ടാമത്തെ കഥയായ “ഇടയൻ’ 56 പേജിലുമായി രണ്ടുനോവലെറ്റുകളായി പരിഗണിക്കാവുന്ന നീണ്ട രചനകളുമാണ്. പ്രവാസത്തെ മുന്പ് എഴുതിയവരാരും സമീപിക്കാത്ത രീതിയിലാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്.

അറേബ്യയിലേക്ക് കടക്കാൻ മോഹിച്ച് മുംബൈയിൽ എത്തിയ അത്തിക്ക മാനസിക സമനിലതെറ്റി ബോംബെയിലെ അഴുക്കു ജീവിതത്തിൽ എത്തിച്ചേരുന്നു. പിന്നീട് അവിടെ നിന്ന് തിരിച്ചു നാട്ടിലെത്താനാവാതെ ആ അഴുക്കുപുരണ്ട ജീവിതത്തിൽ കിടന്ന് വിധിയോട് സമരസപ്പെട്ട് ജീവിതം തള്ളിനീക്കുന്ന വിചിത്രമായൊരു പ്രവാസത്തെയാണ് അവതരിപ്പിക്കുന്നത്.
വായനക്കാരുടെ ഉളളുലയ്ക്കാൻ പര്യാപ്തമാവുന്ന തരത്തിൽ മുംബൈക്ക് മുമ്പുള്ള ബോംബെ എന്ന മഹാനഗരത്തിന്റെ തടവറയിൽ തളച്ചിടപ്പെട്ട അത്തിക്കയിലൂടെ വായനക്കാരെ പ്രവാസത്തിന്റെ മറ്റൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ് ഈ കഥയിൽ.

ഏതു ദുരിതക്കയത്തിൽ ചെന്നുപെട്ടാലും തങ്ങളുടെ വേരുകളിലേക്ക് തിരിച്ചു നടക്കാൻ ആഗ്രഹിക്കാതെ എത്തിപ്പെട്ടിടത്തെ അവസ്ഥകളെ പുൽകുകയും അതിൽ ലയിച്ചു ചേരുകയും ചെയ്യുന്ന ഒരു പ്രവണത പ്രവാസം വ്യക്തികളിൽ അറിയാതെ രൂപപ്പെടുത്തുന്നു എന്നൊരു സന്ദേശം ഈ കഥയിൽ ഉൾച്ചേർന്നു കിടക്കുന്നുമുണ്ട്. തുടർന്നുവരുന്ന “ഇടയൻ” 56 പേജുകളിൽ കോറിയിട്ട കഥയാണ്. ശരിക്കും ഈ പുസ്തകത്തെ ഏറെ ശ്രദ്ധേയമാക്കുന്നതും വായിപ്പിക്കുന്നതും. ഈ കഥയാണ്. ആടുജീവിതമെന്നാൽ വെറും ദുരിതമല്ലെന്നും അതിൽ മരുഭൂമിയുടെ കാരുണ്യവും അറേബ്യൻ ബദുവിയൻ ജീവിതത്തിലെ മാനവികതയുടെ ഉദാത്തതകളും വേണ്ടുവോളം ഉൾച്ചേർന്നു കിടക്കുന്ന ഒന്നാണെന്നും ഒരു ആട്ടിടയന്റെ അനുഭവങ്ങളെ സാക്ഷിയാക്കി ഈ കഥ വായനക്കാരെ ഉണർത്തുന്നു. അറേബ്യൻ മരുഭൂവിലേക്ക് ആട്ടിടയനായി എത്തിപ്പെട്ട യു പിക്കാരൻ അമീന്റെ ജീവിതകഥയിലൂടെ സഞ്ചരിക്കുന്ന അതിമനോഹരമായ ചെറു നോവൽ ആവിഷ്്കാരമാണ് ഈ കഥ.

ഇവിടെയും ആടുജീവിതം എന്നുകേൾക്കുമ്പോഴേക്കും വായനക്കാരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന നജീബ് അനുഭവിച്ച ദുരന്തത്തിന്റെയും ക്രൂരമായ പീഡനത്തിന്റെയും അനുഭവങ്ങൾക്ക് വലിയ തിരുത്ത് വരുന്നുണ്ട്.

ആലിമന്തീല് എന്ന സഊദി പൗരൻ ആടുവളർത്തൽ കൃഷിയായി സ്വീകരിച്ചത് ലാഭം മാത്രം മുന്നിൽ കണ്ടല്ല. ആലിമന്തീലിന് ആടുമേക്കാരനായി എത്തിയത് ഇന്ത്യയിലെ യു പിയിൽ നിന്നുള്ള അമീനാണ്. തീർത്തും അപരിചിതവും ദുസ്സഹവുമായ ചുറ്റുപാടിൽ ഒറ്റപ്പെടലിന്റെ ഭയപ്പാടോടെ ജീവിക്കേണ്ടി വരുന്ന അമീന് അതിജീവനത്തിന്റെ കരുത്തു പകരുന്നതും സഹായിയാവുന്നതും തന്റെ അറബിമുതലാളിയായ ആലിയും കുടുംബവുമാണ് എന്നതിൽതന്നെ നാം പരിചയപ്പെട്ടുപോന്ന ആടുജീവിതങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിനെ ഈ കഥ മുന്നോട്ടു വെക്കുന്നു.

ഇന്നേവരെ പണിയെടുക്കുന്ന ഒരു സ്ഥലത്തും മുതലാളിയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയാത്ത അമീന് അറബിയുടെ വീട്ടിൽ അവരുടെ കൂടെ ഒരേ പാത്രത്തിൽ നിന്ന് സുഭിക്ഷമായ ഭക്ഷണം കഴിക്കാനുള്ള അവസരം ഒത്തുവന്നത് അതിനുദാഹരണമാണ്. മരുഭൂമിയിൽ ഒറ്റപ്പെട്ട ജീവിതത്തിൽ അമീന് കൂട്ടുകാരനായി മരുഭൂമിയിൽ തന്നെയുള്ള ബംഗ്ലാദേശുകാരനായ മറ്റൊരു ആട്ടിടയൻ ബിലാൽ എത്തുന്നതിൽ അതൃപ്തിയുള്ള ബിലാലിന്റെ മുതലാളിയിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന ക്രൂരമായ പെരുമാറ്റത്തേയും അതിനെ ചെറുത്ത് അമീന് സംരക്ഷണമൊരുക്കാനും ആലിമന്തീല് എന്ന മുതലാളിയും അയാളുടെ കുടുംബവും സന്നദ്ധമാവുന്നു എന്നിടത്ത് അർബാബുമാരെക്കുറിച്ചുള്ള ഒരു മാറിച്ചിന്തിക്കലിന് പ്രസക്തി ഏറെയുണ്ട്.

കൂടാതെ ആടുകളുമായി അലഞ്ഞുനടക്കൽ കുറയ്ക്കലിന്റെ ഭാഗമായി ആലി അമീന് ഒരു കഴുതയെ വാഹനമായി വാങ്ങിക്കൊടുക്കുന്നു. പിന്നീട് കഴുതപ്പുറത്തേറിയുള്ള സഞ്ചാരത്തിലൂടെ മരുഭൂമിയുടെ വന്യസൗന്ദര്യത്തിലേക്കും അതിന്റെ ആവാസവ്യവസ്ഥയിലേക്കും അറിവുനൽകുന്ന നിരവധി സംഭവങ്ങളും ഇടയൻ എന്ന കഥയിൽ മരുഭൂമിയെ കുറിച്ചുള്ള പഠനമായും വായനക്കാരിൽ അനുഭൂതിദായകമാകുന്നു.

ഒടുവിൽ രോഗം എന്ന വിധിക്ക് കീഴ്പ്പെട്ട് മരണാസന്നനായി കിടക്കുന്ന അമീൻ എന്ന ഇന്ത്യക്കാരനായ ആട്ടിടയനെ തന്റെ മകനെപ്പോലെ സംരക്ഷിച്ച് ശുശ്രൂഷിക്കാനും കൂടെ നിൽക്കുന്നതിലൂടെ ഇടയൻ എന്ന ലഘു നോവൽ മുന്നോട്ടു വെക്കുന്ന സന്ദേശം മരുഭൂവിന്റെ കാരുണ്യവും ബദുവിയൻ സംസ്കാരത്തിലെ അധികമാരും ചർച്ച ചെയ്യപ്പെടാൻ തയ്യാറാവാത്ത നന്മനിറഞ്ഞ ജീവിത ചിന്തകളുമാണ്.

അതുകൊണ്ടാണ് രചയിതാവിന്റെ “ഇടയൻ’ എന്ന നോവലെറ്റ് വായനക്കാർ നാളിതുവരെ കേട്ടുപരിചയിച്ച ആടു ജീവിതത്തിൽ മാത്രം തളച്ചിടപ്പെടേണ്ട ഒന്നല്ല മരുഭൂമിയിലെ യഥാർഥ ആടുജീവിതങ്ങളിൽ ഭൂരിപക്ഷവും എന്ന് പറയാനാവുന്നത്. നജഫിലേക്കുള്ള വഴി, മോസ്സാക്കയുടെ പുത്രി, എലിസബത്ത് കരീന എന്നീ മറ്റു മൂന്ന് കഥകളിൽ കൂടി ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നും അറേബ്യൻ നാടുകളിൽ എത്തിപ്പെടുന്ന പ്രവാസികളുടെ മനോഗതങ്ങൾ, ഇറാഖിലടക്കം നടക്കുന്ന വംശീയ കലാപത്തിന്റെ ഇരകളായി പലായനം ചെയ്യപ്പെടുന്ന മനുഷ്യർ അനുഭവിക്കുന്ന പ്രവാസം… ഇങ്ങനെയുള്ള മൂന്ന് കഥകൾ കൂടിയുണ്ട് ഈ പുസ്തകത്തിൽ. അങ്ങനെ ലോക പ്രവാസത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്ക് വെളിച്ചം വീശുന്ന സംഭവങ്ങളാൽ സമ്പന്നമാണീ രചന. പ്രസാധകർ ഇൻസൈറ്റ് പബ്ലിക്ക. വില 220 രൂപ.

Latest