Connect with us

സാഹിത്യം

സഹനത്തിന്റെ കഥകൾ, പ്രതിരോധത്തിന്റെയും...

അൽബേനിയയുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും തനത് ജീവിതായോധനമുറകളും നടൻ കലകളും വംശീയപ്രശ്നങ്ങളുമെല്ലാം കദാരെയുടെ രചനകൾക്ക് വിഷയമായിട്ടുണ്ട്.തന്റെ രാഷ്ട്രത്തിന്റെ സാമൂഹിക രാഷ്ട്രീയ ചലനങ്ങളെ കൃത്യതയോടെ പ്രതിഫലിപ്പിക്കുന്ന ദർപ്പണങ്ങളായി അവയെ കാണാം.

Published

|

Last Updated

ൽബേനിയൻ സാഹിത്യത്തിലെ അതികായൻ ഇസ്മാഈൽ കദാരെ വിടവാങ്ങി. ആറ് പതിറ്റാണ്ടുകൾ നീണ്ട സംഭവബഹുലമായ സർഗജീവിതത്തിന് തിരശ്ശീലയിട്ടുകൊണ്ടാണ് ഇക്കഴിഞ്ഞ ഒന്നാം തിയ്യതി എൺപത്തിയെട്ടാമത്തെ വയസ്സിൽ ഹൃദയാഘാതം മൂലം അദ്ദേഹം ജീവിതത്തിന്റെ പടിയിറങ്ങിയത്. കഥ, നോവൽ, കവിത, ഉപന്യാസം, തിരക്കഥ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ നിരവധി ശ്രദ്ധേയ രചനകൾ നടത്തിയ കദാരെ അൽബേനിയൻ സാഹിത്യത്തെ ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിച്ച പ്രതിഭയാണ്. പ്രഥമ മാൻ ബുക്കർ ഇന്റർനാഷണൽ പ്രൈസ് ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയ ഈ എഴുത്തുകാരന്റെ പ്രധാന രചനകൾ മലയാളമുൾപ്പെടെ നാൽപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. നൊബേൽ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ നിരവധി തവണ ഇടം നേടിയ എഴുത്തുകാരൻ കൂടിയാണ് കദാരെ.

അൽബേനിയയിലെ ഗ്ജിറോകസ്ച്യോർ എന്ന അതിർത്തി പട്ടണത്തിൽ 1936 ലാണ് ഇസ്മാഈൽ കദാരെ ജനിച്ചത്. അൽബേനിയയിലെ തിരാന സർവകലാശാലയിൽ പഠിച്ചുകൊണ്ടിരിക്കെ മോസ്കോയിലെ ഗോർക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കോളർഷിപ്പോടെ സാഹിത്യപഠനത്തിന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1960ൽ സ്വദേശത്ത് തിരിച്ചെത്തിയ കദാരെ കുറേക്കാലം അവിടെ പത്രപ്രവർത്തകനായി സേവനമനുഷ്ഠിച്ചു. പിന്നീട് മുഴുവൻ സമയവും എഴുത്തിനുവേണ്ടി നീക്കിവെച്ചു.

ഏറെക്കാലം അൽബേനിയയിൽ നിലനിന്ന സ്വേച്ഛാധികാരത്തിനും സമഗ്രാധിപത്യത്തിനും എതിരെ അക്ഷരങ്ങളിലൂടെ പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു ഇസ്മാഈൽ കദാരെ. 1944 മുതൽ 1985 വരെ അൽബേനിയയുടെ ഭരണാധികാരിയായിരുന്ന എൻവർ ഹോജ എന്ന കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുടെ സ്റ്റാലിനിസ്റ്റ് ആശയങ്ങളെ ആദ്യം അനുകൂലിക്കുകയും പിന്നീട് തള്ളിപ്പറയുകയും ചെയ്ത കദാരെ സോവിയറ്റ് യൂനിയന്റെ ചൊൽപ്പടിയിൽ തന്റെ രാഷ്ട്രത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അടിയറവ് വെക്കപ്പെട്ടതിൽ അവിടുത്തെ മറ്റു പ്രജകളെപ്പോലെ ഏറെ ഖിന്നനായിരുന്നു. അവക്കെതിരെയുള്ള പ്രതിഷേധം അദ്ദേഹം പ്രകടിപ്പിച്ചത് രചനകളിലൂടെയാണ്.

എന്നാൽ ഭരണകൂടത്തിന്റെ നിരന്തരമായ സെൻസർഷിപ്പിനെയും നിരോധനത്തിനെയും തുടർന്ന് പ്രത്യക്ഷത്തിൽ നിരുപദ്രവമെന്നു തോന്നിക്കുന്ന ദൃഷ്ടാന്തകഥകളുടെയും അന്യാപദേശ കഥകളുടെയും നാടോടിക്കഥകളുടെയും രൂപത്തിൽ അദ്ദേഹം തന്റെ ആശയഗതികൾ വായനക്കാർക്കു മുന്നിൽ അവതരിപ്പിച്ചു. അതേസമയം താൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി മാറിയിട്ടുണ്ടെന്നും ഏതു സമയത്തും തന്റെ ജീവൻ അപഹരിക്കപ്പെട്ടേക്കാമെന്നും തിരിച്ചറിഞ്ഞതോടെ 1990ൽ അദ്ദേഹം പാരീസിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഫ്രാൻസ് അദ്ദേഹത്തിന് അഭയം മാത്രമല്ല, ഫ്രഞ്ച് പൗരത്വവും നൽകി. ഫ്രാൻസിലെ ഉന്നതമായ സാഹിത്യബഹുമതികൾ സമ്മാനിച്ചുകൊണ്ടാണ് ആ രാഷ്ട്രം കദാരെയെ ആദരിച്ചത്.

ഇസ്മാഈൽ കദാരെയുടെ എഴുത്തുജീവിതം ആരംഭിക്കുന്നത് കവിതകൾ എഴുതിക്കൊണ്ടാണ്. സർവകലാശാലാ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം കവിയെന്ന നിലയിൽ ശ്രദ്ധനേടി. പതിനേഴാമത്തെ വയസ്സിൽ ആദ്യ കവിതാസമാഹാരം പുറത്തുവന്നു. 1963ൽ പ്രസിദ്ധീകരിച്ച “The General of the Dead Army’ കദാരെയുടെ മാസ്റ്റർപീസായി കരുതപ്പെടുന്നു. ഈ നോവൽ പിന്നീട് ചലച്ചിത്രമാവുകയും ചെയ്തു. രണ്ട് രീതിയിലും വമ്പിച്ച ജനശ്രദ്ധ നേടിയ രചനയാണിത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അൽബേനിയയിൽ കൊല്ലപ്പെട്ട തന്റെ രാജ്യത്തെ ഭടന്മാരുടെ ഭൗതികാവശിഷ്ടങ്ങൾ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട ഒരു ഇറ്റാലിയൻ ജനറലിന്റെ അന്തഃസംഘർഷങ്ങളാണ് നോവലിൽ ആവിഷ്കരിക്കുന്നത്.

The Castle of the Siege, The Great Winter, Chronicle in Stone, The Pyramid, The Palace Dreams, The Successor, The Fall of the Stone City, The Accident, The Doll, Broken April എന്നിവയാണ് കദാരെയുടെ ശ്രദ്ധേയ നോവലുകൾ. അൽബേനിയൻ ഗ്രീക്ക് സംസ്കാരങ്ങളുടെ സാദൃശ്യം പരിശോധിക്കുന്ന The Great Loser, 1940 മുതലുള്ള അഞ്ച് പതിറ്റാണ്ടുകളിൽ അൽബേനിയയിലുണ്ടായിരുന്ന രാഷ്ട്രീയ ഭരണവ്യവസ്ഥകളെ നിർധാരണം ചെയ്യുന്ന Albanian Spring: The Anatomy of Tyranny എന്നിവയാണ് നോൺ ഫിക്ഷൻ രചനകളിൽ പ്രമുഖം.

1960 മുതൽ അൽബേനിയൻ സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരൻ എന്ന സ്ഥാനം കദാരെക്കാണ്. അൽബേനിയയുടെ ചരിത്രവും സംസ്കാരവും രാഷ്ട്രീയവും തനത് ജീവിതായോധനമുറകളും നടൻ കലകളും വംശീയ പ്രശ്നങ്ങളുമെല്ലാം കദാരെയുടെ രചനകൾക്ക് വിഷയമായിട്ടുണ്ട്. ഏറെക്കാലം അടിച്ചമർത്തപ്പെടലിന്റെ നൊമ്പരങ്ങൾ ഏറ്റുവാങ്ങിയ ഒരു രാഷ്ട്രത്തിന്റെ ശക്തിദൗർബല്യങ്ങൾ, ഉയർച്ച താഴ്ചകൾ എന്നിവയെ സത്യസന്ധമായി ആവിഷ്കരിക്കുന്നവയാണ് അദ്ദേഹത്തിന്റെ എല്ലാ നോവലുകളും. തന്റെ രാഷ്ട്രത്തിന്റെ സാമൂഹിക രാഷ്ട്രീയ ചലനങ്ങളെ കൃത്യതയോടെ പ്രതിഫലിപ്പിക്കുന്ന ദർപ്പണങ്ങളായി അവയെ കാണാം.

ഈ നൂറ്റാണ്ടിലെ മികച്ച യൂറോപ്യൻ എഴുത്തുകാരിൽ ഒരാളായ ഇസ്മായിൽ കദാരെയുടെ മരണം ആകസ്മികമായിരുന്നില്ല. എങ്കിലും അൽബേനിയൻ സാഹിത്യത്തിൽ അദ്ദേഹത്തിന്റെ വേർപാട് സൃഷ്‌ടിച്ചത് വലിയ ശൂന്യതയാണെന്നതിൽ സംശയമില്ല. സഹനത്തിന്റെയും പ്രതിരോധത്തിന്റെയും കഥകളാണ് അദ്ദേഹത്തിന്റെ എല്ലാ രചനകളും പറയുന്നത്. അൽബേനിയയിലെ എല്ലാ വിഭാഗം ജനതതിയുടെയും ജീവിതചിത്രങ്ങളാണ് അവയിലെല്ലാം തെളിയുന്നത്. ആ രചനകളിലൂടെ അൽബേനിയൻ സാഹിത്യം അദ്ദേഹത്തിന്റെ ഓർമകൾ ദീപ്തമായിത്തന്നെ നിലനിർത്തുമെന്നതിൽ സംശയമില്ല.

Latest