Connect with us

book review

ജീവിത ഗന്ധിയായ കഥകൾ

പുളിമുട്ടായി എന്ന കഥയിലെ മൊയ്ലാക്കയെന്ന പാത്രസൃഷ്ടി മാത്രം മതി ദീപ സുധീർ എത്ര മികച്ച എഴുത്തുകാരിയാണെന്ന് തിരിച്ചറിയാൻ. ഈ കഥയിൽ മലബാറിലെ നന്മ മാത്രം കാംക്ഷിക്കുന്ന കുറച്ച് മനുഷ്യരെയാകും കണ്ടുമുട്ടുക. മൊയ്ലാക്ക ഒ വി വിജയന്റെ പ്രശസ്ത നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാ പിച്ചാ മൊല്ലാക്കയെ പോലെ നിർമലനായ മനുഷ്യനാണ്. തന്റെ കർമങ്ങളും മനസ്സും വിശുദ്ധമാണെന്ന് അയാളൊരു പുസ്തകത്തിലെന്നപോലെ ആലേഖനം ചെയ്തിട്ടത് തുറന്നുവെക്കുന്നുണ്ടീ കഥയിൽ.

Published

|

Last Updated

ഴയകാല സ്മൃതികളിലെന്നും സ്നേഹവും കരുതലുമായിരുന്നു അച്ഛമ്മ. പ്രവാസ ജീവിതത്തിന്റെ പേടിപ്പെടുത്തുന്ന കൂട്ടം തെറ്റലിലും അരക്ഷിതത്വത്തിലും ഈ ലോക ജീവിതം ഒഴിഞ്ഞുപോയെങ്കിലും കാവലാകുന്നു അച്ഛമ്മ. ഒരുകാലത്തെ നിസ്വാർഥമായ ചേർത്തുപിടിക്കൽ കൊണ്ടാണ് പിന്നീടുള്ള ജീവിതകാലങ്ങളിൽ അച്ഛമ്മയൊരു ആത്മധൈര്യമാകുന്നത്. പ്രഥമ കഥയിൽ അച്ഛമ്മയെ ദീപ സുധീർ എഴുതുന്നതിങ്ങനെയാണ്. പുളിമുട്ടായി എന്ന കഥയിലെ മൊയ്്ലാക്കയെന്ന പാത്രസൃഷ്ടി മാത്രം മതി ദീപ സുധീർ എത്ര മികച്ച എഴുത്തുകാരിയാണെന്ന് തിരിച്ചറിയാൻ.

ഈ കഥയിൽ മലബാറിലെ നന്മ മാത്രം കാംക്ഷിക്കുന്ന കുറച്ച് മനുഷ്യരെയാകും കണ്ടുമുട്ടുക. മൊയ്്ലാക്ക ഒ വി വിജയന്റെ പ്രശസ്ത നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാ പിച്ചാ മൊല്ലാക്കയെ പോലെ നിർമലനായ മനുഷ്യനാണ്. തന്റെ കർമങ്ങളും മനസ്സും വിശുദ്ധമാണെന്ന് അയാളൊരു പുസ്തകത്തിലെന്നപോലെ ആലേഖനം ചെയ്തിട്ടത് തുറന്നുവെക്കുന്നുണ്ടീ കഥയിൽ. കഥയെന്ന കലാരൂപത്തെ കൈയാളാൻ ഈ എഴുത്തുകാരി യോഗ്യയാണെന്ന പ്രഖ്യാപനത്തെ കൂടെ ഈ കഥ സാധ്യമാക്കുന്നുണ്ട്.

അവളും അവനും എന്ന കഥയും മികച്ച രീതിയിലാണ് അവതരിപ്പിക്കുന്നത്. ഈ കഥയുടെ ആവിഷ്കാരത്തിൽ ഒരു സൂര്യ തെളിച്ചത്തിനും ഉണക്കാനാകാത്ത വിധമുള്ള പ്രണയ നനവുണ്ട്.മാതൃത്വത്തിൻ സ്ഥാനവും മഹത്വവുമെന്തെന്ന് പറയുന്ന കഥയാണ് ഒറ്റയടിപ്പാതകൾ. ചില അധ്യാപകരെ ശിക്ഷ നൽകുന്നവരായേ ജീവിതകാലം മുഴുവൻ അവരുടെ ശിഷ്യർ ഓർത്തുവെക്കൂ. അങ്ങനെയൊരു അധ്യാപക ഓർമയിലേക്കും. ആ ഓർമ ഉണർത്തുന്ന ദാമു എന്നയാളുടെ അനുഭവ ആവർത്തനത്തെയും എഴുതുന്നു അധ്യാപിക കൂടിയായ കഥാകാരി ഒൻപത് ബി എന്ന കഥയിൽ.

കഥയുടെ ലഹരി, കുഴിമാടത്തിന്റെ സ്നേഹിത, ജലരേഖകൾ, വെറുതെയെങ്കിലും, എന്റെ കദനകഥ തുടങ്ങി പതിനൊന്നോളം കഥകൾ കൂടെ ഉൾപ്പെടുന്നതാണ് ദീപ സുധീറിന്റെ ആകാശം കടലിനോട് പറഞ്ഞത് എന്ന പ്രഥമ കഥാസമാഹാരം. കഥകൾക്കൊക്കെ എഴുത്തുകാരിയുടെ അനുഭവത്തിൻ ചൂരുണ്ട്. അതുകൊണ്ടുതന്നെ ഈ കഥകൾ ജീവിതത്തെ അന്യം നിർത്തുന്നില്ലെന്ന് മാത്രമല്ല യാഥാർഥ്യമെന്ന പ്രതീതിയും ജനിപ്പിക്കുന്നുണ്ട്.
ചില കഥകൾ/ പുതിയകാല പ്രണയത്തെ വിചാരണ ചെയ്യുന്ന എന്റെ കദന കഥ എന്ന കഥ/എഴുതപ്പെട്ടിട്ടുള്ളത് കഥയുടെയും കവിതയുടെയും അതിരുകളെ മായ്ച്ചുകളയും മട്ടിലാണ്. ഒ ബി നാസറിന്റെ കവർ നിർമിതിയും ഡോക്ടർ സിജു വിജയന്റെ മുൻവായനയും പുസ്തകത്തെ ആകർഷകമാക്കുന്നുണ്ട്. ആകാശം കടലിനോട് പറഞ്ഞത് (കഥകൾ). പ്രസാധകർ ഒലി ബുക്സ്, കൊച്ചി, വില 120 രൂപ.

Latest