Connect with us

സാഹിത്യം

കാലത്തെ തോൽപ്പിച്ച കഥകൾ

ലാളിത്യമാണ് ചെക്കോവിന്റെ കഥകളുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഭാഷ അതീവ ലളിതവും അങ്ങേയറ്റം പാരായണക്ഷമവുമാണ്. നിത്യജീവിതത്തിലെ നിസ്സാരമായ സംഭവങ്ങളെപ്പോലും തികഞ്ഞ നൈസർഗികതയോടെ അദ്ദേഹം കഥകളിൽ ആവിഷ്കരിച്ചു. ചിലത് ഹാസ്യാത്മകമാണെങ്കിൽ മറ്റു ചിലത് ദുഃഖഛവി കലർന്നവയാണ്. ഏത് വിഷയവും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. ജീവിതത്തെ ദുഷിപ്പിക്കുകയോ സങ്കീർണമാക്കുകയോ ചെയ്യുന്ന സകലതിനെയും അദ്ദേഹം വെറുത്തു.

Published

|

Last Updated

ധുനിക ചെറുകഥയുടെ ശിൽപ്പികളിൽ പ്രമുഖനാണ് ആന്റൺ ചെക്കോവ്. മലയാളത്തിലെ വായനക്കാരെപ്പോലെത്തന്നെ എഴുത്തുകാരേയും ഏറെ ആകർഷിക്കുകയും സ്വാധീനിക്കുകയും ചെയ്ത ചുരുക്കം ചില വിദേശ എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. ചെക്കോവിന്റെ അസംഖ്യം ചെറുകഥകളും പ്രമുഖ നാടകങ്ങളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കഥയുടെ ക്രാഫ്റ്റ്, ശൈലി, ആഖ്യാനരീതി എന്നിവയെ സംബന്ധിച്ച നൂതനമായ ആശയങ്ങൾ മലയാളത്തിലെ ചെറുകഥാകൃത്തുക്കൾക്ക് പകർന്നു നൽകുന്നതിൽ ചെക്കോവ് കഥകൾ വഹിച്ച പങ്ക് ചെറുതല്ല. നമ്മുടെ എഴുത്തുകാരിൽ മിക്കവരും ചെക്കോവിനെപ്പോലെയുള്ള എഴുത്തുകാരുടെ രചനകളെ മാതൃകയാക്കിക്കൊണ്ടാണ് എഴുത്തിന്റെ മേഖലയിലേക്ക് കടന്നുവന്നത്.

റഷ്യയിലെ തഗൻറോഗ് എന്ന തുറമുഖപട്ടണത്തിൽ ഒരു കച്ചവടക്കാരന്റെ മകനായി 1860 ലാണ് ആന്റൺ പാവ് ലവിച്ച് ചെക്കോവ് (Anton Pavlovich Chekhov) ജനിച്ചത്. ചെറുപ്പം മുതൽ എഴുത്തിൽ താത്പര്യം പ്രകടിപ്പിച്ച അദ്ദേഹം ആദ്യകാലത്ത് എഴുതിയതെല്ലാം ഹാസ്യരസപ്രധാനമായ രചനകളായിരുന്നു. മെഡിക്കൽ ബിരുദം നേടിയ ശേഷം കുറച്ചുകാലം ചെക്കോവ് ഒരു ഗ്രാമീണ ഡോക്ടററായി സേവനമനുഷ്ഠിച്ചു. റഷ്യയിൽ കോളറ പടർന്നുപിടിച്ച കാലത്ത് ചെക്കോവ് സ്തുത്യർഹമായ സേവനമാണ് നടത്തിയത്. അപ്രതീക്ഷിതമായി പിടിപെട്ട ക്ഷയരോഗം നാൽപ്പത്തിനാല് വർഷത്തെ തികച്ചും ഹ്രസ്വമായ ജീവിതം മാത്രമേ അദ്ദേഹത്തിന് വിധിച്ചുള്ളൂ. 1904 ൽ രോഗം മൂർച്ഛിച്ച് മരണത്തിനു കീഴടങ്ങുമ്പോൾ ലോകം അറിയുന്ന കഥാകൃത്തും നാടകകൃത്തുമായി മാറിക്കഴിഞ്ഞിരുന്നു ചെക്കോവ്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിൽ അങ്ങേയറ്റം മലീമസമായൊരു രാഷ്ട്രീയ – സാമൂഹികാന്തരീക്ഷമാണ് റഷ്യയിൽ നിലനിന്നിരുന്നത്. സാർ ചക്രവർത്തിമാരുടെ കിരാതഭരണത്തിൽ പൊറുതിമുട്ടിയ റഷ്യ പുതിയ പ്രതിഷേധ മാർഗങ്ങളിലേക്ക് തിരിഞ്ഞ കാലമായിരുന്നു അത്. രാജ്യത്തെ സിവിൽ സർവീസും പോലീസ് സംവിധാനവും അഴിമതിയുടെ കൂത്തരങ്ങായിരുന്നു. ഉദ്യോഗസ്ഥമേധാവിത്തവും സ്വജനപക്ഷപാതവും അതോടൊപ്പം അരങ്ങുതകർക്കുന്നുണ്ടായിരുന്നു. അതോടൊപ്പം താഴെക്കിടയിലുള്ള സർക്കാർ ജീവനക്കാരിൽ അടിമത്ത മനോഭാവവും, പദവിയോടുള്ള ഭക്തിയും പടർന്നുപിടിച്ച കാലം കൂടിയായിരുന്നു അത്. ഉയർന്ന ഓഫീസർമാർ അവരുടെ കീഴുദ്യോഗസ്ഥരെ അടിമകളെപ്പോലെയാണ് കരുതിയത്. കീഴുദ്യോഗസ്ഥരാകട്ടെ ആ അടിമത്തത്തിൽ അനൽപ്പമായ ആഹ്ലാദം കണ്ടെത്തുകയും ചെയ്തു.

പണത്തിന്റെയും പദവിയുടെയും മുന്നിൽ എല്ലാ നിയമങ്ങളും നിഷ്ഫലവും നിഷ്പ്രഭവും നിഷ്പ്രയോജനവുമായിരുന്നു. ഈ രണ്ട് ശക്തികളിലായിരുന്നു അധികാരം ഉറപ്പിക്കപ്പെട്ടിരുന്നത്. സമൂഹത്തിന്റെ ചാലകശക്തികളാകേണ്ട ബുദ്ധിജീവികൾ പോലും അധികാരത്തിന്റെയും പദവിയുടെയും മുന്നിൽ വിനീതവിധേയരായിരുന്നു. ഈ കാരണങ്ങൾകൊണ്ടൊക്കെ സാധാരണക്കാരന്റെ ജീവിതം അങ്ങേയറ്റം ദുസ്സഹമായിത്തീർന്നു. സർക്കാർ ഓഫീസുകളിൽ കൈക്കൂലി കൊടുക്കാതെ ഒരു കാര്യവും സാധിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. പോലീസ് സ്റ്റേഷനുകളിൽ ഒരു പരാതി ബോധിപ്പിക്കാൻ പണമോ സ്വാധീനമോ അത്യാവശ്യമായിരുന്നു. ഇതൊന്നുമില്ലാതെ പോകുന്നവർ പ്രതിയാക്കപ്പെടുമായിരുന്നു. സാമൂഹികമായി ദുഷിച്ചു നാറിയ ആ കാലഘട്ടത്തിന്റെ സത്യസന്ധമായ ആവിഷ്കാരമാണ് ചെക്കോവ് തന്റെ കഥകളിൽ, വിശേഷിച്ചും ആദ്യകാല കഥകളിൽ ആവിഷ്കരിക്കുന്നത്.

ഹാസ്യവും ആക്ഷേപഹാസ്യവും വേണ്ടപോലെ ചേർത്തുകൊണ്ടാണ് അദ്ദേഹം ഈ വിഷയങ്ങളെ സമീപിച്ചത്. അതാകട്ടെ അക്കാലത്ത് ആ നാട്ടിലെ വായനക്കാരെ ഏറെ ആകർഷിക്കുകയും ചെയ്തു. ഓന്ത്, മെലിഞ്ഞ മനുഷ്യനും തടിച്ച മനുഷ്യനും, ക്ലാർക്കിന്റെ മരണം, പൊയ്മുഖം തുടങ്ങിയ കഥകളിൽ ആ കാലഘട്ടത്തിന്റെ സമഗ്ര ചിത്രം കാണാം.

എഴുത്തിന്റെ രണ്ടാം ഘട്ടത്തിൽ ജീവിതത്തെ കുറേക്കൂടി ഉൾക്കാഴ്ചയോടെ ചെക്കോവ് അവതരിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവിടുത്തെ ചലനങ്ങൾ അദ്ദേഹം ഒപ്പിയെടുക്കുന്നു. സാമൂഹികാന്തരീക്ഷത്തിന്റെ ബാഹ്യമായ ചിത്രീകരണത്തിനുപരിയായി ആ വ്യവസ്ഥിതിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യരുടെ മാനസിക വ്യാപാരങ്ങൾ ഈ ഘട്ടത്തിലെ കഥകളിൽ മുഖ്യമായും ചർച്ചചെയ്യപ്പെടുന്നു.

കാപട്യം നിറഞ്ഞ സമൂഹത്തിലെ പീഡാനുഭവങ്ങൾ നേരിടുന്ന ശുദ്ധാത്മാക്കളായ മനുഷ്യരുടെ ഹൃദയവ്യഥ അവയിൽ സത്യസന്ധമായി ആവിഷ്കരിക്കുന്നു. അതോടൊപ്പം വൈയക്തിക പ്രശ്നങ്ങളും, വിശേഷിച്ചും സമൂഹവും വ്യക്തിയും തമ്മിലുള്ള അന്തർ സംഘർഷങ്ങളും അവ നിർദ്ധാരണം ചെയ്യുന്നുണ്ട്. ആറാം നമ്പർ വാർഡ്, എന്റെ ജീവിതം, മൂന്നു വർഷം തുടങ്ങിയവ ഈ കാലഘട്ടത്തിലെ പ്രധാന രചനകളാണ്. നാടകങ്ങളിൽ സവിശേഷ ശ്രദ്ധ നേടിയത് കരടി, വാന്യ അമ്മാവൻ, മൂന്നു സഹോദരിമാർ , ചെറിപ്പഴത്തോട്ടം, കടൽക്കാക്ക എന്നിവയാണ്.

ലാളിത്യമാണ് ചെക്കോവിന്റെ കഥകളുടെ മുഖമുദ്ര. അദ്ദേഹത്തിന്റെ ഭാഷ അതീവ ലളിതവും അങ്ങേയറ്റം പാരായണക്ഷമവുമാണ്. നിത്യജീവിതത്തിലെ നിസ്സാരമായ സംഭവങ്ങളെപ്പോലും തികഞ്ഞ നൈസർഗികതയോടെ അദ്ദേഹം കഥകളിൽ ആവിഷ്കരിച്ചു. ചിലത് ഹാസ്യാത്മകമാണെങ്കിൽ മറ്റു ചിലത് ദുഃഖഛവി കലർന്നവയാണ്. ഏത് വിഷയവും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. ജീവിതത്തെ ദുഷിപ്പിക്കുകയോ സങ്കീർണമാക്കുകയോ ചെയ്യുന്ന സകലതിനെയും അദ്ദേഹം വെറുത്തു. അവയെ ഹാസ്യോദകമായി ആവിഷ്കരിച്ചു. ചെക്കോവിന്റെ രചനകളെക്കുറിച്ച് വിർജീനിയ വൂൾഫ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. “ചെക്കോവിന്റെ രചനകൾ രാപ്പാടിയുടെ ഗാനം പോലെ ഹൃദ്യമാണ്.’ ഇതുകൊണ്ടൊക്കെ തന്നെയായിരിക്കാം ചെക്കോവിന്റെ കഥകൾ ഒരു നൂറ്റാണ്ടിനിപ്പുറവും വായനാലോകത്തിന് പ്രിയങ്കരമാകുന്നത്.

---- facebook comment plugin here -----

Latest