prathivaram book review
മനുഷ്യാവസ്ഥകളെ ആഴത്തിൽ തൊടുന്ന കഥാഖ്യാനങ്ങൾ
കാലങ്ങളായി കശ്മീരി ജനത അനുഭവിക്കുന്ന പ്രയാസങ്ങളെയും ദുരിതങ്ങളെയും വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സമാഹാരത്തിലെ രണ്ടാമത്തെ കഥ.വ്യത്യസ്ത പരിസരങ്ങളുള്ള പശ്ചാത്തലത്തിൽ ഭിന്ന വിഷയങ്ങളിലുള്ള വിവിധ മനുഷ്യരെ ചുറ്റിപ്പറ്റിയുള്ള നാല് കഥകളാണ് "സ്വപ്നങ്ങളുടെ പുസ്തകം' പറയുന്നത്.
ഷാഹിന ഇ കെയുടെ ഏറ്റവും പുതിയ കഥാ സമാഹാരമാണ് “സ്വപ്നങ്ങളുടെ പുസ്തകം’. മുമ്പ് പലപ്പോഴായി വിവിധയിടങ്ങളിൽ പ്രസിദ്ധീകരിച്ച നാല് വലിയ കഥകളാണ് സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ചെറിയ ചെറിയ കഥകളും കവിതകളും കൂടുതൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരത്തിലുള്ള വലിയ കഥകൾ വായിക്കപ്പെടുമോ എന്നൊരു സന്ദേഹം “സ്വപ്‌നങ്ങളുടെ പുസ്തകം’ വായിക്കാനെടുത്തപ്പോൾ തോന്നിയിരുന്നു.
പക്ഷേ, കഥകളും കഥാപാത്രങ്ങളും ആഖ്യാന ശൈലികളും മികച്ചതാണെങ്കിൽ എത്ര ദീർഘമായ കഥകളും വായിച്ച് പോകും.പുസ്തകത്തിലെ നാല് കഥകളും മനുഷ്യാവസ്ഥകളെ ആഴത്തിൽ സ്പർശിക്കുന്നതാണ്.ജീവിതത്തിൽ അത്രമേൽ പ്രിയപ്പെട്ടൊരാൾ പൊടുന്നനെ കൺമുന്നിൽ നിന്ന് നഷ്ടമായതോടെ അവന്റെ സ്വപ്നങ്ങളുടെ പുസ്തകം തേടുന്ന പെൺകുട്ടിയുടെ കഥയാണ് “സ്വപ്നങ്ങളുടെ പുസ്തകം’ എന്ന ഒന്നാമത്തെ കഥയുടെ ഇതിവൃത്തം.
നമുക്കേറെ പ്രിയപ്പെട്ടവർ ജീവിതം അവസാനിപ്പിച്ച് മരണം വരിക്കുമ്പോൾ അവരുടെ ഓർമകളും പേറി ദുരിത ജീവിതം ജീവിച്ചു തീർക്കേണ്ടി വരുന്നവരുടെ നിസ്സഹായാവസ്ഥയും ഈ കഥ പറഞ്ഞു വെക്കുന്നുണ്ട്.
കാലങ്ങളായി കശ്മീരി ജനത അനുഭവിക്കുന്ന പ്രയാസങ്ങളെയും ദുരിതങ്ങളെയും വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട് സമാഹാരത്തിലെ “കാശീർ, കല്ല്, സൂഫിയാൻ’ എന്ന രണ്ടാമത്തെ കഥ.
സൈനികർക്കും തീവ്രവാദികൾക്കുമിടയിൽ സംശയത്തിന്റെ കണ്ണുകൾ ചുറ്റിലും പാഞ്ഞു നടക്കുമ്പോൾ ഞെരിഞ്ഞമർന്നു പോയ കശ്മീരികളുടെ ജീവിതവും അതേ സമയം തന്നെ ജനങ്ങളുടെ കുറ്റപ്പെടുത്തലും പഴിചാരലും കേട്ട് സൈനിക ജീവിതം നയിക്കുന്നവരെയും ഈ കഥയിൽ നമുക്ക് കാണാനാകും.
കശ്മീരികളുടെയും സൈനികരുടെയും ജീവിതത്തിലെ പലവിധ സംഭവങ്ങളെയും ആരൊക്കെയോ പറഞ്ഞത് കേട്ടും ദുരിതപൂർണമായ ജീവിതത്തിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ വേണ്ടി വീട്ടുകാർ പോലുമറിയാതെ തീവ്രവാദ പ്രവർത്തനങ്ങൾക്കിറങ്ങി പുറപ്പെട്ട യുവാക്കളുടെ ജീവിതത്തെയും വളരെ കൃത്യമായി ഈ കഥയിൽ പറഞ്ഞു വെക്കുന്നുണ്ട്.
കേരളത്തിൽ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ഖോകന്റെ സങ്കടത്തിന്റെയും നോവിന്റെയും കഥയാണ് “കൃഷ്ണ ചുര’യിലൂടെ കഥാകാരി പറയുന്നത്. കേരളക്കാർക്ക് ഇതര സംസ്ഥാനത്ത് നിന്ന് ജോലിക്കെത്തുന്നവരോടുള്ള മനോഭാവവും കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ നിന്ന് കൂട്ടുകുടുംബങ്ങളെ വിട്ട് മറ്റിടങ്ങളിലേക്ക് പുറപ്പെട്ട് പോകേണ്ടി വരുമ്പോൾ അവരനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെയും “കൃഷ്ണ ചുര’ തീക്ഷ്ണതയോടെയാണ് അവതരിപ്പിക്കുന്നത്.
ഉടലും സ്വത്വവും തമ്മിലുള്ള വൈരുധ്യങ്ങൾക്കിടയിൽ നിസ്സഹായനാകുന്ന ക്രിസാന്തിന്റെ കഥയാണ് “ക്രിസാന്ത് ഫെർണാണ്ടസിന് സെറീനയോട് പറയാനുള്ളത്’ എന്ന നാലാമത്തെ കഥ.
ഈയൊരു പ്രതിസന്ധിയിൽ തനിക്ക് ചുറ്റുമുള്ള മനുഷ്യരെയും തന്റെ തന്നെ മാതാപിതാക്കളെയും തന്നെ ഏറെ സ്നേഹിക്കുന്ന സെറീനയോടും ഈ പ്രതിസന്ധി എങ്ങനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്ന സംഘർഷത്തിൽ പെട്ടുപോകുന്ന ക്രിസാന്ത് എന്ന കഥാപാത്രത്തെ വായനക്കാരന് ഈ കഥയിൽ കാണാനാകും.
ഇങ്ങനെ വ്യത്യസ്ത പരിസരങ്ങളുള്ള പശ്ചാത്തലത്തിൽ ഭിന്ന വിഷയങ്ങളിലുള്ള വിവിധ മനുഷ്യരെ ചുറ്റിപ്പറ്റിയുള്ള നാല് കഥകളാണ് “സ്വപ്നങ്ങളുടെ പുസ്തകം’ പറയുന്നത്. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 140 രൂപ.