Kerala
കൊടുങ്കാറ്റായി ഹേമ കമ്മിറ്റി റിപോർട്ട്; മോഹൻലാൽ 'അമ്മ' പ്രസിഡന്റ് സ്ഥാനം രാജിവച്ചു, പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും
സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്.
കൊച്ചി | ഹേമ കമ്മിറ്റി റിപോർട്ട് പുറത്തുവന്നതിന് പിന്നാലെ താര സംഘടനയായ അമ്മയിൽ ഉണ്ടായ പൊട്ടിത്തെറി മൂർദ്ധന്യാവസ്ഥയിൽ. നടൻ മോഹൻലാൽ അമ്മ പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാജിവച്ചു. രാജിവെച്ചതായി മോഹൻലാൽ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചു. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ഇതോടെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു.ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം.
ഹേമ കമ്മിറ്റി റിപോർട്ടിന് പിന്നാലെയുണ്ടായ ലെെംഗിക ആരോപണങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനവും നടന്‍ സിദ്ദിഖ് താരസംഘടനയായ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനവും നേരത്തെ രാജിവച്ചിരുന്നു.
സിനിമാ മേഖലയിലെ പ്രശ്നങ്ങളിൽ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമർശം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത്. വിമർശനങ്ങളുടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ടാണ് മോഹൻലാലിന്റെ രാജി. ക്ഷേമ പ്രവർത്തനങ്ങൾ നിറവേറ്റാൻ നിലവിലുള്ള കമ്മിററി അഡ്ഹോക് കമ്മിറ്റിയായി തുടരും. അഡ്ഹോക് കമ്മിറ്റി പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെയാണ് തുടരുക . രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും. ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങൾ തുടരും.
അമ്മയെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം അമ്മയ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.
യോഗത്തില്‍ വളരെ വൈകാരികമായിട്ടായിരുന്നു മോഹന്‍ലാലിന്റെ രാജിപ്രഖ്യാപനം. ഒരുകാലത്തും ഉണ്ടാകാത്ത രീതിയില്‍ വലിയ പ്രതിസന്ധിയിലുടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുകയാണെന്ന് മോഹന്‍ ലാല്‍ അറിയിച്ചു. ലാലിന്റെ തീരുമാനം കേട്ട് ഒരുമിച്ച് നേരിടാമെന്ന് എതിര്‍പ്പ് ഉന്നയിച്ച അംഗങ്ങള്‍ പോലും പറഞ്ഞെങ്കിലും ഇത് ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. രാജിയ്ക്ക് മുന്‍പായി താന്‍ മമ്മൂട്ടിയെ വിളിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിന് പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.