International
അമേരിക്കയില്‍ ഭീതി പരത്തി മില്‍ട്ടണ്‍ കൊടുങ്കാറ്റ്; 55 ലക്ഷം പേരെ ഒഴിപ്പിച്ചു
മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മില്‍ട്ടണ്‍ കൊടുങ്കാറ്റ് ന്യൂ മെക്‌സിക്കോയും കടന്ന് ഫ്‌ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്
വാഷിങ്ടണ്‍ | മില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി പരത്തുന്ന അമേരിക്കയില്‍ 55 ലക്ഷം പേരെ കുടിയൊഴിപ്പിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മില്‍ട്ടണ്‍ കൊടുങ്കാറ്റ് ന്യൂ മെക്‌സിക്കോയും കടന്ന് ഫ്‌ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാറ്റിനെതിരെ രാജ്യത്ത് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്.
മില്‍ട്ടണും മുകളില്‍ പറന്നു കാറ്റിന്റെ രൗദ്ര ഭാവങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചതോടെ ലോകം ഏറെ ഭയത്തോടെയാണ് കാറ്റിനെ കാണുന്നത്.
അതേ സമയം എന്നാല്‍ ഫ്‌ലോറിഡയെത്തുമ്പോള്‍ മില്‍ട്ടന്റെ വേഗം കുറയാനുള്ള സാധ്യതയും അമേരിക്കയിലെ നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ പ്രവചിച്ചിരുന്നു. ഫ്‌ലോറിഡ സംസ്ഥാനത്തെ ടാംപ പട്ടണത്തില്‍ കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ കരകയറും എന്നാണ് പ്രവചനങ്ങള്‍.
ചുഴലിക്കാറ്റിനെ നേരിടാന്‍ സമീപകാലത്തെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് ഫ്‌ലോറിഡ തയ്യാറെടുത്തത്. മുഴുവന്‍ പേരും ഒഴിഞ്ഞു പോകണമെന്ന് ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. കാറ്റിനൊപ്പം അതിശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും ഫ്‌ലോറിഡ സാക്ഷ്യം വഹിച്ചേക്കുമെന്നാണ് അറിയുന്നത്.