Connect with us

Prathivaram

യാത്രയിലെ കൊടുങ്കാറ്റുകൾ

കുടുംബം നോക്കാൻ നാടും വീടും വിട്ടുവരുന്ന ഇത്തരം സേട്ടൻമാരെ എനിക്ക് വലിയ ബഹുമാനമാണ്. കാരണം, ഒരിക്കൽ ഞാനും ഇവരെപ്പോലെയായിരുന്നല്ലോ. ഏറെക്കാലം അന്യരാജ്യത്തിന്റെ വെയിലുകൊണ്ടവൻ.

Published

|

Last Updated

ട്രെയിൻ എവിടുന്നോ കൂകി. അതോടെ അറിയിപ്പ് വന്നു. അൽപ്പസമയത്തിനുള്ളിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്നതായിരിക്കും. കാത്തിരിപ്പിൽനിന്നും മോചനം കിട്ടിയതുപോലെ യാത്രക്കാർ ഒന്നിളകി. വണ്ടി വീണ്ടും കൂകി. കൂകൽ ഇതുവരെ കേട്ടത് അടുത്തിരിക്കുന്നവന്റെ മൊബൈലിൽനിന്നാണ്. പുതിയ കാലത്ത് മനുഷ്യർ എന്തൊക്കെയോ ആയിപ്പോകുന്നു. പോക്കറ്റടിയൊക്കെ ഗൂഗിൾപേ കൊണ്ടുപോയി. കാശ് കൈയിൽ വെക്കേണ്ട. ആരേയും ഭയപ്പെടാതെ കൈവീശി നടക്കാം. ഒരു മൊബൈൽ ഉണ്ടായാൽ മതി. അക്കൗണ്ടിൽ കാശും. പുതിയ ഓരോ കണ്ടുപിടിത്തങ്ങൾ. അതുപോലെയാണ് ഇപ്പോൾ മൊബൈലിൽ റിംഗ്‌ടോണായി തീവണ്ടി കൂകിയതും. മൊബൈലിൽ എന്തെല്ലാം ശബ്ദങ്ങൾ. അത്ഭുതങ്ങൾ. ഇതിനിടയിലാണ് ഒരു “സേട്ടൻ’ വന്നു ചോദിക്കുന്നത്. വണ്ടി ബാക്കറയിലേക്ക് എത്ര മണിക്കെത്തും? ഇന്ത്യൻ റെയിൽവേയാണ്. എങ്ങനെ കൃത്യസമയം പറയും? അതിനു പറയാൻ ചങ്ങായി പറഞ്ഞ സ്ഥലവും മനസ്സിലായില്ല. ആദ്യമായി കേൾക്കുകയാണ് ബാക്കറ. കേരളത്തിൽ അങ്ങനെയൊരു സ്റ്റേഷനുണ്ടോ? ഉണ്ടെങ്കിൽ അവിടെ സ്റ്റോപ്പുണ്ടോ? ഒന്നും മനസ്സിലായില്ല. എന്റെ അമ്പരപ്പ് കണ്ടാണ് സേട്ടൻ എടുത്ത ടിക്കറ്റ് കാണിച്ചുതന്നത്. നോക്കിയപ്പോൾ വടകര. ഹൗ. ഇക്കണക്കിനു തൃക്കരിപ്പൂർ, കൊയിലാണ്ടി എന്നൊക്കെ എങ്ങനെയായിരിക്കും സേട്ടന്മാർ ഉച്ചരിക്കുക?

ദേശത്തിന്റെ പേര് മാറ്റാൻ നടക്കുന്നവർ ഇതുകൂടി ഒന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇവിടുത്തെ സ്ഥലപ്പേര് പറയാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഓരോ സ്റ്റേഷനും നമ്പറിട്ടു കൊടുത്തിരുന്നെങ്കിൽ ഇവർ എളുപ്പം പറയും. ഹം തീൻമേ ജാത്തെ, ദസ്‌മേ ജാത്തെ.
കുടുംബം നോക്കാൻ നാടും വീടും വിട്ടുവരുന്ന ഇത്തരം സേട്ടൻമാരെ എനിക്ക് വലിയ ബഹുമാനമാണ്. കാരണം, ഒരിക്കൽ ഞാനും ഇവരെപ്പോലെയായിരുന്നല്ലോ. ഏറെക്കാലം അന്യരാജ്യത്തിന്റെ വെയിലുകൊണ്ടവൻ.

***************************
കൈയിൽ മൊബൈൽ ഫോൺ ഇല്ലെങ്കിൽ അവളുടെ യാത്ര എത്ര മുഷിഞ്ഞേനെ. പണ്ടൊക്കെ തീവണ്ടിയിൽ പോകുമ്പോൾ മരങ്ങളും പുഴകളും പിറകോട്ട് പായും. ആ കാഴ്ചകളിലായിരിക്കും യാത്രയുടെ ആനന്ദനൃത്തം. ഓരോ യാത്രയിലും കൂടെ സഞ്ചരിച്ചവരുടെ പുഞ്ചിരി, ഇരുന്നുറക്കം, ആടിക്കുഴയൽ കുറച്ചു നിമിഷത്തേക്കെങ്കിലും കൗതുകമുണ്ടാക്കും. ഇന്ന് അതും മൊബൈൽ കൊണ്ടുപോയി. അടുത്തിരിക്കുന്നവർ ആരാണെന്നോ എന്താണെന്നോ എങ്ങനെയാണെന്നോ ആരുമാരും ശ്രദ്ധിക്കുന്നില്ല. ഒരു സൗഹൃദവും അവർക്കിടയിൽ ഉണ്ടാകുന്നില്ല. മുട്ടിയിരിക്കുന്നവരെ പരസ്പരം കാണുന്നില്ല. നോക്കുന്നില്ല. മൊബൈൽ മടുക്കുംവരെ ഇത് തുടരും. ശരിക്കും യാത്രകൾ മടുത്തു തുടങ്ങി. ഓരോ യാത്ര കഴിയുമ്പോഴും നിങ്ങൾ മറ്റൊരാളാകുന്നു. അങ്ങനെ ഒരു ചൈനീസ് പഴമൊഴിയുണ്ട്.
തൊട്ടുമുമ്പിലിരിക്കുന്നത് ഒരു യുവതിയാണ്. വിദ്യാർഥിയോ ഉദ്യോഗസ്ഥയോ ഭാര്യയോ ആരുടെയോ കാമുകിയോ ആവാം. ആരുമാകട്ടെ. അവൾ ഇപ്പോൾ ഈ ട്രെയിനിലല്ല. അവളുടെ മുന്നിലും പിന്നിലും ആരുമില്ല. അവൾ ആരേയും കാണുന്നില്ല. കാണുന്നത് അവളുടെ മൊബൈൽ മാത്രം. അതിലൂടെ അവൾ സഞ്ചരിക്കുന്നു. പാറിപ്പറക്കുന്നു. തിങ്ങിനിറഞ്ഞ യാത്രയിൽ, ആൾക്കൂട്ടത്തിൽ അവൾ ഏകാന്തത സൃഷ്ടിക്കുന്നു. ഒടുവിൽ യാത്ര കഴിയുമ്പോൾ അവൾ, അവൾ മാത്രമായി തീരുന്നു.

***************************
കുറച്ചുകൂടി നിന്നെ നോക്കിക്കോട്ടെ. തീവണ്ടി യാത്രയിൽ ഒരു പുതുമയുള്ള ചോദ്യം കേട്ട് ഞാൻ അമ്പരന്നു. വായ്‌നോട്ടത്തിന് അനുവാദം ചോദിച്ച് തൊട്ടടുത്ത് ഒരു മുഷിഞ്ഞ മനുഷ്യൻ. അയാൾ മുന്നിലിരിക്കുന്ന പെൺകുട്ടിയോടാണ് അവളെ നോക്കാൻ അനുവാദം ചോദിച്ചത്. എവിടെപ്പോയാലും ഓരോ മനുഷ്യനും ഓരോ കഥകളായിത്തീരുന്നുവല്ലോ.

പ്രായം കൂടുന്തോറും ചിലർക്ക് ഉണർവുണ്ടാകും. ഇനി ആ വിശേഷത്തിൽപ്പെട്ടതാണോ ഇയാൾ? ആയിരിക്കില്ല. കാണുമ്പോൾ അങ്ങനെ തോന്നുന്നില്ല. എന്നാലും തന്റെ മുന്നിലിരിക്കുന്ന ഒരു പരിചയവുമില്ലാത്തവളോട് ഇങ്ങനെ ചോദിക്കുന്നതെന്തിനാണ്? അതറിയണമല്ലോ. അറിഞ്ഞു. അയാൾക്ക് ഒരു മകളുണ്ടായിരുന്നു. രണ്ട് വർഷംമുമ്പ് ഒരു യാത്രയിൽ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. ആ മകളുടെ ഛായയുണ്ട് മുന്നിലിരിക്കുന്ന ഈ പെൺകുട്ടിക്ക്. ഏകദേശം ഒരേ പ്രായവും.
മകൾ നഷ്ടപ്പെട്ട അച്ഛനാണ് എന്റെ അരികത്തിരിക്കുന്നത്. എത്ര പെട്ടെന്നാണ് ഞാൻ ഈ മനുഷ്യനെ തെറ്റിദ്ധരിച്ചുപോയത്. അറിഞ്ഞപ്പോൾ വലിയ സങ്കടം തോന്നി. ചിലപ്പോൾ ഒരു വൃത്തികെട്ട സിംഹമായിപ്പോകുന്നുവല്ലോ എന്റെ മനസ്സ്.

 

കഥാകാരൻ

Latest