Connect with us

Kerala

അടുപ്പിലും കൊള്ളയടി; എന്നുവരും സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍?

പരമ്പരാഗത വിറകടുപ്പുകള്‍ കൈയ്യൊഴിഞ്ഞ് പാചക വാതകത്തെ സമ്പൂര്‍ണമായി ആശ്രയിക്കുന്ന കേരളീയ ഗൃഹങ്ങളില്‍ ആശങ്കയുടെ കരിമ്പുക പടരുകയാണ്.

Published

|

Last Updated

കോഴിക്കോട് | കൊവിഡ് കാല ദുരിതങ്ങളില്‍ നിന്നു മോചിതരാവാത്ത ജനതയുടെ ജീവിതത്തിനുമേല്‍ കനത്ത തിരിച്ചടിയേല്‍പ്പിച്ച് പാചക വാതക വില വീണ്ടും കുത്തനെ കൂട്ടി.
വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 266 രൂപയാണ് ഒടുവില്‍ കൂട്ടിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഇപ്പോള്‍ കൂട്ടിയിട്ടില്ലെങ്കിലും ദീപാവലി കഴിഞ്ഞാല്‍ കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗത വിറകടുപ്പുകള്‍ കൈയ്യൊഴിഞ്ഞ് പാചക വാതകത്തെ സമ്പൂര്‍ണമായി ആശ്രയിക്കുന്ന കേരളീയ ഗൃഹങ്ങളില്‍ ആശങ്കയുടെ കരിമ്പുക പടരുകയാണ്. ഗെയില്‍ പൈപ്പ് ലൈന്‍ പൂര്‍ത്തീകരണത്തോടെ മലയാളി കാത്തിരിക്കുന്ന സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പോലുള്ള പദ്ധതികള്‍ മാത്രമാണ് ഇനി കേരളത്തിന് ആശ്വാസമാവുക.

ദിവസേനയുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ധനക്കു പുറമെയാണ് പാചകവാതക വിലയും കുത്തന കൂട്ടിയിരിക്കുന്നത്. ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് വില രണ്ടായിരം കടന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമായിരുന്നു ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായ ഉയര്‍ന്ന വര്‍ധനവാണിത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109.90 രൂപയും ഡീസലിന് 103.69 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 111.72 രൂപയും ഡീസലിന് 105.46 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 109.99 രൂപയും ഡീസലിന് 103.92 രൂപയുമായി വര്‍ധിച്ചു. വരും ദിവസങ്ങളിലും ഇന്ധനവില ഉയരുമെന്നാണ് സൂചന. പുറത്തു നിന്നുള്ള ഒരു കാലിച്ചായ കുടി പോലും സാധാരണക്കാര്‍ക്കു താങ്ങാന്‍ കഴിയാത്ത അവസ്ഥയാവുമെന്നാണ് പലരും പ്രതികരിക്കുന്നത്. ഹോട്ടല്‍ ഭക്ഷണത്തിന് വില ഉയര്‍ത്താതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് ഹോട്ടല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ സബ്സിഡി എന്ന ആശയം കേന്ദ്ര സര്‍ക്കാര്‍ കൈയ്യൊഴിഞ്ഞതോടെ തന്നെ പാചക വാതകം ഒരു ആഡംബര വസ്തുവായിമാറിയിരുന്നു. സബ്സിഡ് ഇല്ലാതാക്കിയ വകയില്‍ ജനങ്ങളില്‍ നിന്നു കോടകിളാണ് കേന്ദ്രം കൊള്ളയടിച്ചത്. പ്രത്യേക ഉത്തരവോ കാരണമോ ഇല്ലാതെയാണു രാജ്യത്ത് സബ്സിഡി പൊടുന്നനെ നിര്‍ത്തലാക്കിയത്. അതിനു മുമ്പുതന്നെ അനേകം കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നില്ല.
സബ്സിഡിയുള്ള പാചക വാതകത്തിന്റെയും ഇല്ലാത്തതിന്റെയും നിരക്ക് തുല്യ നിലയില്‍ വന്നപ്പോഴാണ് സബ്സിഡി നിര്‍ത്തലാക്കിയത്. ആനുകൂല്യത്തില്‍ ആശ്വാസം കണ്ടിരുന്ന വലിയ വിഭാഗം ജനങ്ങള്‍ക്ക് അത് ഇരുട്ടടിയായി.

ഭര്‍ത്താവിനും ഭാര്യയ്ക്കും കൂടിയുള്ള വാര്‍ഷിക വരുമാനം 10 ലക്ഷം രൂപയില്‍ കവിയാത്ത 26 ലക്ഷം കുടുബങ്ങള്‍ക്കാണ് 157 രൂപ സബ്സിഡിയില്‍ പാചകവാതകം നല്‍കിയിരുന്നത്. 2020-21 ല്‍ പെട്രോളിയം സബ്സിഡിയായി ബജറ്റില്‍ വകയിരുത്തിയിരുന്നത് 40, 915 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം അത് 14,000 കോടിയായി കുത്തനെ ഇടിഞ്ഞു. അപ്പോള്‍ മുതല്‍ പാചകവാതക സബ്സിഡിയുടെ കാര്യത്തില്‍ താളപ്പിഴ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഈ ചുവടുപിടിച്ച് നിലവിലുള്ള ഭക്ഷ്യ- രാസവളം സബ്സിഡി കൂടി നിര്‍ത്തലാക്കുമോ എന്ന ആശങ്ക ശക്തമാണ്. ഭക്ഷ്യ സബ്സിഡിയായി രണ്ടര ലക്ഷം കോടി രൂപയും രാസവളം സബ്സിഡിയായി 8000 കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. പാചക വാതക സബ്സിഡി നിര്‍ത്തലാക്കിയതോടെ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള ആനുകൂല്യം ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ ഇല്ലാതായി.

കേരളത്തില്‍ എല്ലാ പ്രതിസന്ധികളേയും മറികടന്ന് യാഥാര്‍ഥ്യമായ ഗെയില്‍ പൈപ്പ്് ലൈന്‍ പദ്ധതിയില്‍ നിന്നുള്ള സിറ്റി ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ പൈപ്പ് വഴി നേരിട്ട് പാചക വാതകമെത്തുന്ന പദ്ധതി യാഥാര്‍ഥ്യമായാല്‍ ഏകദേശം 30 ശതമാനം ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്.

കൊച്ചി മുതല്‍ മംഗളൂരു വരെയുള്ള ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നേരത്തേ പൂര്‍ത്തിയായിരുന്നു. ലൈനില്‍നിന്ന് വീടുകളിലേക്ക് ഗ്യാസെത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതിയാണ് സിറ്റി ഗ്യാസ്. എട്ടിഞ്ച് കനമുള്ള പൈപ്പില്‍ നഗരമേഖലയിലെത്തുന്ന വാതകം പിന്നീട് നിശ്ചിത മര്‍ദത്തില്‍ ആവശ്യക്കാര്‍ക്ക് വീടുകളിലേക്ക് നല്‍കും.

എല്‍ പി ജി യെക്കാള്‍ ലാഭകരമാണ് പ്രകൃതിവാതകം. ഏകദേശം 30 ശതമാനം ലാഭമുണ്ടാകുമെന്നാണ് കണക്ക്. അതോടൊപ്പം എല്‍.പി.ജി.യെക്കാള്‍ അപകടം കുറവുമാണ് പ്രകൃതിവാതകത്തിന്. ആവശ്യക്കാര്‍ക്ക് ഒരേ സ്റ്റൗവില്‍തന്നെ എല്‍.പി.ജി. സിലിന്‍ഡറും പ്രകൃതിവാതകവും ഉയോഗിക്കാം.ഇതിനായി പ്രത്യേക നോബ് ഘടിപ്പിക്കേണ്ടിവരും. ഇത് കമ്പനിതന്നെ ഏര്‍പ്പാടാക്കും. രണ്ടുമാസം കൂടുമ്പോഴാണ് ബില്ല് വരിക. കണക്ഷനെടുക്കാന്‍ ഇപ്പോഴത്തെ കണക്കുപ്രകാരം 7,000 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് വേണ്ടിവരും.

വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭിക്കുന്നതോടെ ഇന്ധനച്ചെലവ് 20 ശതമാനം കുറയും. ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് മാസം 5,000 രൂപവരെയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 3,000 രൂപവരെയും ലാഭമുണ്ടാകും. 5000 കിലോ എല്‍പിജി ദിവസം ഉപയോഗിക്കുന്ന വ്യവസായശാലകള്‍ക്ക് 85,000 രൂപയുടെ ലാഭവുമുണ്ടാകും.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest