Travelogue
സ്ട്രോബറി,ബ്ലൂബെറി,ബ്ലാക്ബെറി... പഴങ്ങളുടെ ഘോഷയാത്ര
ഓരോ നാടിനും അവിടേക്കുള്ള യാത്രയിലും ഭക്ഷണവുമായി അഭേദ്യ ബന്ധം തന്നെയുണ്ട്. ചില നാടുകൾ നമ്മുടെ ഓർമയിൽ നിൽക്കുന്നത് അവിടുന്ന് രുചിച്ച ഏതെങ്കിലുമൊരു ചെറിയ ഭക്ഷണ വിഭവത്താലായിരിക്കും.
പൂജ്യത്തിന് താഴെ മൈനസ് ഡിഗ്രി കാലാവസ്ഥയിൽ ജീവിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമായി വേണ്ട വെള്ളം, ഭക്ഷണ സാധനങ്ങൾ, പഠനം തുടങ്ങിയ പല കാര്യങ്ങളും അപ്പോൾ എങ്ങനെയായിരിക്കും ലഭ്യമാകുക, ഉപയോഗിക്കുക എന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഹിമപാളികളെടുത്ത് അടുപ്പത്ത് വെച്ച് ഉരുക്കി വെള്ളമാക്കി ഉപയോഗിക്കുന്നവരുടെ കഷ്ടപ്പാടുകൾ അറിഞ്ഞിട്ടുണ്ടോ? റഷ്യയിലെ ഒയ്മ്യാകോൻ, സൈബീരിയ തുടങ്ങിയ സ്ഥലത്തുള്ള ജനങ്ങളുടെ ജീവിതം ഇങ്ങനെയൊക്കെയാണ്. കാരണം, അവിടുത്തെ കാലാവസ്ഥ മൈനസ് നാൽപ്പത് ഡിഗ്രിയാണ്. മാവേലി വരുന്നത് പോലെ വരുന്ന സൂര്യനെ ആശ്രയിച്ചു അവർക്കൊന്നും ചെയ്യാൻ കഴിയില്ല. പകരം പ്രതിസന്ധികളെ തരണംചെയ്തു മുന്നേറുകയെന്നുള്ളത് തന്നെയാണ് ഏക പോംവഴി.
ചിംഗാൻ മലയിറങ്ങി ഞങ്ങൾ ഉച്ച ഭക്ഷണത്തിനു പോയത് മലയടിവാരത്ത് നിന്നും അൽപ്പം ദൂരമകലെയുള്ള താഴ്്വാരത്തെ ഒരു ഔട്ട് ഹൗസിലേക്കായിരുന്നു. വിശാലമായൊരു പ്രദേശത്ത് തനിച്ചു നിൽക്കുന്ന ഒരു വീട്. അതിന്റെ പൂമുഖത്ത് അലങ്കാരത്തിനോ പ്രൗഢിക്കോ വേണ്ടി ഒരുപാട് ചെന്നായകളുടെ തൊലിയുരിഞ്ഞു വെച്ചിട്ടുണ്ട്. ഔട്ട് ഹൗസിന്റെ പിറക് ഭാഗത്തിലൂടെ ഒരു അരുവി ഒഴുകുന്നുണ്ട്. മഞ്ഞുമലയിൽ നിന്നും ഐസ് ഉരുകി യൊലിച്ചിറങ്ങി വരുന്ന ജലമാണെന്ന് ഊഹിക്കാം. അതിൽ കാൽ വെച്ചപ്പോൾ ഹിമപാളികളിൽ സ്പർശിച്ചതിനേക്കാൾ കൊടും തണുപ്പ്. ഈ വീട് ടൂറിസ്റ്റുകളെ സ്വീകരിക്കാനും അവർക്ക് അൽപ്പ നേരം വിശ്രമിക്കാനും മാത്രമായി ഒരുക്കിയതായി തോന്നി. ഇന്നേ ദിവസം ഞങ്ങൾക്ക് വേറെ സ്ഥലങ്ങളൊന്നും പ്രത്യേകിച്ചു ഷെഡ്യൂൾ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ വൈകുന്നേരം വരെ അവിടെ വിശ്രമിക്കാനും ആ ഗ്രാമപ്രദേശത്തിന്റെ കാഴ്ചകളിലേക്ക് പോകാനും സമയമുണ്ടായി.
വ്യത്യസ്തമായ പുതിയ കാഴ്ചകളും അറിവുകളുമാണ് ആ ഗ്രാമത്തിൽ അൽപ്പ നേരം ചെലവഴിക്കുന്നതിലൂടെ തന്നെ ലഭിച്ചത്. കഴിഞ്ഞ ദിനങ്ങളിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയും കൊടും ശൈത്യത്തിന്റെ തീവ്രതയും അവിടെയുള്ള സ്വിമ്മിംഗ് പൂൾ കണ്ടപ്പോൾ തന്നെ ഊഹിച്ചെടുക്കാൻ കഴിഞ്ഞു. വെള്ളമൊക്കെ തണുത്തുറഞ്ഞു ഐസായി മാറിയിരിക്കുന്നു. വീടിന്റെ മട്ടുപ്പാവിലും വരാന്തയിലും മുറ്റത്തും ഐസ് പാളികൾ വീണു കിടപ്പുണ്ട്. അവിടുത്തെ ജോലിക്കാർ ഞങ്ങൾക്കുള്ള ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ്. കബാബും റൊട്ടിയും പിന്നെ ഇറച്ചി ഉപയോഗിച്ചുള്ള നാടൻ വിഭവങ്ങളാണ് ഒരുക്കുന്നത്. അതിനിടയിലാണ് പാചകക്കാരിൽ ഒരാൾ മുറ്റത്തുപോയി ഐസ് പാളികൾക്കിടയിൽ പൊതിഞ്ഞു സൂക്ഷിച്ചുവെച്ച കബാബിന്റെ ഇറച്ചിയെടുത്ത് വരുന്നത് കാണുന്നത്. തണുപ്പുള്ള നാട്ടിൽ ഇറച്ചി പോലുള്ള വസ്തുക്കൾ കേടാകാതെ സൂക്ഷിക്കാൻ റെഫ്രിജറേറ്റർ ആശ്രയിക്കേണ്ട കാര്യമില്ല. പ്രകൃതിയിൽ തന്നെ അത്തരം സംവിധാനം ഒരുക്കിവെക്കപ്പെട്ടിരിക്കുകയാണ്. എനിക്ക് അത്ഭുതം കൂറി. ഈ കാഴ്ചയാണ് എന്നിൽ ഒയ്മ്യാകോന്റെയും സൈബീരിയയുടെയും ജീവിത ചുറ്റുപാടുകളിലേക്ക് ചിന്തയെ കൂട്ടിക്കൊണ്ടുപോയത്.
ഭക്ഷണം കഴിച്ചു ഞങ്ങൾ അവിടുന്ന് ഇറങ്ങി. സമയം ഇരുട്ടിത്തുടങ്ങിയിട്ടുണ്ട്. വിജനമായ അന്തരീക്ഷം. റോഡിൽ ഞങ്ങളുടെ വാഹനമല്ലാതെ മറ്റാരുമില്ല. ശീതക്കാറ്റും സന്ധ്യയോടടുത്ത ഇരുട്ടും പ്രകൃതിയുടെ ഭംഗിയും അറിയാതെ നാവിൽ നിന്നും ആരെ കൊണ്ടും തസ്ബീഹ് ധ്വനികൾ വരുത്തിക്കും. ഞങ്ങളുടെ പാതയുടെ സമാന്തരമായി വലിയ മലകൾ മഞ്ഞിനാൽ മൂടി ക്കിടക്കുകയാണ്. ആ കാഴ്ച മതിമറന്നു ആസ്വദിക്കുമ്പോഴാണ് ഡ്രൈവർ പറയുന്നത് മഞ്ഞുമലകൾക്കരികിലും അതിന്റെ പാതയിലും അധിക നേരം ചെലവഴിക്കരുത്. ചിലപ്പോഴൊക്കെ ഉരുൾപൊട്ടൽ കണക്കെ അവലാഞ്ചെ (ഹിമപാതം) വന്നേക്കും. അത് നമ്മളെ ആകെ മൂടിക്കളയും. പ്രവചനാതീതമാണ് അതിന്റെ വരവ്. കമ്പിവേലി കെട്ടി തടസ്സം തീർത്തിട്ടുണ്ടെങ്കിലും ഹിമപാതത്തെ ചെറുക്കാൻ പലപ്പോഴും അതൊന്നും മതിയാകില്ല, സൂക്ഷിക്കേണ്ടതുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോഴത്തെ റബീഉൽ അവ്വലിലാണ് ഞാൻ ആദ്യമായി ആലിപ്പഴം വീഴ്ച കാണുന്നതും അനുഭവിക്കുന്നതും. അന്ന് അത് ആസ്വദിക്കാൻ തല പുറത്തിട്ടപ്പോൾ ചറ പറ വന്നു തലക്കും മുഖത്തും തട്ടിയിട്ട് നല്ലപോലെ വേദനയനുഭവിച്ചത് ഓർക്കുന്നു. ചില ആസ്വാദനത്തിന്റെ പരിണിതഫലം വേദനയാകുമെന്നു സൂചന. ശരീരമാസകലം കുളിരു തരുന്ന അന്തരീക്ഷവും വായു മണ്ഡലവും നല്ലൊരു ഉന്മേഷം പകർന്നു തന്നു. വളരെ കുറച്ച് മാത്രം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ കാർബൺ ഡൈ ഓക്‌സൈഡ് പുറംതള്ളുന്നതിന്റെ അളവ് കുറച്ചു മാത്രമാകും ആ നാടും നാട്ടുകാരും അനുഭവിക്കുന്നുണ്ടാകുക.
മടക്കയാത്രയിൽ നമ്മൾ ഒരു അതിവിശിഷ്ടമായ റിസർവോയറുടെ അരികിലൂടെ കടന്നുപോയി. “ചർവാക് റിസർവോയർ’ എന്ന് അറിയപ്പെടുന്നു. അവിശ്വസനീയമായ സമുദ്രനീലിമയും വെള്ളത്തിന്റെ തെളിച്ചവും മലകൾക്കിടയിൽ വശ്യമായി കിടക്കുന്ന കിടപ്പും ആരെയും വശീകരിക്കും. ചിംഗാൻ സന്ദർശിച്ചു പോകുന്നവർ ഇവിടെയും സന്ദർശിക്കാറുണ്ട് പോലും. സീസൺ സമയങ്ങളിൽ സമീപ രാജ്യങ്ങളിൽ നിന്ന് പോലും ഈ തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആളുകളുടെ വരവുണ്ടെന്നു നമ്മുടെ ഡ്രൈവർ പറഞ്ഞു. സമയം സന്ധ്യയിലേക്ക് അടുത്തതിനാൽ അധിക നേരം അവിടെ ചെലവഴിച്ചില്ല. ഞങ്ങൾ അവിടെ നിന്നും വേഗം യാത്രയായി. സമയം നീങ്ങുംതോറും ശൈത്യത്തിന്റെ കാഠിന്യം കൂടി ക്കൊണ്ടിരുന്നു. ആ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും ആരംഭിച്ചിട്ടുണ്ട്. നിസ്കരിക്കാൻ വഴിയരികിലെ ഒരു കൊച്ചു പള്ളിയിൽ കയറി. തണുപ്പ് കാരണം എല്ലാവരും ശരീരത്തെ പരമാവധി ചുരുട്ടി ഒതുക്കിവെക്കാൻ ശ്രമിക്കുകയാണ്. നിസ്കാര ശേഷം തദ്ദേശീയരായ ആളുകൾ നമുക്കരികിലേക്ക് വന്നു വിശേഷങ്ങൾ ആരാഞ്ഞു. വേറെ ചിലർ നമ്മുടെ കൂട്ടത്തിൽ തന്നെയുള്ളവർക്ക് മാലീസ് (പുറം തിരുമ്മി കൊടുക്കുക) ചെയ്തുകൊടുക്കുകയാണ്. തന്റെ നാട്ടിൽ എത്തിച്ചേർന്ന അതിഥികൾക്ക് സന്തോഷം പകരുകയെന്ന് സാരം. ഗ്രാമീണരുടെ നിഷ്‌കളങ്കതയും സ്നേഹമസൃണമായ പുഞ്ചിരിയും ഹൃദയത്തിൽ തൊട്ടുള്ള പെരുമാറ്റവും നമ്മൾ യാത്രികർക്ക് വല്ലാത്തൊരു അനുഭൂതിയാണ് പകർന്നുതന്നത്.
താഷ്കെന്റിലേക്ക് അടുക്കും തോറും റോഡിൽ തിരക്ക് വർധിച്ചിട്ടുണ്ട്. താഷ്കെന്റ് നഗരം ഇപ്പോഴും നല്ല പോലെ ലൈറ്റുകളൊക്കെ കത്തി മനോഹാരിയായി അണിഞ്ഞൊരുങ്ങി നിൽക്കുകയാണ്. പല വർണങ്ങളിലും ആകൃതിയിലുമുള്ള ബൾബുകളും അതിന്റെ നിറങ്ങളും നഗര തെരുവീഥിക്ക് ഭംഗി കൂട്ടിയിട്ടുണ്ട്. ഇന്നത്തെ നമ്മുടെ അത്താഴം ഉസ്ബക്കിസ്ഥാനിലെ ചില വിശിഷ്ട വ്യക്തികളോടൊപ്പമാണ്. റെസ്റ്റോറന്റിൽ അവർ നമ്മെ കാത്ത് നിൽപ്പുണ്ടായിരുന്നു. ചർച്ചകളും സംസാരങ്ങളും യഥേഷ്ടം നടന്നു. ഞാൻ അപ്പോഴൊക്കെ ശ്രദ്ധിച്ചത് തീൻമേശയിൽ വിളമ്പിയ ഭക്ഷണ വൈവിധ്യത്തിലായിരുന്നു. ഒട്ടുമിക്ക ഫ്രൂട്സുകളും അവിടെ കാണാൻ കഴിഞ്ഞു. അതിൽ കൂടുതൽ കൗതുകം തോന്നിയത് വിവിധങ്ങളായ ബെറികളിലായിരുന്നു. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ബെറി, റെഡ്ബറി, റാസ്പ്ബെറി ഇത് തന്നെ വിവിധ നിറങ്ങളിൽ, മൾബറി, പൈൻബെറി ഇങ്ങനെ പേരറിയുന്നതും അറിയാത്തതുമായ ഫലങ്ങളുടെ ഘോഷയാത്ര. ഓരോ നാടിനും അവിടേക്കുള്ള യാത്രയിലും ഭക്ഷണവുമായി അഭേദ്യ ബന്ധം തന്നെയുണ്ട്. ചില നാടുകൾ നമ്മുടെ ഓർമയിൽ നിൽക്കുന്നത് അവിടുന്ന് രുചിച്ച ഏതെങ്കിലുമൊരു ചെറിയ ഭക്ഷണ വിഭവത്താലായിരിക്കും.