editorial
തെരുവുനായ വന്ധ്യംകരണം പരിഹാരമല്ല
വന്ധ്യംകരണം കൊണ്ട് പ്രശ്‌നം പരിഹൃതമാകുകയില്ലെന്നാണ് തെരുവുനായകളുടെ എണ്ണത്തിൽ കണ്ടുവരുന്ന വർധനയും നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും കണക്കുകളും വ്യക്തമാക്കുന്നത്. തെരുവുനായ്ക്കൾ ക്രമാതീതമായി വർധിക്കുമ്പോൾ കൊന്നൊടുക്കുകയാണ് പ്രായോഗിക മാർഗം.

തെരുവുനായ ആക്രമണം പൂർവോപരി രൂക്ഷമാണ് സംസ്ഥാനത്ത്. നാൽപ്പതോളം പേരെയാണ് വ്യാഴാഴ്ച കണ്ണുർ ചക്കരക്കല്ലിൽ തെരുവുനായ കടിച്ചത്. പ്രദേശത്ത് പത്ത് കിലോമീറ്ററോളം ദൂരത്തിൽ ഓടിനടന്ന നായ കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് കടിയേറ്റവരിൽ പകുതി പേർ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ആലപ്പുഴ കായംകുളം ഐക്യ ജംഗ്ഷനിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചത്. ഫെബ്രുവരി 20ന് കോഴിക്കോട് കൊയിലാണ്ടി പെരുവട്ടൂരിൽ രണ്ട് വയസ്സുകാരനടക്കം നാല് പേരും ഫെബ്രുവരി 14ന് മലപ്പുറം പെരിന്തൽമണ്ണക്ക് സമീപം പുത്തനങ്ങാടിയിൽ മൂന്ന് മാസം പ്രായമായ കുഞ്ഞടക്കം അഞ്ച് പേരും തെരുവുനായയുടെ ആക്രമണത്തിനിരയാകുകയുണ്ടായി. ഫെബ്രുവരി പത്തിനാണ് ആലപ്പുഴ ചാരുംമൂടിൽ നായ കടിച്ച് പേ വിഷബാധയേറ്റ പതിനൊന്ന് വയസ്സുകാരൻ മരിച്ചത്.
ദശാബ്ദങ്ങളായി കേരളീയർ നേരിടുന്ന അതീവഗുരുതര പ്രശ്‌നമാണ് തെരുവുനായ ആക്രമണം. ആയിരക്കണക്കിന് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് റിപോർട്ട് ചെയ്യപ്പെടുന്നത്. 2022ൽ കേന്ദ്ര മൃഗസംരക്ഷണ മന്ത്രി പാർലിമെന്റിൽ വെച്ച റിപോർട്ട് പ്രകാരം തെരുവുനായ്ക്കളുടെ എണ്ണത്തിൽ രാജ്യത്ത് 17ാം സ്ഥാനത്താണ് കേരളമെങ്കിലും കടിയേൽക്കുന്നവരുടെ എണ്ണത്തിൽ ആറാം സ്ഥാനത്താണ്. 2017ൽ 1.35 ലക്ഷമാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായവരുടെ എണ്ണമെങ്കിൽ 2022ൽ രണ്ടര ലക്ഷത്തോളമായി ഉയർന്നു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ കൊന്നൊടുക്കിയാണ് നേരത്തേ പ്രശ്‌നം പരിഹരിച്ചിരുന്നതെങ്കിൽ കേന്ദ്രത്തിന്റെയും മൃഗസംരക്ഷണ സംഘടനകളുടെയും എതിർപ്പ് മൂലം അത് നിർത്തലാക്കേണ്ടിവന്നു. 2016ൽ തിരുവനന്തപുരത്ത് ശീലുവമ്മ എന്ന വൃദ്ധ തെരുവുനായ ആക്രമണത്തിൽ മരിച്ചതിനു പിന്നാലെ, നായകളെ കൊന്നൊടുക്കുന്നതുൾപ്പെടെ കടുത്ത നടപടികളിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതാണ്. ദേശീയതലത്തിൽ നിന്നുള്ള എതിർപ്പ് മൂലം
പിൻവാങ്ങുകയായിരുന്നു.
നായകളെ കൊല്ലുന്നത് പ്രശ്‌നത്തിന് പരിഹാരമല്ലെന്നും അത് മൃഗങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്നുമാണ് അന്നത്തെ കേന്ദ്ര മന്ത്രിയും മൃഗാവകാശ പ്രവർത്തകയുമായിരുന്ന മേനകാ ഗാന്ധി പറഞ്ഞത്. ശീലുവമ്മ മാംസവുമായി പോകുകയായിരുന്നു, അതുകൊണ്ടാണ് നായ അക്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും അന്ന് നായകളെ കൊല്ലാനുള്ള നീക്കത്തിനെതിരെ രംഗത്തുവന്നു. കേരള സർക്കാർ നായകളെ കൊല്ലാൻ തീരുമാനമെടുത്താൽ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്നാണ് പ്രശാന്ത് ഭൂഷൺ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ
ഭീഷണിപ്പെടുത്തിയത്.
വന്ധ്യംകരണത്തിലൂടെ തെരുവുനായകളുടെ വർധന തടയുകയെന്ന ലക്ഷ്യത്തിൽ ആവിഷ്‌കരിച്ച അനിമൽ ബർത്ത് കൺട്രോൾ(എ ബി സി) പദ്ധതിയാണ് പ്രശ്‌നത്തിന് നിലവിൽ സർക്കാറിന് മുമ്പിലുള്ള പരിഹാരം. തീവ്ര വാക്‌സീനേഷൻ യജ്ഞം, ശുചിത്വയജ്ഞം (തെരുവോരങ്ങളിലെ മാലിന്യനിക്ഷേപം കർശനമായി തടയൽ), തെരുവുനായകൾക്ക് അഭയ കേന്ദ്രങ്ങൾ സജ്ജമാക്കൽ, വളർത്തു നായകൾക്ക് ലൈസൻസ് നൽകൽ തുടങ്ങിയ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതായി എം എസ് അരുൺകുമാർ എം എൽ എയുടെ സബ്മിഷനുള്ള മറുപടിയിൽ വ്യാഴാഴ്ച നിയമസഭയിൽ മന്ത്രി എം ബി രാജേഷ് പ്രസ്താവിക്കുകയുണ്ടായി. 2024-25 വർഷത്തിൽ തെരുവുനായകൾക്കുള്ള വാക്‌സീനേഷൻ, എ ബി സി പദ്ധതി, റാബീസ് ഫ്രീ കേരള തുടങ്ങിയ പദ്ധതികൾക്കായി തദ്ദേശ വകുപ്പ് 37.60 കോടി രൂപ നീക്കിവെച്ചതായും മന്ത്രി വ്യക്തമാക്കി.
എന്നാൽ വന്ധ്യംകരണം കൊണ്ട് പ്രശ്‌നം പരിഹൃതമാകുകയില്ലെന്നാണ് തെരുവുനായകളുടെ എണ്ണത്തിൽ കണ്ടുവരുന്ന വർധനയും നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെയും പരുക്കേൽക്കുന്നവരുടെയും കണക്കുകളും വ്യക്തമാക്കുന്നത്. മന്ത്രി രാജേഷ് വെളിപ്പെടുത്തിയ കണക്ക് പ്രകാരം 2016 മുതൽ 2024 ആഗസ്റ്റ് 31 വരെയായി 1.09 ലക്ഷം തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട് സംസ്ഥാനത്ത്. എന്നാൽ നായകളുടെ എണ്ണം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. മുൻകാലങ്ങളിലേത് പോലെ തെരുവുനായ്ക്കൾ ക്രമാതീതമായി വർധിക്കുമ്പോൾ കൊന്നൊടുക്കുകയാണ് പ്രായോഗിക മാർഗം. എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കാടതിയിൽ നിന്ന് വ്യക്തമായ ഉത്തരവ്നേടിയെടുക്കേണ്ടതുണ്ട്.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച ഹരജിയിൽ അപകടകാരികളായ തെരുവുനായകളെ കൊല്ലാമെന്ന് 2015 സെപ്തംബറിൽ ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീർത്തി സിംഗ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ തെരുവുനായകളുടെ കൂട്ടത്തിൽ നിന്ന് പേവിഷബാധിച്ചതും അപകടകാരികളുമായവയെ കണ്ടെത്തുക പ്രയാസമായതിനാൽ എല്ലാ നായകളെയും കൊല്ലാൻ അനുമതി ആവശ്യപ്പെട്ട് 2017ൽ കേരളം വീണ്ടും ഹരജി സമർപ്പിച്ചെങ്കിലും നായകൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതി അത് തള്ളുകയായിരുന്നു.
ജീവിക്കാനുള്ള നായകളുടെ അവകാശത്തെ നിഷേധിക്കുന്നില്ല. എന്നാൽ മനുഷ്യ ജീവനോളം വലുതല്ലല്ലോ നായയുടെ ജീവൻ. ഭദ്രമായ ചുറ്റുമതിൽ കെട്ടിയ വീടുകളിൽ താമസിക്കുകയും കാറുകളിൽ മാത്രം പുറത്തിറങ്ങുകയും ചെയ്യുന്ന ന്യായാധിപ സമൂഹത്തിനും മന്ത്രിമാർക്കും അഭിഭാഷക പ്രമുഖർക്കും തെരുവുകളിലൂടെ സഞ്ചരിക്കേണ്ടിവരുന്ന പാവപ്പെട്ടവരുടെ പ്രയാസങ്ങളും രൂക്ഷമായ തെരുവുനായ ശല്യവും മനസ്സിലാകണമെന്നില്ല. ഇതൊക്കെ അന്വേഷിച്ചറിഞ്ഞു വേണം ജൂഡീഷ്യറി ഇത്തരം സാമൂഹിക പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാൻ.