Kerala
12 പേരെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച തെരുവുനായ ചത്തു
കാട് കയറിയ ഭാഗത്ത് ചത്തു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു

കണ്ണൂര്‍ | തളിപ്പറമ്പില്‍ 12 പേരെ അക്രമിച്ച് പരുക്കേല്‍പ്പിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകുന്നേരമാണ് കാര്യാമ്പലം, അടിക്കംപാറ, ഞാറ്റുവയല്‍ ഭാഗങ്ങളില്‍ തെരുവു നായയുടെ അക്രമം നടന്നത്. വെള്ളിയാഴ്ചയാണ് നായയുടെ ജഡം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് തെരുവു നായയുടെ അക്രമം ഉണ്ടായത്.
സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ രണ്ടാം ക്ലാസ്സുകാരന്‍ വീടിന് പുറത്ത് സൈക്കിളില്‍ കളിക്കുമ്പോള്‍ നായ കടിക്കുകയായിരുന്നു. തുടര്‍ന്ന് നായ ഓടിയ ഭാഗത്ത് ഉണ്ടായിരുന്നവര്‍ക്കാണ് കടിയേറ്റത്. സുഹറാബി, സലാമത്ത് നഗറിലെ നിയാസ്, ഞാറ്റുവയലിലെ റിയാസ്, ഗീത, റഹീം തുടങ്ങി ഒന്നിലും രണ്ടിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 12 പേര്‍ക്കാണ് പരുക്കേറ്റത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് വീഴ്ചയില്‍ കാലിന്റെ എല്ല് പൊട്ടി. പരുക്കേറ്റവരെല്ലാം പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി.
നഗരസഭാ കൗണ്‍സിലര്‍മാരായ കെ പി ഖദീജ, റസിയ എന്നിവര്‍ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് നഗരസഭയിലെ ജീവനക്കാര്‍ നായയെ കണ്ടെത്താന്‍ കാര്യാമ്പലം, അടിക്കംപാറ, ഞാറ്റുവയല്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കാട് കയറിയ ഭാഗത്ത് നായ ചത്തു കിടക്കുന്നത് കണ്ടത്. നഗരസഭ ആവശ്യപ്പെട്ടത് പ്രകാരം ജില്ലാ പഞ്ചായത്ത് തെരുവുനായകളുടെ വന്ധ്യംകരണ പദ്ധതിയിലുള്ള നായ പിടിത്തക്കാര്‍ സ്ഥലത്തെത്തി മൂന്ന് നായകളെ പിടികൂടി വന്ധ്യംകരക്കന്തിന് കൊണ്ടുപോയതായി നഗരസഭാ ചെയര്‍മാന്‍ മുര്‍ഷിദ കൊങ്ങായി പറഞ്ഞു.