Kerala
വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലും പരിസരത്തും തെരുവുനായ ശല്ല്യം രൂക്ഷം
പഞ്ചായത്ത് അധികൃതർ വിഷയത്തിൽ നടപടിയെടുക്കുന്നില്ലെന്നാണ് ആശുപത്രിയിലെത്തുന്നവരും സമീപവാസികളും പറയുന്നത്.

നേമം | വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലും പരിസരത്തും തെരുവുനായ ശല്ല്യം രൂക്ഷമായി തുടരുന്നു. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലായാണ് തെരുവുനായകളെ കാണുന്നത്. ആശുപത്രി ഒപി ബ്ലോക്കിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലും നായകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്ന അവസ്ഥയാണ്. ആശുപത്രിയില്‍ രാവിലെ ഒപി ടിക്കറ്റ് എടുക്കാന്‍ വരുന്നവര്‍ നായയുടെ ആക്രമണം ഭയന്നാണ് നില്‍ക്കുന്നത്.
അടുത്തിടെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ രോഗിയെ നായകള്‍ കടിക്കാനായി ഓടിച്ച സംഭവവും ഉണ്ടായി.ആശുപത്രിയില്‍ എത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും നായകള്‍ ആക്രമിക്കാനായി പാഞ്ഞടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. ആശുപത്രി പരിസരത്ത് പത്തോളം നായകളെ സ്ഥിരം കാണാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വന്ധ്യംകരണം നടപടി ഫലപ്രദമായി നടക്കാത്തതും ആശുപത്രിയിലെത്തുന്ന ചിലര്‍ ആഹാരം നല്‍കുന്നതും പരിസരത്ത് മാലിന്യം സ്ഥിരമായി തള്ളുന്നതുമാണ് തെരുവുനായകള്‍ അധികരിക്കാന്‍ കാരണമായി പറയുന്നത്. കൂടാതെ പഞ്ചായത്ത് അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നുമാണ് വിഷയത്തില്‍ ആശുപത്രിയിലെത്തുന്നവരും സമീപവാസികളും അഭിപ്രായപ്പെടുന്നത്.