Connect with us

Articles

മനുഷ്യരെ കാണുന്ന തെരുവുകള്‍

എസ് എസ് എഫ് എന്ന ആശയ സഞ്ചാരത്തിന്റെ കൂടെ അതി വേഗം ഓടിയെത്തി ആ ഗ്രാമങ്ങള്‍.

Published

|

Last Updated

സുബ്ഹിക്ക് മുന്നേ ഉണരുന്നുണ്ട് ഗോവണ്ടിയിലെ തെരുവുകള്‍. ആയുസ്സിന്റെ രേഖാചിത്രം കണക്കെ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ നിറഞ്ഞൊഴുകുന്ന പച്ച മനുഷ്യരുടെ തെരുവുകള്‍. നാല് ലക്ഷം മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന നീണ്ടുനിവര്‍ന്നു കിടക്കുന്ന ചേരികള്‍. നേര്‍ത്ത ഇടനാഴികളിലൂടെ നടന്നു ചെന്നാല്‍ മനുഷ്യരുറങ്ങുന്ന കൂടുകള്‍ കാണാം. ഇടക്കിടെ വിശാലമായ ഗോഡൗണുകള്‍ ഉണ്ട്. പഴക്കടകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, റസ്‌ക് പോലെ ഗോവണ്ടിയില്‍ സുലഭമായി കാണുന്ന ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന അപ്പക്കൂടുകള്‍, ഇറച്ചിക്കടകള്‍, കൊച്ചു ചായക്കടകള്‍, എണ്ണയില്‍ പൊരിച്ചെടുത്ത ഇറച്ചിക്കഷ്ണങ്ങള്‍ തൂക്കി വില്‍ക്കുന്ന കടകള്‍.. ഗോവണ്ടിയിലെ തെരുവുകളുടെ ഏകദേശ ചിത്രമാണിത്. വീടുകളില്‍ ഉപയോഗം കഴിഞ്ഞ പാഴ്ജലം ഓടകള്‍ കണക്കെ ഇടുങ്ങിയ ഇടനാഴികളിലൂടെ ചാലിട്ടൊഴുകുന്നുണ്ടാകും. പ്രാദേശിക ഭരണകൂടങ്ങള്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്ന് തോന്നും ആ തെരുവുകള്‍ കാണുമ്പോള്‍. അപ്പോഴും സന്തുഷ്ടരാണ് ഇവിടെയുള്ള മനുഷ്യര്‍. ആഡംബര ജീവിതത്തിന്റെ ആര്‍ത്തികള്‍ അവരെ അസ്വസ്ഥപ്പെടുത്തുന്നില്ല. അന്നന്നത്തെ ഉപജീവനം ലക്ഷ്യമിട്ട് വൈകുന്നേരങ്ങളില്‍ പച്ചക്കറി കൂടുകളുമായി തെരുവില്‍ നിരന്നിരിക്കുന്ന മനുഷ്യരുടെ നെറ്റികളില്‍ പ്രതിസന്ധികളുടെ നൂറു പുഴകള്‍ തുഴഞ്ഞെത്തിയ അസാമാന്യമായ ഇച്ഛാശക്തിയുടെ തിളങ്ങുന്ന ചുളിവുകള്‍ കാണാനാകും.

ഏക്താ ഉദ്യാന്‍, വെളിച്ചമുള്ള ബഹളങ്ങള്‍
ഗോവണ്ടി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി ഒരറുന്നൂറ് മീറ്റര്‍ നടന്നെത്തുന്ന ദൂരത്താണ് എസ് എസ് എഫ് ഓഫീസുള്ളത്. ഇടതടവില്ലാതെ പ്രവര്‍ത്തകര്‍ കയറിയും ഇറങ്ങിയും വിശ്രമമില്ലാതെ ഉണര്‍ന്നിരിക്കുകയാണ് ഈ സംഘാടക സമിതി കാര്യാലയം. ഗ്രേറ്റര്‍ മുംബൈയിലെ ഓരോ ചേരികളിലേക്കും സമ്മേളന സന്ദേശവുമായി ഓടിനടക്കുന്ന പ്രവര്‍ത്തകര്‍ ഒത്തുകൂടുന്ന ഇടവും ഇത് തന്നെ. ഹിന്ദിയിലും ഉറുദുവിലുമുള്ള നോട്ടീസുകള്‍, പോസ്റ്ററുകള്‍, ചെറിയ ലഘു ലേഖകള്‍ ഒക്കെയാണ് ഓരോരുത്തരുടെയും കൈകളില്‍. തദ്ദേശീയരായ വിദ്യാര്‍ഥികള്‍ ധാരാളമുണ്ട് പ്രചാരണ പരിപാടികളില്‍. മുംബൈയിലെ മൗലാനമാരും പൗരപ്രമുഖരും എല്ലാം സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞു. നടന്നെത്തുന്ന തെരുവുകളിലെല്ലാം മനുഷ്യര്‍ക്ക് സമ്മേളനത്തെ കുറിച്ച് തന്നെയാണ് പറയാനുള്ളത്. അവരുടെ ബഡാ സുന്നി ഇജ്തിമാഇലേക്ക് വന്നിട്ടുള്ള അതിഥികളെ പോലെ അവര്‍ നമ്മെ സ്വീകരിക്കുന്നു. സംസാരിക്കുന്നു. പ്രതീക്ഷകളുടെ സന്തോഷങ്ങള്‍ പങ്കുവെക്കുന്നു. ഏകതാ ഉദ്യാന്‍ ഒരു ജനതയുടെ ആത്മവികാരങ്ങളുടെ നിവര്‍ത്തനം സാധ്യമാക്കുന്നതെങ്ങനെയാണ് എന്ന് അവരുടെ സംസാരങ്ങള്‍ക്കിടയില്‍ കേള്‍ക്കാനാകും. നിവര്‍ന്നു നടന്ന പ്രതാപ കാലങ്ങളുടെ ഉജ്വലമായ വീണ്ടെടുപ്പുകള്‍ അവര്‍ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു എന്നവരുടെ കണ്ണുകളില്‍ വായിച്ചെടുക്കാനാകും.

യാത്രയില്‍ ചേരുന്ന രാജ്യം
സംവിധാന്‍ യാത്രയില്‍ പ്രവര്‍ത്തകര്‍ രാജ്യമൊന്നാകെ സഞ്ചരിച്ചെത്തിയത് പതിനൊന്നായിരം കിലോമീറ്റര്‍ ദൂരമാണ്. കടന്നു പോയത് 22 സംസ്ഥാനങ്ങള്‍. പത്തിരുപത് ഭാഷകള്‍, വ്യത്യസ്ത ജന സമൂഹങ്ങള്‍, പല മതങ്ങള്‍, പലതരം ആശയങ്ങള്‍, വൈവിധ്യങ്ങള്‍ നിറഞ്ഞ കാഴ്ചപ്പാടുകള്‍. മനുഷ്യരെ തൊട്ടു തൊട്ട് സഞ്ചരിക്കുകയായിരുന്നു സംവിധാന്‍ യാത്ര. 33 ദിവസമെടുത്തു കശ്മീരില്‍ നിന്ന് ബെംഗളൂരു എത്താന്‍. എസ് എസ് എഫ് ദേശീയ കമ്മിറ്റി നടത്തിയ രണ്ടാമത്തെ ഭാരത പര്യടനം. വര്‍ഷങ്ങളായി എസ് എസ് എഫുണ്ട് കടന്നു പോന്ന വഴികളില്‍ പലയിടത്തും. പ്രവര്‍ത്തകരുണ്ട്. കാര്യാലയങ്ങളുണ്ട്. സംസ്ഥാന കമ്മിറ്റികള്‍ മുതല്‍ യൂനിറ്റ് കമ്മിറ്റികള്‍ വരെ സംഘടനാ സംവിധാനങ്ങള്‍ കെട്ടുറപ്പോടെ മുന്നോട്ട് പോകുന്ന ഇടങ്ങള്‍. എന്നാല്‍ സംവിധാന്‍ യാത്ര കുറേക്കൂടി ദുര്‍ഘടമെന്നു തോന്നുന്ന ഇടങ്ങളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചു. രാജ്യമെന്ന ആശയത്തെ തൊട്ടറിയാനുള്ള ശ്രമം. ആ ശ്രമങ്ങള്‍ക്ക് അഭൂതപൂര്‍വമായ പ്രതിഫലനങ്ങള്‍ ഉണ്ടായി. ഗോള്‍ഡന്‍ ഫിഫ്റ്റി എന്ന ആശയത്തിന്റെ പ്രയോഗ വഴികളില്‍ സ്വാഭാവികമായി സംഭവിച്ചേക്കാവുന്ന ഒരു ക്രമപ്രശ്നം അസ്വസ്ഥതയായി കൂടെ ഉണ്ടായിരുന്നു. അമ്പത് വര്‍ഷം എസ് എസ് എഫ് നടന്നെത്തിയ ദൂരത്തേക്ക് എങ്ങനെയാണവര്‍ ഓടിയെത്തുക എന്ന പ്രതിസന്ധി. 1973ല്‍ കേരളത്തില്‍ ആരംഭിച്ച ഒരു മൂവ്മെന്റ് അമ്പത് വര്‍ഷത്തിനിപ്പുറം രാജ്യം മുഴുവന്‍ പടര്‍ന്നു കയറുക എന്ന ലക്ഷ്യത്തിലെ പ്രായോഗിക വൈഷമ്യങ്ങള്‍. എന്നാല്‍ അവിടങ്ങളില്‍ വലിയ സാധ്യതകള്‍ ബാക്കിയിരിപ്പുണ്ടായിരുന്നു. പൂര്‍വപ്രതാപങ്ങളുടെ ഉജ്വലമായ ഊര്‍ജം എല്ലാ ആശങ്കകളെയും തകര്‍ത്തെറിഞ്ഞു. വെളിച്ചത്തിന്റെ ഒരു തരി ലഭിച്ചാല്‍ ആയിരം മടങ്ങുകളായി അതിനെ പ്രതിഫലിപ്പിക്കാനുള്ള ദര്‍പ്പണങ്ങള്‍ കണക്കെ ആ ദേശങ്ങള്‍ പ്രതികരിക്കുന്ന കാഴ്ചകള്‍. എസ് എസ് എഫ് എന്ന ആശയ സഞ്ചാരത്തിന്റെ കൂടെ അതി വേഗം ഓടിയെത്തി ആ ഗ്രാമങ്ങള്‍. പ്രബോധകരുടെ മുന്നില്‍ തുറന്നു വന്നത് അനിവാര്യതകളുടെയും സാധ്യതകളുടെയും പുതിയ വഴികള്‍. എസ് എസ് എഫ് എന്ന ആശയ ദൗത്യം മനോഹരമായൊരു ക്യാന്‍വാസിലെ ഇനിയും വരക്കാത്ത ചിത്രങ്ങളുടെ ചായങ്ങളായി നമുക്ക് മുന്നില്‍ നിരന്നൊഴുകുന്നു.
(തുടരും)

 

Latest