Articles
കരുത്തറിയിച്ച് അണ്‍എയ്ഡഡ് സ്‌കൂളുകളും
അണ്‍എയ്ഡഡ് സ്‌കൂളുകള്‍ നടത്തിയ മുന്നേറ്റം കേരള വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിട്ടുള്ളത്. പ്രതിഭാധനരായ അനേകം വിദ്യാര്‍ഥികളെ സൃഷ്ടിച്ചതിന്റെ ഒരു പങ്ക് സ്വകാര്യ-അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കും അവകാശപ്പെട്ടതാണ്. ഇവരില്‍ മികച്ച ബ്യൂറോക്രാറ്റുകളും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും റിസര്‍ച്ച് സ്‌കോളേഴ്സും ഉള്‍പ്പെടുന്നു.
കേരളത്തില്‍ സ്വകാര്യ സ്‌കൂളുകള്‍ സ്ഥാപിക്കപ്പെടുന്നത് എണ്‍പതുകളിലാണ്. വിവിധ സാമുദായിക സംഘടനകളുടെ ശ്രമഫലമായിട്ടാണ് കേരളത്തില്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ വ്യാപകമാകുന്നത്. തൊണ്ണൂറുകള്‍ ആയപ്പോഴേക്കും സ്വകാര്യ വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെട്ടു. മികച്ച വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തില്‍ ഉണര്‍വോടെ പ്രവര്‍ത്തിച്ച ഈ പ്രസ്ഥാനങ്ങള്‍ ഇന്ന് വളര്‍ച്ചയുടെ ഉന്നതിയിലാണ്.
ഒട്ടുമിക്ക സ്വകാര്യ സ്‌കൂളുകളുടെയും പാഠ്യ പദ്ധതിയില്‍ റോബോട്ടിക്‌സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ജീനോം എഡിറ്റിംഗ്, ബിഗ് ഡാറ്റ, ജിയോ എന്‍ജിനീയറിംഗ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് പ്രധാനമായും മൂന്ന് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാം.
1. ക്വാളിറ്റി എജ്യുക്കേഷന്‍
ഗുണനിലവാരമുള്ള അധ്യാപകരെ നിയമിക്കുന്നതിലൂടെയും മികച്ച സിലബസ് തിരഞ്ഞെടുക്കുന്നതിലൂടെയും അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ക്വാളിറ്റിയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നു. പരീക്ഷകളിലെ ഉദാര സമീപനവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും വിദ്യാര്‍ഥികളെ പിറകോട്ടു വലിക്കുന്നതിനാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന അണ്‍എയ്ഡഡ് മേഖലയിലേക്ക് വിദ്യാര്‍ഥികളുടെ താത്പര്യം എക്കാലത്തും കൂടുതലാണ്. മികച്ച പഠനത്തോടൊപ്പം നേതൃപാടവം, ചിന്താശേഷി, സാംസ്‌കാരികാവബോധം, സ്വഭാവ രൂപവത്കരണം എന്നിവ സ്‌കൂള്‍ തലത്തില്‍തന്നെ ലഭ്യമായതുകൊണ്ട് രാജ്യത്തിന്റെ തലവര മാറ്റിവരക്കുന്ന മികവുറ്റ വിദ്യാര്‍ഥികളെ സൃഷ്ടിക്കാന്‍ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് സാധിക്കുന്നു.
2. മികവുള്ള അടിസ്ഥാന സൗകര്യം
മത്സരങ്ങളുടെ ലോകത്ത് വിദ്യാര്‍ഥികള്‍ക്ക് വിജയിക്കണമെങ്കില്‍ മികച്ച സൗകര്യങ്ങള്‍ അത്യന്താപേക്ഷിതമാണ്. ആധുനിക ക്ലാസ്സ് മുറികള്‍, ലാബുകള്‍, ബൃഹത്തായ ലൈബ്രറികള്‍, കായിക സൗകര്യങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍, സുഖപ്രദമായ റസിഡന്‍ഷ്യല്‍ സൗകര്യങ്ങള്‍ തുടങ്ങിയ സമഗ്രമായ സംവിധാനങ്ങള്‍ നിപുണരായ വിദ്യാര്‍ഥികളെ സൃഷ്ടിക്കുന്നു. കേന്ദ്രീകൃത പഠനത്തിനും വ്യക്തിഗത വളര്‍ച്ചക്കും അനുയോജ്യമായ അന്തരീക്ഷവും ഉറപ്പു വരുത്തുന്നു. ലാഭേച്ഛകളേതുമില്ലാതെ സമുദായത്തിന്റെയും സമൂഹത്തിന്റെയും ഉന്നമനത്തിനായി അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളും പാഠ്യപദ്ധതികളും ആവിഷ്‌കരിച്ച് മുന്നേറുകയാണ് ഇത്തരം സംവിധാനങ്ങള്‍.
3. മത്സര പരീക്ഷാ, നൈപുണി പരിശീലനങ്ങള്‍
ദേശീയ-അന്തര്‍ദേശീയ തലത്തിലെ മത്സരപ്പരീക്ഷകളില്‍ മികവു തെളിയിക്കുന്ന വിദ്യാര്‍ഥികളില്‍ വലിയൊരു ശതമാനം സി ബി എസ് സി സ്‌കൂള്‍ വിദ്യാര്‍ഥികളായിരിക്കും. അണ്‍എയ്ഡഡ് സ്‌കൂളുകളുടെ ഗണത്തില്‍ ഏറ്റവും കൂടുതല്‍ സി ബി എസ് സി സ്‌കൂളുകളാണ്. സ്‌കൂള്‍ തലത്തില്‍ തന്നെ പകര്‍ന്നു കിട്ടിയ പരിശീലന പാഠങ്ങളാണ് ഇത്തരം മുന്നേറ്റങ്ങള്‍ക്ക് അവരെ പ്രാപ്തരാക്കുന്നത്. റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള സാങ്കേതിക, കായിക, ക്രിയാത്മക നൈപുണികള്‍ സ്വായത്തമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഈയടുത്തായി അണ്‍എയ്ഡഡ് സ്‌കൂളുകള്‍ വലിയ ശ്രദ്ധ നല്‍കുന്നുണ്ട്.
ഐ എ എം ഇയുടെ
മുന്നേറ്റം
400ലധികം ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കോണ്‍ഫെഡറേഷനാണ് ഐഡിയല്‍ അസ്സോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുക്കേഷന്‍ (ഐ എ എം ഇ). ഇതിന് രണ്ട് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസ പാരമ്പര്യം പറയാനുണ്ട്. പാഠ്യ, പാഠ്യേതര മുന്നേറ്റങ്ങളില്‍ ഐ എ എം ഇ വിദ്യാര്‍ഥികള്‍ സ്ഥിരമായി ഇടം പിടിക്കുന്നതിനു കാരണം മികച്ച നിലവാരമുള്ള പാഠ്യപദ്ധതിയും ഫ്യൂച്ചര്‍ വിഷനുമാണ്. സാമൂഹിക-വിദ്യാഭ്യാസ പരിപാടികളിലൂടെ താഴേത്തട്ടിലുള്ള വിദ്യാര്‍ഥികളെ കൂടി ഉയര്‍ത്തുക എന്നതാണ് ഐ എ എം ഇയുടെ സ്ഥാപിത ലക്ഷ്യം. ആഗോള നിലവാരമുള്ള പാഠ്യപദ്ധതിയാണ് ഐ എ എം ഇയുടേത്. സ്വകാര്യ സ്‌കൂളുകള്‍ നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ ഐ എ എം ഇയുടെ പങ്ക് പ്രകടമാണ്. വലിയ പ്രതീക്ഷയും സ്വപ്നങ്ങളുമായി ഇന്ന് വിദ്യാലയങ്ങളിലേക്ക് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്ല ഭാവി നേരുന്നു.