students& private bus
വിദ്യാര്‍ഥികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു
ഉടമകള്‍ക്കെതിരേയും കേസ്; കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചത് 25ഓളം ബസുകള്‍ക്ക്

കൊച്ചി | വിദ്യാര്‍ഥികളെ കയറ്റാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും ബസുകളിലെ പരിശോധന കര്‍ശനമാക്കും.
വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കാതിരിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക, വിദ്യാര്‍ഥികളോട് മോശമായി പെരുമാറുക തുടങ്ങിയ പരാതികള്‍ വര്‍ധിച്ചതിന് പിന്നാലെയാണ് നിരീക്ഷണം ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ഇത്തരം പരാതി ശ്രദ്ധയില്‍പ്പെട്ടാല്‍ കേസെടുത്ത് നടപടി സ്വീകരിക്കും.
ബസില്‍ നിന്നും ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായാല്‍ വിദ്യാര്‍തികള്‍ക്ക് പരാതി നല്‍കാന്‍ സാധിക്കുമെന്നും എം വി ഡി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിലോ പോലീസിലോ പരാതി നല്‍കാം. പരാതി ലഭിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മാത്രം 25ഓളം ബസുകള്‍ക്കെതിരെ പിഴ ചുമത്തുന്നതടക്കമുള്ള നടപടികളെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാതെ ജോലി ചെയ്ത കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്.