International
അതിർത്തി കടന്നുള്ള ഭീകരതക്ക് എതിരെ കർശന നടപടി തുടരും: കേന്ദ്ര വിദേശകാര്യ മന്ത്രി
കൊളോണിയലിസം ഇന്ത്യയെ ദരിദ്ര രാജ്യമാക്കിയെന്നും എന്നാൽ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും എസ് ജയശങ്കർ
യുണൈറ്റഡ് നാഷൻസ് | അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ കർശന നടപടി എന്ന നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരതയുടെ ആഘാതം ഇന്ത്യ നേരിടുന്നുവെന്നും ഭീകരവാദത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പുരോഗതിയുടെ പാതയിലാണെന്ന് ഡോ.ജയ്‌ശങ്കർ പറഞ്ഞു. അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 75 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയെ വിദേശകാര്യ മന്ത്രി അഭിനന്ദിച്ചു.
കൊളോണിയലിസം ഇന്ത്യയെ ദരിദ്ര രാജ്യമാക്കിയെന്നും എന്നാൽ ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം രാജ്യങ്ങളെ സഹായിച്ച ഇന്ത്യയുടെ കൊവിഡ് വാക്സിൻ സംരംഭത്തെക്കുറിച്ചും ഡോ. ജയശങ്കർ പ്രതിബാധിച്ചു. വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുമായും ഇന്ത്യ പങ്കാളിത്തം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉടമ്പടിയും പാരീസ് ഉടമ്പടിയും അനുസരിച്ച് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയോടും അതിന്റെ പ്രഖ്യാപനത്തോടും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. ലോകത്തിന്റെ മുഴുവൻ നല്ല ഭാവിക്കായി ഐക്യരാഷ്ട്രസഭയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് ഇന്ത്യ തുടരുമെന്നും അദ്ദേഹം പറഞ്ഞു.