Connect with us

Kerala

കാസ്പ് പദ്ധതിയില്‍ വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

സേവനങ്ങള്‍ സൗജന്യമായി എം പാനല്‍ഡ് ആശുപത്രികളില്‍ ലഭ്യമാണ്

Published

|

Last Updated

പത്തനംതിട്ട  | കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) വ്യാജമായി പേര് ചേര്‍ക്കുന്നവര്‍ക്കെതിരെയും വ്യാജ കാര്‍ഡുണ്ടാക്കി വിതരണം നടത്തുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം കാര്‍ഡുകള്‍ ഉപയോഗിച്ചാല്‍ ചികിത്സാ ആനുകൂല്യം ലഭ്യമാകുന്നതല്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് കാസ്പ്. പദ്ധതിയില്‍ അംഗങ്ങളായ 581 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇത്തരത്തില്‍ എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുള്ള കാസ്പ് കിയോസ്‌ക്കുകള്‍ മുഖേന മാത്രമാണ് പദ്ധതിയുടെ അനുബന്ധ സേവനങ്ങള്‍ ലഭ്യമാകുന്നത്. എന്നാല്‍ അനധികൃതമായി പ്രാദേശികമായി സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ മുഖേന പുതിയ അംഗങ്ങളെ ചേര്‍ക്കുന്നുവെന്നും, കാര്‍ഡ് പുതുക്കി നല്‍കുന്നുവെന്നും, തെറ്റായ സന്ദേശം പ്രചരിപ്പിച്ച് വ്യാജ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കി പണം കൈപ്പറ്റുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്തു നല്‍കുന്നത് നിയമവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതിയില്‍ ഗുണഭോക്താക്കളെ പുതുതായി ഉള്‍പെടുത്താനോ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയോ സര്‍ക്കാരോ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ല. ആയതിനാല്‍ തന്നെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധമായ എന്റോള്‍മെന്റ് ക്യാമ്പുകളില്‍ പങ്കെടുക്കരുത്. ഇത്തരത്തില്‍ പണം നല്‍കി കാര്‍ഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

 

Latest