Kerala
പെരിയാറില്‍ മത്സ്യക്കുരുതിയ്ക്ക് കാരണം രാസവസ്തുവെങ്കില്‍ കര്‍ശന നടപടി; മന്ത്രി പി രാജീവ്
ഒരു തരത്തിലും മലിനീകരണം ഉണ്ടാകരുതെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാടെന്നും നഷ്ടം നികത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊച്ചി | പെരിയാറില്‍ മത്സ്യക്കുരുതിയില്‍ ശാസ്ത്രീയ റിപ്പാര്‍ട്ടുകള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണം രാസമാലിന്യമാണോ ജൈവ മാലിന്യമാണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഏതെങ്കിലും തരത്തില്‍ രാസമാലിന്യ സാന്നിധ്യം കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തീരുമാനം.ഒരു തരത്തിലും മലിനീകരണം ഉണ്ടാകരുതെന്നാണ് വ്യവസായ വകുപ്പിന്റെ നിലപാടെന്നും നഷ്ടം നികത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ഉന്നത ഉദ്യേഗസ്ഥന് ചുമതല കൊടുക്കുന്നത് പരിഗണനയിലാണെന്നും പെരിയാര്‍ അതോറിറ്റി അഥവാ പുഴകള്‍ക്കായി അതോറിറ്റി എന്ന ആലോചന സജീവമാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.